by webdesk2 on | 23-02-2025 07:26:39 Last Updated by webdesk3
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി വത്തിക്കാന്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമെന്നും ശ്വാസതടസമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍. ശ്വാസകോശ അണുബാധ മൂലം ഒന്‍പത് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലാണ് മാര്‍പാപ്പ.
കഴിഞ്ഞ ദിവസം അല്‍പം മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്നലെ രാവിലെ സ്ഥിതി പെട്ടെന്നു മോശമാകുമായിരുന്നെന്നു. തുടര്‍ച്ചയായി ശ്വാസംമുട്ടലുണ്ടായി. ഓക്‌സിജന്‍ നല്‍കേണ്ടി വന്നു. തുടര്‍ന്നു നടത്തിയ പരിശോധനകളില്‍ രക്തത്തില്‍ പ്ലേറ്റ്ലെറ്റ് അളവു കുറഞ്ഞതുമൂലമുള്ള വിളര്‍ച്ചയും സ്ഥിരീകരിച്ചു. ഇതിനു പ്രതിവിധിയായി രക്തം നല്‍കി.
88 വയസ്സുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയെ ബ്രോങ്കൈറ്റിസ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കഴിഞ്ഞ 14-ാം തീയതിയാണ് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് നടത്തിയ വൈദ്യപരിശോധനയില്‍ ശ്വാസകോശത്തില്‍ ന്യുമോണിയ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇതേസമയം, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യത്തിനായി എല്ലാ രൂപതകളിലും ഇടവകകളിലും പ്രത്യേക പ്രാര്‍ഥന നടത്തണമെന്ന് സിബിസിഐ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആഹ്വാനം ചെയ്തു.