by webdesk2 on | 22-02-2025 07:09:57
കൊച്ചി: കേരളത്തിന്റെ വ്യാവസായിക വികസനത്തിന് കുതിപ്പേകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി ഇന്ന് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് നേതാവും മുന്‍ വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി ചടങ്ങില്‍ പങ്കെടുക്കും.
ഇന്ന് കൂടുതല്‍ നിക്ഷേപങ്ങള്‍ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും നിക്ഷേപകരുമായി ഇന്നും ചര്‍ച്ചകള്‍ നടത്തും. അദാനി ഗ്രൂപ്പ് അടക്കമുള്ള കമ്പനികള്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 33,000 കോടി രൂപയോളം വരുന്ന നിക്ഷേപങ്ങളാണ് വിവിധ വ്യവസായ ശൃംഖലകള്‍ പ്രഖ്യപിച്ചത്.
ഇന്ന് കേരളത്തിലേക്കുള്ള വന്‍കിട നിക്ഷേപക പദ്ധതികളുടെ പ്രഖ്യാപനം ഉണ്ടാകും.കേരളം 2047 എന്ന സെക്ഷനോടുകൂടിയാകും നിക്ഷേപക സംഗമം അവസാനിക്കുക. മലേഷ്യ, ഫ്രാന്‍സ് രാജ്യങ്ങളുടെ പങ്കാളിത്തം ഇന്നത്തെ നിക്ഷേപക സംഗമത്തില്‍ ഉണ്ടാകും.
കേരളത്തില്‍ നിക്ഷേപം നടത്താന്‍ കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ ഉച്ചകോടിയുടെ വേദിയില്‍ പ്രഖ്യാപിച്ചിരുന്നു. ടൂറിസം മേഖലയിലും നിര്‍മ്മാണ മേഖലയിലും കേരളം മുന്നോട്ട് കുതിക്കുകയാണെന്നും പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രിമാരും വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും ഉള്‍പ്പെടെ മൂവായിരത്തിലേറെ പ്രതിനിധികള്‍ രണ്ട് ദിവസത്തെ സമ്മിറ്റില്‍ പങ്കെടുക്കുന്നുണ്ട്.