by webdesk3 on | 21-02-2025 02:33:41 Last Updated by webdesk3
ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ ഏറ്റവും കൊട്ടിഘോഷിക്കപ്പെട്ട കോവിഡ് പ്രതിരോധം ഏറ്റവും ഫലപ്രദമായി നടപ്പിലാക്കാന്‍ ആ ദുരിതകാലത്ത് കയ്യും മെയ്യും മറന്ന് രംഗത്തിറങ്ങിയവരാണ് ആശാവര്‍ക്കര്‍മാര്‍. അവര്‍ ചെയ്ത കഠിനാധ്വാനത്തിന്റെയും നന്മയുടെയും ഫലം പലരും നല്ല പി ആര്‍ വര്‍ക്കിലൂടെ അടിച്ചു കൊണ്ടുപോയി എന്നത് വേറെ കാര്യം. കഴിഞ്ഞ മൂന്നുമാസമായി അവരുടെ സേവനത്തിന് ഒരു രൂപ പോലും പ്രതിഫലം കിട്ടുന്നില്ല. ഈ വിഷയത്തില്‍ സംസ്ഥാനവും കേന്ദ്രവും പരസ്പരം കൈ കഴുകി രക്ഷപ്പെടുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ ആകെ എണ്ണം ഏതാണ്ട് 26,000. ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസം നല്‍കേണ്ടുന്ന ഓണറേറിയം 7,000 രൂപ വീതം. കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ടുന്ന ഇന്‍സെന്റീവ് 2,000 വീതം. ഈ ഓണറേറിയമാണ് ഇപ്പോള്‍ 3 മാസം കുടിശ്ശികയായിരിക്കുന്നത്. അത് നല്‍കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി ദിവസമായി ആശാ വര്‍ക്കര്‍മാര്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്. കണക്കു വെച്ചു നോക്കിയാല്‍ പ്രതിമാസം 18 കോടി രൂപയാണ് ഇവരുടെ ഒരു മാസത്തെ ശമ്പളത്തിന് മൊത്തം വേണ്ടത്. മൂന്നു മാസത്തെ കുടിശിഖ തീര്‍ക്കാന്‍ എതാണ്ട് 54 കോടി മതി. ഈ തുക നല്‍കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. മറ്റു സംസ്ഥാനങ്ങളില്‍ ഇത്ര ശമ്പളമില്ലെന്നും ഒക്കെ സര്‍ക്കാര്‍ ന്യായങ്ങള്‍ മുന്നോട്ടു വെക്കുന്നു.
പക്ഷേ സര്‍ക്കാര്‍ മനസിലാക്കണ്ട പ്രധാന കാര്യം മറ്റു സംസ്ഥാനങ്ങളില്‍ ആശാവര്‍ക്കര്‍മാര്‍ ചെയ്യുന്ന ജോലിയല്ല ഇവിടെ അവര്‍ ചെയ്യുന്നത്. കേരളത്തിന്റെ കൊട്ടിഘോഷിക്കപ്പെട്ട ആരോഗ്യ രംഗം സുഭദ്രമായി മുന്നോട്ടു കൊണ്ടു പോകുന്നത് അവരാണ്. അവരെ വേദനിപ്പിക്കുകയെന്നാല്‍ അതീവ ക്രൂരതയാണ്. പിഎസ് സി അംഗങ്ങള്‍ക്കു വേണ്ടി ലക്ഷക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ശമ്പളവര്‍ധനവ് നടത്തിയത്. ഇതിന്റെ നൂറിലൊന്ന് ശുഷ്‌കാന്തി ആശാവര്‍ക്കര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാട്ടുന്നില്ല. ചെയ്ത ജോലിക്കുള്ള കൂലിക്കു വേണ്ടിയുള്ള അവരുടെ ഈ ധര്‍മ്മ സമരത്തിന് ഞങ്ങളുടെ പിന്തുണയുണ്ടാകും. കേരളത്തിന്റെ മൊത്തം പിന്തുണയുണ്ടാകും എന്നും രമേശ് ചെന്നിത്തല പറഞ്ഞു.