by webdesk2 on | 21-02-2025 11:19:25 Last Updated by webdesk3
അഹമ്മദാബാദ്: രഞ്ജി ട്രോഫിയില്‍ ചരിത്രം കുറിച്ച് കേരളം ഫൈനലില്‍. ഗുജറാത്തിനെതിരായ സെമിയില്‍ രണ്ട് റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിലേക്ക് ടിക്കറ്റെടുത്തു. കേരളം ഫൈനലില്‍ എത്തുന്നത് ചരിത്രത്തില്‍ ആദ്യമാണ്. മുംബൈ- വിദര്‍ഭ രണ്ടാം സെമി ഫൈനലിലെ വിജയികളെയാകും കേരളം നേരിടുക.
സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ രണ്ട് റണ്‍സിന്റെ നിര്‍ണ്ണായക ലീഡ് സ്വന്തമാക്കിയതോടെയാണ് കേരളം ഏറെക്കുറെ ഫൈനല്‍ ഉറപ്പിച്ചത്. ഗുജറാത്തിന്റെ ആദ്യ ഇന്നിങ്‌സ് 455 അവസാനിക്കുകയായിരുന്നു. നേരത്തെ കേരളം ആദ്യ ഇന്നിങ്‌സില്‍ 457 റണ്‍സ് നേടിയിരുന്നു.
കേരളത്തിന്റ് ആദ്യ ഇന്നിങ്‌സ് ലീഡ് മറികടന്ന് ലീഡ് നേടാന്‍ മൂന്ന് വിക്കറ്റ് ശേഷിക്കെ ഗുജറാത്തിന് 29 റണ്‍സ് കൂടി മതിയായിരുന്നു. എന്നാല്‍ കളി തുടങ്ങി ഏഴ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ അപകടകാരിയായ ജയ്മീത് പട്ടേലിനെ മടക്കി ആദിത്യ സര്‍വാടെ കേരളത്തിന് നിര്‍ണ്ണായക വഴിത്തിരിവ് സമ്മാനിച്ചു. 79 റണ്‍സെടുത്ത ജയ്മീത് പട്ടേലിനെ സര്‍വാടെയുടെ പന്തില്‍ മൊഹമ്മദ് അസറുദ്ദീന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.
മറുവശത്ത് ഉറച്ച് നിന്ന സിദ്ദാര്‍ഥ് ദേശായിയെയും അര്‍സന്‍ നാഗസ്വെല്ലയെയും കൂടി സര്‍വാടെ തന്നെ പുറത്താക്കിയതോടെയാണ് കേരളം നിര്‍ണ്ണായകമായ രണ്ട് റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയത്. ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനെതിരെ നിര്‍ണ്ണായകമായ ഒരു റണ്ണിന്റെ ലീഡിലായിരുന്നു കേരളം സെമിയിലേക്ക് മുന്നേറിയത്. ഇപ്പോള്‍ രണ്ട് റണ്‍സിന്റെ ലീഡുമായി ഫൈനലും ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. കേരളത്തിന് വേണ്ടി ജലജ് സക്‌സേനയും ആദിത്യ സര്‍വാടെയും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ബേസില്‍ എന്‍ പിയും നിധീഷ് എം ഡിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.