by webdesk2 on | 20-02-2025 08:38:54 Last Updated by webdesk3
എറണാകുളം: അതിരപ്പിള്ളിയില്‍ നിന്ന് കോടനാട്ടെത്തിച്ച മസ്തകത്തിന് പരുക്കേറ്റ കാട്ടാനയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലെന്ന് വനംവകുപ്പ്. സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യത 30 ശതമാനം മാത്രമാണെന്നും ആരോഗ്യസ്ഥിതി അതേ നിലയില്‍ തന്നെ തുടരുന്നുവെന്നും വനംവകുപ്പ് അറിയിച്ചു.
ആഴത്തിലുള്ള മുറിവാണെന്നും മുറിവ് പുഴുവരിച്ച നിലയിലാണെന്നും ആനയെ ഇന്നലെ പരിശോധിച്ചതിന് ശേഷം അരുണ്‍ സക്കറിയ പറഞ്ഞിരുന്നു. ചികിത്സ നല്‍കുന്ന ദൗത്യം പൂര്‍ണവിജയമെന്ന് പറയാനായിട്ടില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഡോക്ടര്‍ അരുണ്‍ സക്കറിയ ഇന്നും ആനയെ പരിശോധിക്കും.
പ്രത്യേകം തയാറാക്കിയ കൂട്ടില്‍ ആന ശാന്തനായി തുടരുകയാണെന്ന് വനംവകുപ്പ് അറിയിച്ചു. ഇലകളും പുല്ലുകളും കഴിച്ചുതുടങ്ങിയിട്ടുണ്ട്. ഇത് ശുഭസൂചന നല്‍കുന്നുവെന്നാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നത്. ഒന്നര മാസത്തോളം ആനയ്ക്ക് ചികിത്സ നല്‍കേണ്ടി വരും. ആനയ്ക്ക് നല്‍കേണ്ട ചികിത്സയെ കുറിച്ച് പ്രത്യേക മെഡിക്കല്‍ സംഘം മാര്‍ഗരേഖയുണ്ടാക്കും.