by webdesk2 on | 20-02-2025 08:35:52
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മാര്‍പാപ്പയുടെ ലാബ് പരിശോധനാഫലങ്ങളില്‍ നേരിയ പുരോഗതിയുള്ളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. അണുബാധ മൂലം സ്ഥിതി സങ്കീര്‍ണമാണെങ്കിലും പുരോഗതിയുണ്ടെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതായി വത്തിക്കാന്‍ വക്താവ് മറ്റിയോ ബ്രൂണി അറിയിച്ചു.
ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചിട്ടുണ്ടെങ്കിലും മാര്‍പാപ്പ തനിയെ എഴുന്നേറ്റിരുന്നു പ്രഭാതഭക്ഷണം കഴിച്ചതായി വത്തിക്കാന്‍ അറിയിച്ചു. യന്ത്രസഹായമില്ലാതെ ശ്വസിക്കുകയും രാത്രി നന്നായി ഉറങ്ങുകയും ചെയ്തു. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കു നന്ദി അറിയിച്ചിട്ടുമുണ്ട്. അതെസമയം ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി മാര്‍പാപ്പയെ സന്ദര്‍ശിച്ചു. 20 മിനിറ്റോളം അവര്‍ ആശുപത്രിയില്‍ ചെലവഴിച്ചു.
ശ്വാസതടസ്സം മൂലം കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെത്തി രോഗസൗഖ്യത്തിനായി ആയിരങ്ങള്‍ പ്രാര്‍ഥിച്ചു. മാര്‍പാപ്പ ആശുപത്രി വിടുംവരെ വിശ്വാസികള്‍ പ്രത്യേകം പ്രാര്‍ഥിക്കണമെന്നു സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അഭ്യര്‍ഥിച്ചു.