by webdesk3 on | 19-02-2025 03:33:31 Last Updated by webdesk3
നെന്മാര ഇരട്ടക്കൊലപാതക കേസില്‍ കുറ്റസമ്മത മൊഴി നല്‍കാന്‍ വിസമ്മതിച്ച് പ്രതി ചെന്താമര. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ചെന്താമര നിലപാട് മാറ്റിയിരിക്കുന്നത്. ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇന്ന് ഉച്ചക്ക് ശേഷം ചെന്താമരയെ ഹാജരാക്കിയത്.
എന്നാല്‍ ഇരട്ടക്കൊലക്കേസില്‍ രഹസ്യമൊഴി രേഖപ്പെടുത്താനെത്തിയപ്പോള്‍ രക്ഷപ്പെടണമെന്ന് ആഗ്രഹമില്ലെന്ന് അഭിഭാഷകനോട് പ്രതി പറഞ്ഞിരുന്നു. ചെയ്തത് തെറ്റ് തന്നെയാണെന്നും ചെന്താമര പറഞ്ഞു. എന്നാല്‍ അഭിഭാഷകനോട് സംസാരിച്ചതിന് പിന്നാലെ ചെന്താമര നിലപാട് മാറ്റി. കുറ്റസമ്മത മൊഴി നല്‍കാന്‍ തയ്യാറല്ലെന്ന് ചെന്താമര നിലപാട് വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. അയല്‍വാസി കൂടിയായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയായിരുന്നു ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയായിരുന്നു സുധാകരനേയും ലക്ഷ്മിയേയും ചെന്താമര കൊന്നത്. ഇരട്ടക്കൊലയ്ക്ക് ശേഷം ഇയാള്‍ കാട്ടിലേയ്ക്ക് കടന്നിരുന്നു.