by webdesk3 on | 19-02-2025 12:20:11 Last Updated by webdesk3
സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തിവരുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് പൂര്‍ണ പിന്തുണ അറിയിച്ച് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സമരപന്തലില്‍ എത്തിയാണ് സമരക്കാര്‍ക്കുള്ള ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചത്. സമരപന്തലില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ അദ്ദേഹം വിമര്‍ശിച്ചു. സമരം അനാവശ്യമെന്ന് പറഞ്ഞ മന്ത്രി ആവശ്യവും അനാവശ്യവും തിരിച്ചറിയണം എന്നാണ് അദ്ദേഹം പറഞ്ഞത്.
ലോകത്ത് ഒരിടത്തും ആരും നമ്മുടെ ആശാവര്‍ക്കര്‍മാര്‍ ചെയ്തതുപോലുള്ള ജോലി ചെയ്തിട്ടില്ല കോവിഡ് കാലത്ത് എല്ലാവരും പുറത്തിറങ്ങാന്‍ മടിച്ച സമയത്ത് അവരാണ് ധൈര്യമായി മുന്നോട്ടു ഇറങ്ങിയത്. ആശാവര്‍ക്കര്‍മാര്‍ 10 ദിവസമായി നടത്തുന്ന സമരം ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നെ വിസ്മയിപ്പിച്ചു. കേരളത്തിലെ സ്ത്രീ സമരശക്തി എന്താണെന്ന് ഞാന്‍ അടക്കമുള്ള പൊതുപ്രവര്‍ത്തകരെ ഇവര്‍ ബോധ്യപ്പെടുത്തി എന്നും അദ്ദേഹം പറഞ്ഞു.
സദാസമയം ജോലിയില്‍ മുഴുകിയിരിക്കുന്ന ഇവരുടെ കഷ്ടപ്പാടിന് ന്യായമായ വേതനം നല്‍കണം. വീട്ടില്‍ പോയാല്‍ പോലും ഇവര്‍ക്ക് പണിയുണ്ട്. ഓണറേറിയം ഇരുപത്തൊന്നായിരം രൂപയായി ഉയര്‍ത്തണമെന്ന് ഇവരുടെ ആവശ്യം ന്യായമാണ്. വിരമിക്കല്‍ ആനുകൂല്യം എന്ന ഇവരുടെ ആവശ്യവും അംഗീകരിക്കാന്‍ തയ്യാറാകണം. വിരമിക്കാന്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കണമെന്നും സതീശന്‍ പറഞ്ഞു.