by webdesk2 on | 19-02-2025 12:01:03 Last Updated by webdesk3
കല്‍പറ്റ: വയനാട് കമ്പമലയില്‍ തീയിട്ട സംഭവത്തിലെ പ്രതി സുധീഷിനെ പിടികൂടിയത് അതിസാഹസികമായിട്ടാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ഒരേ സ്ഥലത്ത് അടുത്തടുത്ത രണ്ട് ദിവസങ്ങളില്‍ കാട്ടുതീ പടര്‍ന്നതോടെയാണ് ആരെങ്കിലും തീയിട്ടതാകാമെന്ന സംശയം വനംവകുപ്പിനുണ്ടായത്. ഇവിടെ സംശയകരമായി ആരെയെങ്കിലും കണ്ടാല്‍ അന്വേഷിക്കാന്‍ ഡിഎഫ്ഒ മാര്‍ട്ടന്‍ ലോവല്‍ കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ വൈകിട്ട് തീയണയ്ക്കുന്നതിനിടെയാണ് ദൗത്യസംഘം സുധിഷിനെ പിടികൂടുന്നത്.
വനത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്ന സുധീഷിനെ പിടികൂടാന്‍ മുത്തുമാരി ഭാഗത്ത് ഡിഎഫ്ഒ ഉള്‍പ്പെടെയുള്ളവര്‍ നിലയുറപ്പിച്ചിരുന്നു. ഇതുമനസ്സിലാക്കിയ സുധീഷ് അവിടെ നിലയുറപ്പിച്ച ആനക്കൂട്ടത്തെ മറയാക്കിയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ വനപാലകര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
കഞ്ചാവ് നട്ടുവളര്‍ത്തിയത് ഉള്‍പ്പെടെ മൂന്ന് കേസുകളില്‍ പ്രതിയാണ് പിടിയിലായ സുധീഷ്. കമ്പമലയില്‍ തീപിടുത്തത്തില്‍ 12 ഹെക്ടറാണ് കത്തി നശിച്ചത്. തീയണക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.