by webdesk2 on | 19-02-2025 08:20:54 Last Updated by webdesk3
അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടിവെച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു ആനയെ കുങ്കിയാനകളെ ഉപയോഗിച്ച് തുരത്തിയ ശേഷമാണ് വെടിവെച്ചത്. ആനയുടെ ആരോഗ്യത്തില്‍ ആശങ്ക ഉള്ളത് കൊണ്ടാണ് വെല്ലുവിളി ഏറ്റെടുത്ത് പെട്ടെന്ന് തന്നെ മയക്കുവെടിവെച്ചത്. ഇനി കുങ്കിയാനകളുടെ സഹായത്തോടെ കൊമ്പനെ ലോറിയില്‍ കയറ്റി കോടനാടുള്ള ആനക്കൂട്ടിലേക്ക് കൊണ്ടുപോകും.
ആനയെ കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്കാണ് മാറ്റുന്നത്. വെടിയേറ്റ് മയങ്ങിവീണ ആനയെ കുങ്കിയാനകളുടെ സഹായത്തോടെയാണ് എഴുന്നേല്‍പ്പിച്ചത്. മയങ്ങിക്കിടന്ന ആനയ്ക്ക് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. കോന്നി സുരേന്ദ്രന്‍, കുഞ്ചു, വിക്രം തുടങ്ങിയ കുങ്കിയാനകളാണു കൊമ്പനെ തളയ്ക്കുന്നതിനായി എത്തിയത്.
ആനയെ ചികിത്സിക്കുന്നതിനുള്ള രണ്ടാംഘട്ട ദൗത്യത്തിന്റെ ഭാഗമായി ഇന്നു രാവിലെയാണ് ദൗത്യം തുടങ്ങിയത്. വെറ്റിലപ്പാറയ്ക്ക് സമീപം എണ്ണപ്പനത്തോട്ടത്തിന് അരികിലായിരുന്നു ആന ഉണ്ടായിരുന്നത്. മുറിവേറ്റ കൊമ്പന്റെ അരികില്‍ മറ്റൊരു ആന കൂടി ഉണ്ടായിരുന്നു. ഇത് രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. കുങ്കിയാന നില്‍ക്കുന്ന സ്ഥലത്തേയ്ക്ക് ആനയെ എത്തിക്കാനായിരുന്നു ദൗത്യസംഘത്തിന്റെ ആദ്യ ശ്രമം.
ഉദ്യോഗസ്ഥര്‍ 5 ടീമുകളായി തിരിഞ്ഞാണു ദൗത്യം. ട്രാക്കിങ്, സപ്പോര്‍ട്ടിങ്, ഡാര്‍ട്ടിങ്, കുങ്കി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിങ്ങനെയാണ് ടീമുകളെ തരം തിരിച്ചത്. പ്ലാന്റേഷന്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ജനുവരി 15 മുതലാണ് മുറിവേറ്റ കൊമ്പനെ പ്ലാന്റേഷന്‍ എസ്റ്റേറ്റില്‍ കണ്ടുതുടങ്ങിയത്. 24ന് ആനയെ പിടികൂടി ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് മുറിവില്‍ പുഴുവരിച്ച നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തുടരാന്‍ തീരുമാനിച്ചത്.