by webdesk1 on | 29-01-2025 10:37:18 Last Updated by webdesk1
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയുടെ മൊഴിയിൽ ഞെട്ടി തരിച്ചിരിക്കുകയാണ് പോലീസ്. മൂന്ന് കൊലയ്ക്കു പിന്നാലെ മൂന്ന് പേരെക്കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തിയത്. അതിൽ ഒരാൾ ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ ഈ പോലീസ് ഉദ്യോഗസ്ഥൻ ആരാണെന്നു പ്രതി വെളിപ്പെടുത്തിയിട്ടില്ല.
സുധാകരന്റെ മരണം അബദ്ധത്തില്‍ സംഭവിച്ചത് എന്നായിരുന്നു ചെന്താമരയുടെ മൊഴി. പറമ്പിലേക്ക് പോകുകയായിരുന്ന തന്നെ സുധാകരന്‍ സ്‌കൂട്ടരുമായി വന്ന് ഇടിക്കാന്‍ ശ്രമിച്ചു. അബദ്ധത്തില്‍ തന്റെ കയ്യില്‍ ഉണ്ടായിരുന്ന വടിവാള്‍ സുധാകരന്റെ കഴുത്തിന് താഴെ മുറിഞ്ഞു. സുധാകരന്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ അങ്ങോട്ട് വെട്ടി. ലക്ഷ്മി ഇതിനെ എതിര്‍ക്കാന്‍ വന്നപ്പോള്‍ അവരെയും വെട്ടി എന്നാണ് സുധാകരന്റെ മൊഴി.
ഒളിവിൽ കഴിയവേ ആത്മഹത്യക്ക് ശ്രമിച്ചെന്നും ചെന്താമര പോലീസിനോട് പറഞ്ഞു. പിടിക്കപെടുമെന്നു കണ്ടപ്പോഴാണ് വിഷം കഴിച്ചത്. ഇതിനിടെ കാട്ടാന തന്നെ ആക്രമിക്കാൻ വന്നിരുന്നുവെന്നും പ്രതി മൊഴി നൽകി. കാട്ടനയുടെ നേരെ മുന്നില്‍ താന്‍ എത്തിയെങ്കിലും ആന ആക്രമിച്ചില്ല. മലക്ക് മുകളില്‍ പോലീസ് ഡ്രോണ്‍ പരിശോധന നടത്തിയത് കണ്ടു. ഡ്രോണ്‍ വരുമ്പോഴൊക്കെ മരങ്ങളുടെ താഴെ ഒളിച്ചു. പലതവണ നാട്ടുകാരുടെ തിരച്ചില്‍ സംഘത്തെ കണ്ടെന്നും പ്രതി വ്യക്തമാക്കി.
36 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ അതിനാടകീയമായാണ് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയിലായത്. മാട്ടായിയില്‍ കണ്ടത്ത് ചെന്താമര തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചതോടെ കാടരിച്ച് രാത്രിയിലും തിരച്ചില്‍ ആരംഭിച്ചു. പ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് ചെന്താമരയെ ആദ്യം കണ്ടത്. കാട്ടിലേക്ക് ഓടിമറയുക ആയിരുന്നുവെന്ന് ദൃക്‌സാക്ഷികാളായ കുട്ടികള്‍ പറഞ്ഞു.
പോലീസും നാട്ടുകാരും സംയുക്തമായി പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തി. ചെന്തമാര ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള ഇടങ്ങളെല്ലാം പരിശോധന നടത്തി. രാത്രി പത്തരയോടെയാണ് ചെന്താമരയെ പിടികൂടാനായത്. വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ പ്രതിയെ മഫ്തിയിലുള്ള സംഘം പിടികൂടുകയായിരുന്നു.
ചൊവാഴ്ച രാത്രി 1.30 നാണു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ അഞ്ചു പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ പ്രതിയെ ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാറ്റി. മാധ്യമങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ വാഹനങ്ങള്‍ പല കോണിലേക്ക് തിരിക്കുകയായിരുന്നു.