by webdesk1 on | 27-01-2025 09:01:51 Last Updated by webdesk1
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ റിക്കാര്‍ഡ് വിജയത്തിന് ശേഷം കോണ്‍ഗ്രസ് ബി.ജെ.പിക്ക് മുന്നിലേക്ക് ഒരു വെല്ലുവിളിവച്ചു. അതു പാലക്കാട് നഗരസഭാ ഭരണം പിടിച്ചെടുക്കും എന്നായിരുന്നു. പക്ഷെ കോണ്‍ഗ്രസ് അതിനുവേണ്ടി എന്തെങ്കിലും ചെയ്തു തുടങ്ങും മുന്‍പേ ഭരണം താലത്തില്‍ വെച്ചുനീട്ടുന്ന പ്രവര്‍ത്തികളാണ് ബി.ജെ.പിയുടെ ഭാഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിഭാഗീയതയുടെ പേരില്‍ നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ രാജി ഭീഷണി മുഴക്കിയിരിക്കുന്നതാണ് ഭരണം നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നത്.
ബി.ജെ.പി ജില്ലാ പ്രസിഡന്റായി സി.കൃഷ്ണകുമാര്‍ പക്ഷക്കാരനായ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ ജില്ല അധ്യക്ഷന്‍ ആക്കാനുള്ള തീരുമാനമാണ് പ്രതിസന്ധി തുടങ്ങിവച്ചത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തോട് ഇടഞ്ഞ ഒന്‍പത് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഇന്ന് പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് കൃഷ്ണകുമാറിന്റെ ബിനാമിയായ പ്രശാന്ത് ശിവനെ അംഗീകരിക്കില്ലെന്നാണ് ഇവരുടെ നിലപാട്.
മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് തിരഞ്ഞെടുപ്പ് നടന്നതെന്നാണ് വിമത ശബ്ദമുയര്‍ത്തുന്നവരുടെ ആക്ഷേപം. 45 നും 60 നു ഇടയില്‍ പ്രായമുള്ളവരെയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കേണ്ടത്. ചുരുങ്ങിയത് ആറ് വര്‍ഷം ബി.ജെ.പിയില്‍ സജീവാംഗത്വവും വേണം. 35 വയസ് മാത്രമുള്ള പ്രശാന്ത് ശിവനുള്ള. പ്രവര്‍ത്തിപരിചയമാകട്ടെ നാല് വര്‍ഷത്തില്‍ താഴെമാത്രമാണ്. മാത്രമല്ല കൂടുതല്‍ വോട്ട് ലഭിച്ചവരെ മാറ്റിനിര്‍ത്തിയാണ് തന്റെ പക്ഷക്കാരനെ കൃഷ്ണകുമാര്‍ തിരുകി കയറ്റിയതെന്ന ആക്ഷേപവും ഉണ്ട്.
രാജി കത്ത് നല്‍കുമെന്ന് ഭീഷണി മുഴക്കിയ കൗണ്‍സിലര്‍മാരില്‍ നഗരസഭ ചെയര്‍പേഴ്‌സണും ഉണ്ട്. തീരുമാനത്തില്‍ നിന്ന് സംസ്ഥാന നേതൃത്വം പിന്നോട്ട് പോയില്ലെങ്കില്‍ ഇന്ന് നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കും. ബി.ജെ.പിയിലെ പൊട്ടിത്തെറി അനുകൂല സാഹചര്യമാക്കാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ കോണ്‍ഗ്രസും ആരംഭിച്ചിട്ടുണ്ട്. സന്ദീപ് വാര്യറെ മുന്‍ നിര്‍ത്തിയുള്ള ഓപ്പറേഷനാണ് ആലോചിക്കുന്നത്. വിമതര്‍ നിലപാട് വ്യക്തമാക്കിയാല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി സംസാരിച്ച് നീക്കുപോക്ക് ഉണ്ടാക്കുമെന്ന് സന്ദീപ് വാര്യരും പ്രതികരിച്ചിട്ടുണ്ട്.
ആകെ 52 അംഗങ്ങളുളള നഗരസഭയില്‍ ബി.ജെ.പിക്ക് 28 അംഗങ്ങളാണുള്ളത്. യു.ഡി.എഫിന് 16, വെല്‍ഫെയര്‍ പാര്‍ട്ടി 1, എല്‍.ഡി.എഫ് 7 എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ അംഗബലം. വിമത ശബ്ദമുയര്‍ത്തിയ കൗണ്‍സിലര്‍മാര്‍ രാജിവെക്കുകയാണെങ്കില്‍ ബി.ജെ.പിയുടെ കക്ഷിനില 19 ആയി ചുരുങ്ങും. കേവല ഭൂരിപക്ഷത്തിന് 27 അംഗങ്ങള്‍ വേണം. രാജിവയ്ക്കുന്നവരെ ഒപ്പം കൂട്ടാനായാല്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുകയും ഭരണത്തിലെത്താന്‍ സാഹചര്യം ഒരുങ്ങുകയും ചെയ്യും. സന്ദീപ് വാര്യരെ മുന്‍നിര്‍ത്തിയാകും ഇതിനുള്ള നീക്കം കോണ്‍ഗ്രസ് നടത്തുക.
പാലക്കാട് നഗരസഭയില്‍ ഒന്നും സംഭവിക്കില്ലെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് സംസ്ഥാന ഘടകം. കേന്ദ്രതീരുമാനത്തിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍ അവര്‍ പാര്‍ട്ടിക്ക് പുറത്തായിരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടേയും അനുമതിയോടെയാണ് എല്ലാ ജില്ലാ പ്രസിഡന്റുമാരെയും തീരുമാനിച്ചത്. സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിക്കുകയും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുക എന്നതിനപ്പുറം പാര്‍ട്ടി വിടാനുളള തീരുമാനം അംഗങ്ങള്‍ എടുക്കാനുള്ള സാധ്യത കുറവാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.