by webdesk1 on | 26-01-2025 07:50:59 Last Updated by webdesk1
ന്യൂഡല്‍ഹി: ഓരോ ഇന്ത്യക്കാരനും രാജ്യത്തോട് ആദരവ് പ്രകടിപ്പിക്കാനുള്ള ദിവസമാണിത്. ഇന്ത്യ പരമാധികാര റിപ്പബ്ലിക് ആയിട്ട് ഇന്നേക്ക് 76 വര്‍ഷം പൂര്‍ത്തിയാക്കുന്നു. രാജ്യത്തിന്റെ റിപ്പബ്ലിക്ദിന ആഘോഷത്തിനായി രാജ്യ തലസ്ഥാനം ഒരുങ്ങി കഴിഞ്ഞു. റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥി ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയാണ്. ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനത്തിലും ഇന്തോനേഷ്യന്‍ പ്രതിനിധിയായിരുന്നു മുഖ്യാതിഥി. ഏഴര പതിറ്റാണ്ടിനിപ്പുറവും വീണ്ടും ചരിത്രം ആവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്.
കര-വ്യോമ-നാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങളാണ് റിപ്പബ്ലിക് ദിന പരേഡിനൊപ്പം അണിനിരക്കുക. കര്‍ത്തവ്യപഥില്‍ ഇന്ത്യന്‍ സൈനികശക്തിയുടെ കരുത്ത് നാളെ ലോകമറിയും. റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യതലസ്ഥാനത്തും കൂടുതല്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം ആര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. കര-വ്യോമ-നാവിക സേനകളുടെ ശക്തിപ്രകടനത്തിനൊപ്പം 5000 കലാകാരന്മാരും കര്‍ത്തവ്യപഥില്‍ കലാവിരുന്ന് ഒരുക്കും. ഇത്തവണ 352 പേരടങ്ങുന്ന ഇന്തോനേഷ്യന്‍ കരസേനയിലെ സൈനികരും റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കും.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സംസ്ഥാന തല റിപ്പബ്ലിക് ദിനാഘോഷം. ചടങ്ങില്‍ ഗവര്‍ണ്ണറോടൊപ്പം മുഖ്യമന്ത്രിയും പങ്കെടുക്കും. തുടര്‍ന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എന്‍.സി.സി, സ്‌കൗട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയും ചെയ്യും. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഭാരതീയ വായൂസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും.
ഭരണഘടനയില്‍ അന്തര്‍ലീനമായ മഹത്തായ മൂല്യങ്ങളും സാമ്രാജ്യ അടിമത്വത്തിനെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ പാരമ്പര്യവും സംരക്ഷിക്കാന്‍ ഓരോ ഇന്ത്യക്കാരനുമുള്ള ഉത്തരവാദിത്തമാണ് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മപ്പെടുത്തി. ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണ്. സമത്വവും നീതിയും മതനിരപേക്ഷതയും സാഹോദര്യവും പുലരുന്ന സമൂഹമായി ഉത്തരോത്തരം വളരാന്‍ നമുക്ക് കഴിയണമെന്നും ഏവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.