Infotainment Cinema

മലയാളക്കരയാകെ ചിരിമരുന്ന് സമ്മാനിച്ച സംവിധായകന്‍ ഷാഫി അന്തരിച്ചു: വിടവാങ്ങിയത് സാങ്ക്രിനെയും മായാവിയേയുമൊക്കെ സൃഷ്ടിച്ച അതുല്യകലാകാരന്‍

Axenews | മലയാളക്കരയാകെ ചിരിമരുന്ന് സമ്മാനിച്ച സംവിധായകന്‍ ഷാഫി അന്തരിച്ചു: വിടവാങ്ങിയത് സാങ്ക്രിനെയും മായാവിയേയുമൊക്കെ സൃഷ്ടിച്ച അതുല്യകലാകാരന്‍

by webdesk1 on | 26-01-2025 07:17:48 Last Updated by webdesk1

Share: Share on WhatsApp Visits: 58


മലയാളക്കരയാകെ ചിരിമരുന്ന് സമ്മാനിച്ച സംവിധായകന്‍ ഷാഫി അന്തരിച്ചു: വിടവാങ്ങിയത് സാങ്ക്രിനെയും മായാവിയേയുമൊക്കെ സൃഷ്ടിച്ച അതുല്യകലാകാരന്‍


കൊച്ചി: ഒരുകാലത്ത് മലയാളക്കരയിലാകെ ചിരി സമ്മാനിച്ച ജനപ്രിയ സിനിമകളുടെ സംവിധായകന്‍ ഷാഫി (57) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി 12.25 നാണ് മരണം സ്ഥിരീകരിച്ചത്. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ഈ മാസം 16-നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു ഷാഫി. തുടര്‍ന്ന് തലവേദന വന്നതോടെ കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ എത്തി പരിശോധനകള്‍ നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ആന്തരിക രക്തസ്രാവം കണ്ടെത്തിയത്.

മൃതദേഹം പുലര്‍ച്ചയോടെ തന്നെ കൊച്ചിയിലെ വീട്ടില്‍ എത്തിക്കും. രാവിലെ 10 മുതല്‍ കലൂര്‍ മണപ്പാട്ടിപ്പറമ്പിലെ ബാങ്ക് ഹാളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വൈകിട്ട് നാല് മണിക്ക് കലൂര്‍ കറുകപ്പള്ളി ജുമ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും. നടന്‍ മമ്മൂട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ള പ്രമുഖര്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി ഷാഫിയെ കണ്ടിരുന്നു.

ദശമൂലം ദാമു, മണവാളന്‍, ധര്‍മേന്ദ്ര, സ്രാങ്ക് തുടങ്ങി മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഒട്ടനവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ഷാഫി. മലയാള സിനിമയില്‍ ചിരിയുടെ പൂക്കാലം സമ്മാനിച്ച സംവിധായകനെയാണ് ഷാഫിയുടെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നത്. ഷാഫി സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളും ഇന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്. കല്യാണ രാമനിലേയും പുലിവാല്‍ കല്യാണത്തിലേയും ചട്ടമ്പിനാടിലേയും തൊമ്മനും മക്കളിലേയും വണ്‍മാന്‍ ഷോയിലേയുമെല്ലാം ഒരു മീമെങ്കിലും സോഷ്യല്‍ മീഡിയയില്‍ കാണാത്തവരുണ്ടാകില്ല.

1968 ഫെബ്രുവരിയില്‍ എറണാകുളം പുല്ലേപ്പടിയിലാണ് ഷാഫിയുടെ ജനനം. റഷീദ് എം.എച്ച്. എന്നതാണ് യഥാര്‍ഥ പേര്. പ്രശസ്ത സംവിധായക ജോഡികളായ റാഫി മെക്കാര്‍ട്ടിനിലെ റാഫിയുടെ അനുജനാണ് ഷാഫി. സംവിധായകന്‍ സിദ്ദീഖ് ഇവരുടെ അമ്മാവനാണ്. രാജസേനന്‍ സിനിമകളില്‍ സഹസംവിധായകനായിട്ടാണ് ഷാഫി സിനിമാ ജീവിതം ആരംഭിക്കുന്നത്.

1996ല്‍ രാജസേനന്‍ സംവിധാനം ചെയ്ത ദില്ലിവാലാ രാജകുമാരന്‍ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി. രാജസേനനെ കൂടാതെ റാഫി മെക്കാര്‍ട്ടിന്റെ സിനിമകളിലും സിദ്ദിഖിന്റെ സിനിമയിലും അസിസ്റ്റന്റ്് ഡയറക്ടറായി. 2001-ല്‍ ജയറാം നായകനായ വണ്‍മാന്‍ ഷോ എന്ന സിനിമയിലൂടെയാണ് ഷാഫി സ്വതന്ത്ര സംവിധായകനാകുന്നത്. ഈ സിനിമ സൂപ്പര്‍ഹിറ്റായിരുന്നു. തൊട്ടടുത്ത വര്‍ഷം ദിലീപിനെ നായകനാക്കി ഒരുക്കിയ കല്യാണരാമനും സൂപ്പര്‍ഹിറ്റായി.

2003 ല്‍ പുലിവാല്‍കല്യാണം, 2005 തൊമ്മനും മക്കളും 2007 ല്‍ മായാവി, ചോക്കലേറ്റ് എന്നീ സിനിമകളിലൂടെ തന്റെ വിജയ തുടര്‍ച്ച ആവര്‍ത്തിച്ചു. ഇതിനിടെ വിക്രം, അസിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജ എന്ന തമിഴ് സിനിമയും സംവിധാനം ചെയ്തു. 2008 ല്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, റോമ, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോലിപോപ്പ് എന്ന സിനിമ സംവിധാനം ചെയ്തു.

എന്നാല്‍ ഈ സിനിമ വിജയം കൈവരിച്ചില്ല. പിന്നീട് ചട്ടമ്പിനാട് എന്ന സിനിമയിലൂടെ അടുത്ത വര്‍ഷം തന്നെ ഷാഫി ഗംഭീര തിരിച്ചുവരവ് നടത്തി. മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍ എന്നീ സിനിമകളിലൂടെ അടുത്ത വര്‍ഷങ്ങളിലും ഷാഫി ചിത്രങ്ങള്‍ ബോക്‌സോഫീസ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. വെനീസിലെ വ്യാപാരി, 101 വെഡ്ഡിങ്‌സ് എന്നീ ചിത്രങ്ങള്‍ വലിയ വിജയം ആയില്ലെങ്കിലും ദിലീപ്-മംമ്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ടു കണ്‍ട്രീസിലൂടെ ശക്തമായ തിരിച്ച് വരവ് നടത്തി. 2015 ല്‍ പുറത്തിറങ്ങിയ 2 കണ്‍ട്രീസ് ആണ് ഷാഫിയുടേതായി വന്ന അവസാന ബോക്‌സോഫീസ് ഹിറ്റ്.

മേക്കപ്പ്മാന്‍ അടക്കം മൂന്ന് സിനിമകള്‍ക്ക് ഷാഫി കഥ എഴുതി. ഷെര്‍ലക് ടോംസ് എന്ന സിനിമയില്‍ കഥ, തിരക്കഥ എന്നിവ രചിച്ചതും ഷാഫിയായിരുന്നു. ലോലിപോപ്പ്, 101 വെഡ്ഡിംഗ്‌സ് എന്നീ സിനിമകള്‍ നിര്‍മ്മിച്ച് നിര്‍മ്മാണ രംഗത്തും ഷാഫി സാന്നിധ്യമറിയിച്ചു. റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രങ്ങളായിരുന്നു ഷാഫി സംവിധാനം ചെയ്ത പലതും. മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് കോമഡിയും വഴങ്ങും എന്ന് തെളിയിക്കുന്ന സിനിമകള്‍ ഒരുക്കാന്‍ ഷാഫിക്കായി എന്നതാണ് പ്രത്യേകത.

ചട്ടമ്പിനാടിലെ സുരാജ് വെഞ്ഞാറമൂടിന്റെ പ്രശസ്ത കഥാപാത്രം ദശമൂലം രാമുവിനെ നായകനാക്കി പുതിയ സിനിമ ഒരുക്കുമെന്ന് ഷാഫി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഥാപാത്രത്തിന് കിട്ടിയ ജനപ്രീതിയാണ് ഇങ്ങനെയൊരു സിനിമ നിര്‍മിയ്ക്കാന്‍ പ്രേരണയായത്. കോവിഡ് കാലത്തിന് മുന്‍പേ തന്നെ സിനിമയെ സംബന്ധിച്ച ജോലികള്‍ ആരംഭിച്ചിരുന്നുവെന്നുമായിരുന്നു ഷാഫി പറഞ്ഞത്. പിന്നീടത് മുന്നോട്ട് പോയില്ല.

Share:

Search

Recent News
Popular News
Top Trending


Leave a Comment