by webdesk1 on | 30-12-2024 05:14:37 Last Updated by webdesk1
കൊച്ചി: തൃക്കാക്കര എം.എല്‍.എ ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലെത്തിയിട്ടുണ്ടെന്ന് റെനെ മെഡിസിറ്റി പുറത്ത് വിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും വെന്റിലേറ്റര്‍ സഹായം ഇപ്പോഴും തുടരുകയാണെന്നും ബുള്ളറ്റിനില്‍ പറയുന്നു.
തലയ്ക്ക് പരിക്ക് ഗുരുതരമാണെങ്കില്‍കൂടി അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ഡോ.മിഷേല്‍ ജോണി അറിയിച്ചു. അസ്ഥികള്‍ക്ക് ഗുരുതരമായ ഒടിവില്ല. 24 മണിക്കൂര്‍ നേരത്തെ നിരീക്ഷണത്തിന് ശേഷമേ ആരോഗ്യ നിലയിലെ പുരോഗതി പറയാന്‍ സാധിക്കുകയുള്ളൂ എന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
കലൂര്‍ നെഹ്രു സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോഡുമായി ബന്ധപ്പെട്ട് 12000 നര്‍ത്തകര്‍ അണിനിരക്കുന്ന നൃത്തപരിപാടിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഉമാ തോമസ് എം.എല്‍.എ. ആളുകളോട് സംസാരിച്ചുകൊണ്ട് ഇരിപ്പിടത്തില്‍ ഇരിക്കാനായുമ്പോള്‍ വി.ഐ.പി സുരക്ഷയ്ക്കായി ഒരുക്കിയ ബാരിക്കേഡില്‍ പിടിത്തം കിട്ടാതെ വീഴുകയായിരുന്നു.
15 അടിയോളം ഉയരത്തിൽ നിനാണ് വീണത്. എംഎൽഎയുടെ തല കോൺക്രീറ്റിലാണ് ചെന്നിടിച്ചത്. തലക്കും വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്കുണ്ട്. ഉടനെ തന്നെ പാലാരിവട്ടം റിനെ ആശുപത്രിയിൽ എത്തിച്ചു. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുന്ന നിലയിലായിരുന്നു എംഎംഎയെ ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ അബോധാവസ്ഥയിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
പ്രാഥമിക പരിശോധനയുടെ ഭാഗമായി സിടി സ്‌കാൻ ഉൾപ്പെടെ നടത്തിയിരുന്നു. ഇതിലാണ് ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായി കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ തന്നെ ചികിത്സക്കായി വിദഗ്‌ധ സംഘത്തെ നിയോഗിക്കുകയായിരുന്നു. ഇവരാണ് നിലവിൽ ഉമ തോമസിന്റെ ചികിത്സയുടെ മേൽനോട്ടം വഹിക്കുന്നത്.
മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാതെയായിരുന്നു ഇവിടെ പരിപാടി സംഘടിപ്പിച്ചതെന്ന ആക്ഷേപം ശക്തമാണ്. ബാരിക്കേഡായി ഇവിടെ സാധാരണ റിബൺ മാത്രമാണ് കെട്ടിയിരുന്നതെന്നാണ് ആരോപണം. താൽക്കാലിക ബാരിക്കേഡിൽ പിടിച്ച് ഇരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എംഎൽഎ അപകടത്തിൽപ്പെട്ടത്.
സംഭവം നടക്കുമ്പോൾ പരിപാടിയുള്ള സ്ഥലത്ത് സേഫ്റ്റി ഗാർഡുമാരോ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരോ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്. സീറ്റ് ക്രമീകരണത്തെ കുറിച്ചും പരാതികൾ ഉയരുന്നുണ്ട്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്.