by webdesk1 on | 30-12-2024 04:58:33 Last Updated by webdesk1
ചെന്നൈ: പലതവണ വിക്ഷേപിച്ച വ്യത്യസ്ത ഘടകഭാഗങ്ങൾ കൂട്ടിയോജിപ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശനിലയം നിർമിച്ച സ്‌പെയ്‌ഡെക്‌സ് സാങ്കേതികവിദ്യ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒ. രണ്ടു വ്യത്യസ്ത ബഹിരാകാശപേടകങ്ങളെ വഹിച്ചുകൊണ്ടുള്ള ഐ.എസ്.ആർ.ഒ.യുടെ ധ്രുവീയ വിക്ഷേപണ വാഹനമായ പി.എസ്.എൽ.വി-സി 60 തിങ്കളാഴ്ച രാത്രി കുതിച്ചുയരും. പേടകങ്ങളെ ബഹിരാകാശത്തുവെച്ച് കൂട്ടിയോജിപ്പിക്കുന്നതിലും വേർപെടുത്തുന്നതിലും വിജയിച്ചാൽ യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
സ്‌പെയ്‌സ് ഡോക്കിങ് എക്സ്‌പെരിമെന്റ് അഥവാ സ്‌പെയ്‌ഡെക്സിനുവേണ്ടിയുള്ള രണ്ടു ചെറു ഉപഗ്രഹങ്ങളെയും വഹിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് തിങ്കളാഴ്ച രാത്രി 9.58-നാണ് പി.എസ്.എൽ.വി-സി 60 വിക്ഷേപിക്കുക. 220 കിലോഗ്രാംവീതം ഭാരമുള്ള എസ്.ഡി.എക്സ് 01, എസ്.ഡി.എക്സ് 02 ഉപഗ്രഹങ്ങൾക്കു പുറമേ 24 പരീക്ഷണോപകരണങ്ങൾകൂടി പി.എസ്.എൽ.വി ഭ്രമണപഥത്തിൽ എത്തിക്കും. റോക്കറ്റിന്റെ മുകൾഭാഗത്തെ ഓർബിറ്റൽ എക്സ്‌പെരിമെന്റൽ മൊഡ്യൂളിലാണ് ഈ ഉപകരണങ്ങൾ ഭൂമിയെ ചുറ്റുക.
ഭൂമിയിൽനിന്ന് 476 കിലോമീറ്റർ മാത്രം ഉയരെയുള്ള വൃത്താകൃതിയുള്ള ഭ്രമണപഥത്തിലെത്തുന്ന എസ്.ഡി.എക്സ് 01, എസ്.ഡി.എക്സ് 02 ഉപഗ്രഹങ്ങൾ തമ്മിൽ 20 കിലോമീറ്ററുകളോളം അകലമാണ് തുടക്കത്തിലുണ്ടാവുക. ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അവ തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവന്ന ശേഷമാണ് രണ്ട് ഉപഗ്രഹങ്ങളും കൂട്ടിയോജിപ്പിക്കുക.
ഊർജവും വിവരങ്ങളും പങ്കുവെച്ച് ഒരൊറ്റ പേടകംപോലെ പ്രവർത്തിച്ചശേഷം അവയെ വേർപെടുത്തും. അതിനുശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി രണ്ടുവർഷത്തോളം കാലം അവ പ്രവർത്തിക്കും. യു.എസ്., റഷ്യ, ചൈന, എന്നീ രാജ്യങ്ങൾ മാത്രമാണ് നിലവിൽ സ്‌പെയ്‌സ് ഡോക്കിങ് നടപ്പാക്കിയിട്ടുള്ളത്.
ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാനിന്റെ അടുത്തഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഗഗൻയാനിനും സ്‌പെയ്‌സ് ഡോക്കിങ് ഉപയോഗപ്പെടുത്താനാവും. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ എന്നപേരിൽ ഇന്ത്യ വിഭാവനംചെയ്യുന്ന ബഹിരാകാശനിലയവും ഇതുപോലെ വ്യത്യസ്ത പേടകങ്ങൾ ഒരുമിച്ചു ചേർത്തുകൊണ്ടാവും നിർമിക്കുക.
ഐ.എസ്.ആർ.ഒയുടെ പുതിയ ദൗത്യത്തിൽ ബഹിരാകാശത്ത് പയറും ചീരയും മുളപ്പിക്കാനുള്ള പരീക്ഷണങ്ങളുമുണ്ട്. ആദ്യമായാണ് ഇന്ത്യ ബഹിരാകാശത്തേക്ക് ജൈവകോശങ്ങൾ അയക്കുന്നത്. ബഹിരാകാശ സാഹചര്യങ്ങളിൽ കോശവളർച്ചയും സ്വഭാവവും പഠിക്കുന്നതിന് മുംബൈയില അമിറ്റി സർവകലാശാല തയ്യാറാക്കിയ അമിറ്റി പ്ലാന്റ് എക്സ്‌പെരിമെൻൽ മൊഡ്യൂളിലാണ് ഈ പരീക്ഷണം നടക്കുക.
ഇതടക്കം 24 പരീക്ഷണോപകരണങ്ങളാണ് റോക്കറ്റിന്റെ മുകൾഭാഗത്തെ പരീക്ഷണ മോഡ്യൂളിൽ ഉള്ളത്. ഇതിൽ 14 എണ്ണം ഐ.എസ്.ആർ.ഒയും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണവകുപ്പും നിർമിച്ചതാണ്. സ്റ്റാർട്ടപ്പുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും നിർമിച്ചവയാണ് ബാക്കിയുള്ള 10 ഉപകരണങ്ങൾ. ബഹിരാകാശമാലിന്യം പിടിച്ചെടുക്കാനുള്ള റോബോട്ടിക് കൈയുടെ പരീക്ഷണമാണ് അതിലൊന്ന്.