Sports Football

പകരക്കാരനായെത്തി വിജയ ശില്പിയായി: റോഷലിന്റെ ഹാട്രിക്കിൽ കേരളം സന്തോഷ് ട്രോഫി ഫൈനലിൽ; വീഴ്ത്തിയത് ശക്തരായ മണിപ്പുരിനെ

Axenews | പകരക്കാരനായെത്തി വിജയ ശില്പിയായി: റോഷലിന്റെ ഹാട്രിക്കിൽ കേരളം സന്തോഷ് ട്രോഫി ഫൈനലിൽ; വീഴ്ത്തിയത് ശക്തരായ മണിപ്പുരിനെ

by webdesk1 on | 29-12-2024 09:15:27 Last Updated by webdesk1

Share: Share on WhatsApp Visits: 52


പകരക്കാരനായെത്തി വിജയ ശില്പിയായി: റോഷലിന്റെ ഹാട്രിക്കിൽ കേരളം സന്തോഷ് ട്രോഫി ഫൈനലിൽ; വീഴ്ത്തിയത് ശക്തരായ മണിപ്പുരിനെ


ഹൈദരാബാദ്: ശക്തരായ മണിപ്പുരിനെ ഒന്നിനെതിരെ അഞ്ചുഗോളിന് നിലം പരിശാക്കി കേരളം സന്തോഷ് ട്രോഫി ഫൈനലിൽ. ഹൈദരാബാദിലെ ബാലയോഗി സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച രാത്രി നടന്ന രണ്ടാം സെമിയിൽ ആക്രമിച്ചു കളിച്ച മണിപ്പൂരിനെ പ്രത്യാക്രമണം കൊണ്ടാണ് കേരളം വീഴ്ത്തിയത്. 


പകരക്കാരനായെത്തി ഹാട്രിക് നേടിയ മുഹമ്മദ് റോഷലാണ് കേരളത്തിന്‍റെ ഹീറോ. നസീബ് റഹ്മാൻ, മുഹമ്മദ് അജ്സൽ എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകൾ. ഷുൻജാതൻ രഗോയ് പെനാൽറ്റിയിലൂടെ മണിപ്പൂരിന്‍റെ ആശ്വാസ ഗോൾ നേടി. 


സന്തോഷ് ട്രോഫിയിൽ കേരളത്തിന്‍റെ 16ാം ഫൈനൽ പ്രവേശനമാണിത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ കേരളം ബംഗാളിനെ നേരിടും. 


മത്സരം ആരംഭിച്ച് ആദ്യ മിനിറ്റുകളില്‍ മണിപ്പുരിന്റെ ആക്രമണമായിരുന്നു. എന്നാല്‍ മുന്നേറ്റം ശക്തമാക്കിയ കേരളം 22-ാം മിനിറ്റില്‍ മുന്നിലെത്തി. മധ്യനിരയില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ നസീബ് റഹ്‌മാന്‍ മണിപ്പുര്‍ ഗോളിയെ കബളിപ്പിച്ച് അനായാസം വലകുലുക്കി. എന്നാല്‍ 29-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മണിപ്പുര്‍ സമനിലപിടിച്ചു.


മുന്നേറ്റം ശക്തമാക്കിയ കേരളം പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ലീഡുമെടുത്തു. അജ്‌സലാണ് കേരളത്തിനായി വലകുലുക്കിയത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ കിടിലന്‍ കൗണ്ടര്‍ അറ്റാക്കിനൊടുവിലാണ് ഗോള്‍ പിറന്നത്.


രണ്ടാം പകുതിയില്‍ മണിപ്പുര്‍ തിരിച്ചടിക്കാന്‍ ഉണര്‍ന്നുകളിച്ചെങ്കിലും കേരളം ശക്തമായി പ്രതിരോധിച്ചു. ഒടുവില്‍ 73-ാം മിനിറ്റില്‍ റോഷലിലൂടെ മൂന്നാം ഗോളും കണ്ടെത്തി. മണിപ്പുര്‍ പ്രതിരോധത്തിലെ പിഴവ്‌ മുതലെടുത്ത് മുന്നേറിയ റോഷല്‍ ഉഗ്രന്‍ ഷോട്ടിലൂടെ വലകുലുക്കി.


87-ാം മിനിറ്റില്‍ നാലാം ഗോളുമെത്തിയതോടെ കേരളം ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചു. കോര്‍ണര്‍ കിക്കിന് ശേഷം ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിന് ഒടുവില്‍ റോഷല്‍ വീണ്ടും വലകുലുക്കി. പിന്നാലെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ റോഷല്‍ ഹാട്രിക്ക് നേടി. മണിപ്പുര്‍ വലയില്‍ അഞ്ചാം ഗോളും നേടി കേരളം ഫൈനലിലേക്ക്.


നേരത്തേ ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് നടന്ന സെമിയില്‍ സര്‍വീസസിനെ തോല്‍പ്പിച്ചാണ് പശ്ചിമ ബംഗാള്‍ ഫൈനലില്‍ പ്രവേശിച്ചത്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു സര്‍വീസസിന്റെ ആധികാരികമായ വിജയം. 47-ാം തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍ പ്രവേശിക്കുന്നത്.

Share:

Search

Recent News
Popular News
Top Trending


Leave a Comment