by webdesk1 on | 29-12-2024 05:39:02
ചെന്നൈ: അന്ധവിശ്വാസങ്ങള്‍ ജീവനെടുക്കുന്ന എത്രയോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു എന്നതാണ് ദുഖകരമായ സത്യം. തമിഴ്‌നാട്ടില്‍ തിരുവണ്ണാമലയിലും ഇത്തരമൊരു സംഭവം ഇന്നലെയുണ്ടായി. ചെറിയ കുട്ടികളടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരും മറ്റൊരാളുമാണ് മോക്ഷം പ്രാപിക്കാനെന്ന പറഞ്ഞ് വിഷം കഴിച്ച് മരിച്ചത്.
മഹാകാല വ്യാസര്‍, സുഹൃത്ത് രുക്മിണി പ്രിയ, രുക്മിനിയുടെ മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരാണ് മരിച്ചത്. വിവാഹമോചിതയായ രുക്മിണിയുമായി ബന്ധംപുലര്‍ത്തുന്ന ആളാണ് വ്യാസര്‍. വാടകയ്ക്കെടുത്ത സ്വകാര്യ ഫാം ഹൗസിലാണ് ഇവര്‍ ആത്മഹത്യ ചെയ്തത്.
ആത്മീയകാര്യങ്ങളില്‍ രുക്മിനി ഏറെ താല്‍പ്പര്യം കാണിച്ചിരുന്നു. ദേവിയും ദേവനും വിളിച്ചതിനാല്‍ വീണ്ടും തിരുവണ്ണമലയില്‍ എത്തിയെന്നും ലക്ഷ്മി ദേവിയുടെ കാല്‍ചുവട്ടിലേക്ക് പോകുന്നുവെന്നുമാണ് മരിക്കുന്നതിന് മുന്‍പ് ഇവര്‍ പകര്‍ത്തിയ വീഡിയോ സന്ദേശത്തില്‍ പറയുന്നത്.
തിരുവണ്ണാമലയിലെ കാര്‍ത്തിക ദീപം തെളിക്കല്‍ ചടങ്ങില്‍ അടുത്തിടെ പങ്കെടുത്തിരുന്നു. അതിന് ശേഷം വീണ്ടും ഇവര്‍ ഇവിടേക്ക് എത്തുകയായിരുന്നു. രാവിലെയായിട്ടും ഇവരെ റൂമിന് പുറത്തേക്ക് കാണാതിരുന്നതോടെ ഫാം ഹൗസിലെ ആളുകള്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ റൂമിനുള്ളില്‍ മരിച്ച നിലയില്‍ കാണുന്നത്.
അന്ധവിശ്വാസങ്ങളുടെ പേരില്‍ ഇത്തരത്തില്‍ സ്വയം ഹോമിക്കുന്നതും മറ്റുള്ളവരുടെ പോലും ജീവന്‍ എടുക്കുന്നതുമായി എത്രയോ സംഭവങ്ങളാണ് അടുത്തിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആരെന്തുപറഞ്ഞാലും അതിനെ അന്ധമായി വിശ്വസിക്കുന്ന നിലയിലേക്ക് മനസും ചിന്തയും നിഷ്ടക്രിയമാകുന്നതാണ് ഒരു കാരണം. സക്ഷരരെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ പോലും അത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നു എന്നത് ഗൗരവത്തില്‍ കാണേണ്ടതാണ്.
പലപ്പോഴും മറ്റുള്ളവരുടെ പ്രേരണയാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍. കുറ്റകൃത്യങ്ങള്‍ സംഭവിച്ചാല്‍ നിയമപരമായ കാര്യങ്ങള്‍ ചെയ്യുന്നു എന്നല്ലതെ വിശ്വാസത്തേയും ഭക്തിയേയും മുതലെടുത്തു നടത്തുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ മുന്‍കുട്ടിയുള്ള ഇടപെടലുകള്‍ നടക്കുന്നില്ല എന്നതാണ് സത്യം. സര്‍ക്കാര്‍ തലത്തില്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്.