News Kerala

മായ്ക്കാന്‍ ശ്രമിച്ച രക്തക്കറ പാര്‍ട്ടിയെ കൂടുതല്‍ വികൃതമാക്കി: കോടതിവിധി സി.പി.എമ്മിന്റെ ഹിംസാത്മക രാഷ്ട്രീയത്തിനേറ്റ തിരിച്ചടി; മുഖം രക്ഷിക്കാന്‍ പൊതുഖജനാവ് കൊള്ളയടിച്ചതിന് ആര് സമാധാനം പറയും.

Axenews | മായ്ക്കാന്‍ ശ്രമിച്ച രക്തക്കറ പാര്‍ട്ടിയെ കൂടുതല്‍ വികൃതമാക്കി: കോടതിവിധി സി.പി.എമ്മിന്റെ ഹിംസാത്മക രാഷ്ട്രീയത്തിനേറ്റ തിരിച്ചടി; മുഖം രക്ഷിക്കാന്‍ പൊതുഖജനാവ് കൊള്ളയടിച്ചതിന് ആര് സമാധാനം പറയും.

by webdesk1 on | 28-12-2024 09:30:42 Last Updated by webdesk1

Share: Share on WhatsApp Visits: 61


മായ്ക്കാന്‍ ശ്രമിച്ച രക്തക്കറ പാര്‍ട്ടിയെ കൂടുതല്‍ വികൃതമാക്കി: കോടതിവിധി സി.പി.എമ്മിന്റെ ഹിംസാത്മക രാഷ്ട്രീയത്തിനേറ്റ തിരിച്ചടി; മുഖം രക്ഷിക്കാന്‍ പൊതുഖജനാവ് കൊള്ളയടിച്ചതിന് ആര് സമാധാനം പറയും.


കൊച്ചി: ഇന്നേവരെ സംസ്ഥാനത്ത് നടത്തിട്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങളില്‍ നഷ്ടം കൂടുതല്‍ തങ്ങള്‍ക്കാണെന്ന് കണക്കുകള്‍ നിരത്തി വാദിക്കുന്ന സി.പി.എമ്മിന്റെ ഹിംസാത്മക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ കോടതിയില്‍ നിന്നുണ്ടായ വിധി. 2019 ല്‍ നടന്ന നിഷ്ഠൂര കൊലപാതകത്തില്‍ മുന്‍ എം.എല്‍.എ അടക്കം 14 പേര്‍ കുറ്റക്കാരാണെന്നാണ് സി.ബി.ഐ കോടതി കണ്ടെത്തിയിരിക്കുന്നത്. കുറ്റവാളികളെ രക്ഷപെടുത്താന്‍ പൊതുഖജനാവില്‍ നിന്ന് പണം ചിലവഴിച്ച് സൂപ്രീംകോടതി വരെ നടത്തിയ സര്‍ക്കാരിന്റെ നിയമപോരാട്ടത്തെ മനോധൈര്യം കൊണ്ട് ചെറുത്തു തോല്‍പ്പിച്ച കൃപേഷിന്റേയും ശരത്‌ലാലിന്റെയും കുടുംബത്തിന്റെ വിജയംകൂടിയാണ് ഈ വിധി.

കേസ് സി.ബി.ഐ ഏറ്റെടുക്കാതിരിക്കാന്‍ സുപ്രീം കോടതി വരെ സി.പി.എം പോയതിന്റെ കാരണമെന്തെന്ന് സംശയിച്ചവര്‍ക്കുള്ള മറുപടികൂടിയാണ് കോടയുടെ ഈ വിധി. ശിക്ഷിക്കപ്പെട്ടവരെല്ലാം സി.പി.എം നോതാക്കളോ അനുഭാവികളോ ആണ്. എന്തിനേറെ ഒരു എംഎല്‍എ പോലും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടു എന്നത് കുറ്റകൃത്യത്തിന്റെ വ്യാപ്തിയും ഗൗരവവും വെളിവാക്കുന്നു.

സി.ബി.ഐ അന്വേഷണമില്ലാതെ ക്രൈം ബ്രാഞ്ച് തന്നെയായിരുന്നു കേസ് അന്വേഷിച്ചിരുന്നതെങ്കില്‍ വിധി ഒരു പക്ഷെ ഇങ്ങനെ ആകണമെന്നില്ല. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഒരുഘട്ടത്തിലും മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്റെ പേര് ഉണ്ടായിരുന്നേയില്ല. ഏരിയാ കമ്മിറ്റി അംഗങ്ങളില്‍ എത്തിച്ച് അന്വേഷണം ഏറെക്കുറെ അവസാനിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സി.ബി.ഐ ആവശ്യവുമായി കുടുംബം രംഗത്ത് എത്തിയത്. അതേസമയം കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ പത്ത് പേരും ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവരാണെന്ന ന്യായം ഉന്നയിച്ചാണ് ആരോപണങ്ങളെ സി.പി.എം പ്രതിരോധിക്കുന്നത്.

കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം എ.പീതാംബരനാണെന്നാണ് സി.ബി.ഐ കോടതിയുടെ കണ്ടെത്തല്‍. കൃത്യം നടത്തിയ സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവര്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു.

ടി. രഞ്ജിത്ത്, ഉദുമ മുന്‍ ഏരിയ സെക്രട്ടറിയും കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.മണികണ്ഠന്‍, എ. സുരേന്ദ്രന്‍ (വിഷ്ണു സുര), ഉദുമ മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍, പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി, കെ.വി. ഭാസ്‌കരന്‍ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവര്‍.

24 പേരായിരുന്നു സി.ബി.ഐ. സമര്‍പ്പിച്ച പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 10 പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. ഗൂഢാലോചന കുറ്റം തെളിഞ്ഞതിനാലാണ് ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമനെ പ്രതിയാക്കിയത്. എറണാകുളം സിബിഐ കോടതി ജഡ്ജ് എന്‍.ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്. ഇവര്‍ക്കുള്ള ശിക്ഷ ജനുവരി മൂന്നിന് പ്രസ്താവിക്കും.

2019 ഫെബ്രുവരി 17നാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ തൊട്ടടുത്ത ദിവസം തന്നെ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ.പിതാംബരനെയും സുഹൃത്തും സഹായിയുമായ സി.ജെ. സജിയെയും അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കേസ് ക്രൈം ബ്രാഞ്ചിന് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.

എന്നാല്‍ പോലീസ് അന്വേഷണത്തില്‍ അസംതൃപ്തരായിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട്  ഹൈക്കോടതിയെ സമീപിച്ചു. കേസ് അന്വേഷണവുമായി മുന്നോട്ട് പോയ ക്രൈം ബ്രാഞ്ച് 2019 മെയ് 14ന് സി.പി.എം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി  അംഗവുമായ കെ.മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. മെയ് 20ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ആകെ 14 പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്.

2019 സെപ്റ്റംബര്‍ 30 ന് കേസന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടതോടെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഇതിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചു. പക്ഷെ അവിടെയും അന്വേഷണം സി.ബി.ഐക്ക് വിടാനുള്ള തീരുമാനം ശരിവെച്ചതോടെ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു.

ഒരു കോടിയോളം രൂപയാണ് കേസ് അന്വേഷണം സി.ബി.ഐക്ക് വിടാതിരിക്കാന്‍ പ്രതികള്‍ക്കുവേണ്ടി സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് ചിലവാക്കിയത്. വിവിധ ഘട്ടങ്ങളില്‍ സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹാജരായ മൂന്ന് അഭിഭാഷകര്‍ക്ക് 88 ലക്ഷം രൂപയാണ് പ്രതിഫലം നല്‍കിയത്. താമസം, ഭക്ഷണം, വിമാനയാത്രക്കൂലി എന്നീ ഇനങ്ങളില്‍ 2.92 ലക്ഷം രൂപയും ചെലവിട്ടു. സ്റ്റാന്‍ഡിങ് കൗണ്‍സലിനെ കൂടാതെ മറ്റൊരു സീനിയര്‍ അഭിഭാഷകനും സുപ്രീം കോടതിയില്‍ ഹാജരായി. ഈ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹാജരായതിന് 60 ലക്ഷം പ്രതിഫലം വാങ്ങിയിരുന്നു. പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ചിലവഴിച്ച ഈ പണം ഖജനാവിലേക്ക് സര്‍ക്കാര്‍ തിരിച്ചടയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

രണ്ട് വര്‍ഷത്തോളം നീണ്ട സി.ബി.ഐ അന്വേഷണത്തിന് ഒടുവില്‍ 2021 ഡിസംബര്‍ 3 ന് കൊച്ചിയിലെ സിബിഐ കോടതിയില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സി.പി.എം നേതാവും ഉദുമ മുന്‍ എം.എല്‍.എയുമായ കെ.വി. കുഞ്ഞിരാമനടക്കം 24 പ്രതികളാണ് കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്. 2023 ഫെബ്രുവരി 2 നാണ് കൊച്ചി സി.ബി.ഐ കോടതിയില്‍ വിചാരണ തുടങ്ങിയത്. 2024 ഡിസംബര്‍ 23 ന് കേസ് പരിഗണിച്ച സി.ബി.ഐ കോടതി ഇന്ന് വിധി പ്രസ്താവിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment