by webdesk1 on | 28-12-2024 08:39:12
കൊച്ചി: ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ മാത്രമല്ല സാംസ്‌കാരിക ഭൂപടത്തിലും ഫോര്‍ട്ട്‌കൊച്ചിയെ വരച്ചുകാട്ടുന്ന കാര്‍ണിവല്‍ ആഘോഷം ഇത്തവണയില്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഒരാഴ്ച്ച ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് കാര്‍ണിവലും അതിനോടുബന്ധിച്ചുള്ള ആഘോഷ പരിപാടികളും റദ്ദാക്കിയത്. എന്നാല്‍ ഗലാഡേ ഫോര്‍ട്ട്‌കൊച്ചിയുടെ നേതൃത്വത്തില്‍ ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കുന്ന ആഘോഷം ഉണ്ടാകും.
മുന്‍പ് കോവിഡ് കാലത്താണ് കാര്‍ണിവല്‍ ഒഴിവാക്കിയ സാഹചര്യം ഉണ്ടായത്. ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ കാര്‍ണിവല്‍ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടിയാണ് കാര്‍ണിവല്‍. ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഭരണകൂടങ്ങള്‍ നേരിട്ട് നടത്തുന്ന ഔദ്യോഗിക ആഘോഷണങ്ങള്‍ ഒഴിവാക്കണമെന്നാണ് ചട്ടം. സര്‍ക്കാരിന്റെ നിയന്ത്രണമില്ലാത്ത പരിപാടിയായതിനാലാണ് ഗലാഡേ ഫോര്‍ട്ട്‌കൊച്ചിയുടെ ആഘോഷങ്ങള്‍ക്ക് വിലക്കില്ലാത്തത്.
ഫോര്‍ട്ട്‌കൊച്ചിയുടെ മാത്രമല്ല, കേരളത്തിന്റെ ക്രിസ്മസ് ആഘോഷത്തിന്റെ സമാപനമായാണ് കൊച്ചി കാര്‍ണിവലിനെ കാണുന്നത്. പുതുവര്‍ഷം പിറക്കുന്ന സമയം കൃത്യം 12 മണിക്ക് ഭീമന്‍ പാപ്പാഞ്ഞിയെ കത്തിച്ചുകൊണ്ടാണ് ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്നത്. ഇതിനു മുന്നോടിയായി. വിവിധ സംഗീത കാലാപരിപാടികളും സാംസ്‌കാരിക പരിപാടികളും പുതുവത്സര റാലിയുമൊക്കെ നടക്കും.
കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമായി പരേഡ് മൈതാനിയില്‍ 50 അടി ഉയരമുള്ള പപ്പാഞ്ഞിയെയും വെളി മൈതാനത്ത് 42 അടി ഉയരമുള്ള പപ്പാഞ്ഞിയെയും അഗ്‌നിക്കിരയാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. മുന്‍പ് കാര്‍ണിവലിന് സമാന്തരമായി പാപ്പാഞ്ഞിയെ കത്തിക്കുന്ന പതിവ് ഉണ്ടായിരുന്നില്ല. ഇത്തവണയാണ് വെളി മൈതാനത്ത് ഇങ്ങനെയൊരു ചടങ്ങ് ക്രമീകരിച്ചത്.
എന്നാല്‍ ആദ്യം പോലീസ് ഇതിന് അനുമതി നല്‍കിയില്ല. തുടര്‍ന്ന് സംഘാടകര്‍ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം ഹൈക്കോടതി വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കി. പപ്പാഞ്ഞിക്ക് ചുറ്റും സുരക്ഷാ ബാരിക്കേഡുകള്‍ തീര്‍ക്കണമെന്നാണ് കോടതി നിര്‍ദേശം. പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സുരക്ഷാ വീഴ്ചയില്ലാതെ പരിപാടി നടത്തണമെന്നും നിര്‍ദേശം നല്‍കി.