News Kerala

കൊട്ടും കുരവയുമില്ല, ആരിഫ് മുഹമ്മദ് ഖാന്‍ പടിയിറങ്ങുന്നു... അഞ്ചു വര്‍ഷക്കാലം പിണറായി ഭരണത്തിലെ സൂപ്പര്‍ പ്രതിപക്ഷം; കേരളം സാക്ഷിയായത് സര്‍ക്കാരും ഗവര്‍ണറുമായുള്ള തെരുവ് യുദ്ധങ്ങള്‍ക്ക് വരെ

Axenews | കൊട്ടും കുരവയുമില്ല, ആരിഫ് മുഹമ്മദ് ഖാന്‍ പടിയിറങ്ങുന്നു... അഞ്ചു വര്‍ഷക്കാലം പിണറായി ഭരണത്തിലെ സൂപ്പര്‍ പ്രതിപക്ഷം; കേരളം സാക്ഷിയായത് സര്‍ക്കാരും ഗവര്‍ണറുമായുള്ള തെരുവ് യുദ്ധങ്ങള്‍ക്ക് വരെ

by webdesk1 on | 28-12-2024 09:31:56 Last Updated by webdesk1

Share: Share on WhatsApp Visits: 70


കൊട്ടും കുരവയുമില്ല, ആരിഫ് മുഹമ്മദ് ഖാന്‍ പടിയിറങ്ങുന്നു... അഞ്ചു വര്‍ഷക്കാലം പിണറായി ഭരണത്തിലെ സൂപ്പര്‍ പ്രതിപക്ഷം; കേരളം സാക്ഷിയായത് സര്‍ക്കാരും ഗവര്‍ണറുമായുള്ള തെരുവ് യുദ്ധങ്ങള്‍ക്ക് വരെ



തിരുവനന്തപുരം: അഞ്ചു വര്‍ഷക്കാലം പിണറായി വിജയന്‍ സര്‍ക്കാരിനെ തല്ലിയും തലോടിയും ഭരണഘടനാ ചട്ടങ്ങള്‍ക്ക് പുറമേ രാഷ്ട്രീയമായും ഒരുഘട്ടത്തില്‍ കായികമായി പോലും നേരിട്ടാന്‍ തയാറായി തെരുവിലുറങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് രാജ്ഭവനില്‍ നിന്ന് പടിയിറങ്ങും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ മരണത്തെ തുടര്‍ന്ന് ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കിയാണ് അദ്ദേഹത്തിന്റെ മടക്കം. അല്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തെ യാത്ര ആയയ്ക്കുമ്പോള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി പ്രതിനിധികളും എന്ത് പറയുമെന്ന് കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുകയായിരുന്നു കേരളം.

ഞായറാഴ്ച ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെടുന്നത് കണക്കിലെടുത്താണ് ഇന്ന് വൈകിട്ട് യാത്രയയപ്പ് ക്രമീകരിച്ചിരുന്നത്. പുതിയ കേരള ഗവര്‍ണറായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ പുതുവത്സര ദിനത്തില്‍ കേരളത്തിലെത്തും. ജനുവരി രണ്ടിനാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. ആരിഫ് മുഹമ്മദ് ഖാനും ജനുവരി രണ്ടിനാണ് ബിഹാര്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്.

ഉത്തര്‍ പ്രദേശ് സേ്വേദശിയായ ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണര്‍ ആയി എത്തുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ പോരിന്റെ തിരി ആദ്യം കൊളുത്തിയത്. പ്രതിപക്ഷം പോലും രാഷ്ട്രീയമായി പരാജയപ്പെടുന്നിടങ്ങളില്‍ ഒരു സൂപ്പര്‍ പ്രതിപക്ഷത്തിന്റെ റോളില്‍ പിന്നീടുള്ള നാലഞ്ച് വര്‍ഷക്കാലം. സര്‍ക്കാരുമായി രാജ്ഭവന്‍ വഴിയും എസ്എഫ്ഐയുമായി തെരുവിലും ഏറ്റുമുട്ടി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനം നടത്തി സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് എന്ന കോളം മാധ്യമങ്ങളില്‍ നിറച്ചു. ഗവര്‍ണര്‍ രാജ്ഭവനില്‍ സര്‍ക്കാരിനെതിരെ വാര്‍ത്താ സമ്മേളനം നടത്തുകയും മറുപടിയായി മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുകയും ചെയ്ത അപൂര്‍വതയ്ക്കും ഇക്കാലം സാക്ഷിയായി. മാധ്യമങ്ങളോട് നേരിട്ട് സംസാരിക്കാന്‍ തയ്യാറാകുമ്പോള്‍ തന്നെ മാധ്യമപ്രവര്‍ത്തകരോട് കയര്‍ക്കുകയും ചെയ്തു. സര്‍ക്കാരിന്റെ പരിപാടികളില്‍ തന്നെ ക്ഷണിച്ചില്ല എന്ന് പരസ്യമായി പറയുന്ന ഗവര്‍ണറെയും ആരിഫ് ഖാനിലൂടെ കേരളം കണ്ടു.

നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവയ്ക്കാതെ അവസാന നിമിഷം വരെ സസ്പെന്‍സ് നിലനിര്‍ത്തി. പിന്നീട് വഴങ്ങിയെങ്കിലും കേന്ദ്ര സര്‍ക്കാരിനെതിരായ എല്ലാ പരാമര്‍ശങ്ങളും ഒഴിവാക്കി ആദ്യ-അവസാന ഖണ്ഡികകള്‍ മാത്രം വായിച്ച് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ നയപ്രഖ്യാപനം നടത്തി മടങ്ങി. അങ്ങനെ എത്രയെത്ര ഉദ്വേഗ നിമിഷങ്ങള്‍.

സര്‍വകലാശാലകളിലെ ഇടപെടല്‍ പരിധി വിടുന്നുവെന്ന് മനസിലാക്കിയ സര്‍ക്കാര്‍ വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം എടുത്തുകളയുന്ന ബില്ല് നിയമസഭയില്‍ പാസാക്കി. ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്ലും കൊണ്ടുവന്നു. പക്ഷേ, ഒന്നിലും ഗവര്‍ണര്‍ ഒപ്പുവച്ചില്ല. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പരാതിപ്പെട്ടതോടെ രണ്ട് ബില്ലുകളില്‍ ഒപ്പുവച്ച് ബാക്കി രാഷ്ട്രപതിക്ക് റഫര്‍ ചെയ്ത് രാജ്ഭവനിലെ കസേരയില്‍ ചാരി ഇരുന്നു.

വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കലും പദവി നഷ്ടമാകലും ഉള്‍പ്പെടെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മൂത്തപ്പോള്‍ ഡസനോളം സര്‍വകലാശാലകളില്‍ വിസി നിയമനം മുടങ്ങി. കേരള, കാലിക്കറ്റ് സര്‍വകലാശാലകളില്‍ സംഘപരിവാറുകാരെ തിരുകി കയറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു എസ്എഫ്ഐ തെരുവിലിറങ്ങി. പ്രതിഷേധം നേരിടാന്‍ ഗവര്‍ണര്‍ തെരുവില്‍ തന്നെ കസേര വലിച്ചിട്ടു.

എസ്എഫ്ഐ പ്രവര്‍ത്തരരെ ഗുണ്ടകളെന്നും ക്രമിനലുകളെല്ലും വിളിച്ചത് പ്രതിഷേധം ആളിക്കത്താന്‍ ഇടയാക്കി. നിലമേലിലും തിരുവനന്തപുരത്തും കോഴിക്കോടും ഉദ്വേഗ നിമിഷങ്ങള്‍ക്ക് ഇടയാക്കിയ ഈ സംഭവങ്ങള്‍ക്കിടെ തന്നെയാണ് മിഠായിത്തെരുവില്‍ കോഴിക്കോടന്‍ ഹല്‍വ തിന്ന് നാട്ടുകാരോട് ഗവര്‍ണര്‍ കുശലം പറഞ്ഞതും.

ധനമന്ത്രി കെഎന്‍ ബാലഗോപാലിനെതിരെ പ്രീതി പിന്‍വലിച്ച് പത്രക്കുറിപ്പ് ഇറക്കിയ ഗവര്‍ണറുടെ നടപടിയും അപൂര്‍വമായിരുന്നു. രാജ്ഭവനിലെ പുതിയ നിയമങ്ങളില്‍ വിയോജിച്ച് കുറിപ്പ് ഇറക്കിയ പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റുന്നത് വരെയുള്ള അദ്ദേഹം സമ്മര്‍ദ്ദം ചെലുത്തിയതും മറ്റൊരു ചരിത്രം. മുഖ്യമന്ത്രിയും ഗവര്‍ണറും പരസ്പരം മുഖം കൊടുക്കാത്ത പരിപാടികളും നടന്നു. സല്‍ക്കാരവും വിരുന്നും മന്ത്രിമാര്‍ ബഹിഷ്‌കരിക്കുന്നതിലേക്കുമെത്തി കാര്യങ്ങള്‍.

എങ്കിലും സാധാരണക്കാര്‍ക്ക് മുമ്പില്‍ ഗവര്‍ണര്‍ സ്വീകാര്യനായിരുന്നു. സാമൂഹിക വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്ന അദ്ദേഹത്തിന്റെ ജനം സ്വീകരിച്ചു. ഇനി ബിഹാറിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ ദൗത്യം. പുതുവര്‍ഷ ദിനത്തില്‍ പകരം ഗവര്‍ണറായെത്തുന്ന ഗോവ സ്വദേശി രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ സര്‍ക്കാരിന് കൂടുതല്‍ തലവേദനയാകുമെന്നാണ് കരുതുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment