by webdesk1 on | 28-12-2024 07:59:07 Last Updated by webdesk1
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് രാജ്യം ഇന്ന് വിട നല്‍കും. രാവിലെ 11.45ന് നിഗംബോധ്ഘാട്ടിലാണ് അന്ത്യകര്‍മം. തുടര്‍ന്ന് പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കാരം നടക്കും. ഡല്‍ഹി മോത്തിലാല്‍ നെഹ്‌റു മാര്‍ഗിലുള്ള വസതിയിലാണ് ഇപ്പോള്‍ ഭൗതികശരീരം. ഒട്ടേറെപ്പേര്‍ ഇവിടെയെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
ശനിയാഴ്ച രാവിലെ 8ന് എ.ഐ.സി.സി ആസ്ഥാനത്ത് പൊതുദര്‍ശനം ആരംഭിക്കും. ജനങ്ങള്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാം. തുടര്‍ന്ന് നിഗം ബോധ്ഘാട്ടിലേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോകും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. ഒരാഴ്ച രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്തും ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
മന്‍മോഹന്‍ സിങിന്റെ നിര്യാണത്തോട് അനുബന്ധിച്ചു ശനിയാഴ്ച കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും പകുതി ദിവസം അവധി പ്രഖ്യാപിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 9.51ന് ആയിരുന്നു മന്‍മോഹന്‍ സിങിന്റെ അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്ന അദ്ദേഹം ഇന്നലെ വൈകിട്ട് ഏഴേമുക്കാലോടെ വസതിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ഇതിനിടെ, മന്‍മോഹന്‍ സിങന് പ്രത്യേക സ്മാരകം വേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മറ്റു പ്രധാനമന്ത്രിമാരുടെ സ്മാരകമുള്ള യമുനാ തീരത്ത് പ്രത്യേക സ്മാരകം വേണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.
മന്‍മോഹന്‍ സിങിന്റെ സ്മാരകത്തിനു പ്രത്യേക സ്ഥലം അനുവദിക്കാത്തത് വേദനാജനകമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. സംസ്‌കരിച്ചിടത്തു തന്നെ സ്മാരകം വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. സ്മാരകത്തിനുള്ള സ്ഥലം അടുത്ത ആഴ്ച അനുവദിക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
എന്നാല്‍ വിവാദം അനാവശ്യമാണെന്നും മന്‍മോഹന്‍ സിങിന് സ്മാരകത്തിന് സ്ഥലം നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചു. ഒരു ട്രസ്റ്റ് രൂപീകരിച്ചശേഷമാകും സ്ഥലം കൈമാറുക. ഇക്കാര്യം കുടുംബത്തെ അറിയിച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ സംസ്‌കരിച്ചതിനടുത്ത് തന്നെ സ്മാരകം വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.