by webdesk1 on | 27-12-2024 08:21:15
തിരുവനന്തപുരം: കോണ്‍ഗ്രസിനും തനിക്കും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന കെ.മുരളീധരന്റെ വെളിപ്പെടുത്തല്‍ കേരള രാഷ്ട്രീയത്തില്‍ വലിയ ആരോപണ പ്രത്യാരോപണങ്ങള്‍ക്കുള്ള വാതായനങ്ങളാകും വരും ദിവസങ്ങളില്‍ തുറന്നിടുക. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ഉജ്ജ്വല വിജയം വര്‍ഗീയ കക്ഷികളുടെ രാഷ്ട്രീയ സംഭാവനയാണെന്ന സി.പി.എമ്മിന്റെ ആരോപണങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തുകൊണ്ടിരിക്കുന്ന പ്രതിപക്ഷ നേതാവിനും കോണ്‍ഗ്രസിലെ പുതിയ രാഷ്ട്രീയ ശക്തികളും മുരളീധരന്റെ വെളിപ്പെടുത്തലിനെ എന്തുപറഞ്ഞ് പ്രതിരോധിക്കുമെന്ന് ഇനി കണ്ടറിയണം.
ഒരു വര്‍ഗീയ കക്ഷികളുടേയും വോട്ട് തങ്ങള്‍ക്ക് വേണ്ട എന്നതായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിച്ച വി.ഡി.സതീശന്‍ പറഞ്ഞുകൊണ്ടിരിന്നത്. എന്നാല്‍ സി.പി.എം ആരോപിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെയോ വെല്‍ഫെയര്‍ പാര്‍ട്ടിയുടേയോ പേരെടുത്ത് പരാമര്‍ശം നടത്താന്‍ കോണ്‍ഗ്രസില്‍ നിന്ന് ആരും തയാറായില്ല. മറിച്ചും തിരിച്ചുമുള്ള ചോദ്യങ്ങളോടെല്ലാം വാര്‍ഗീയ പാര്‍ട്ടികള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യേണ്ട എന്ന് മാത്രമാണ് പറഞ്ഞത്. അതേസമയം വ്യക്തിപരമായ വോട്ടുകള്‍ എവിടെ നിന്ന് കിട്ടിയാലും സ്വീകരിക്കുമെന്നും ഇവര്‍ പറഞ്ഞിരുന്നു.
ഇതിനിടെയാണ് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് തനിക്ക് കിട്ടിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുരളീധരന്‍ രംഗത്തെത്തിയത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെതിരെ മത്സരിക്കുന്ന വേളയിലാണ് തനിക്ക് ജമാഅത്തെ പിന്തുണ ലഭിച്ചതെന്നും മുരളീധരന്‍ തുറന്നടിച്ചു. 2019 മുതല്‍ അവരുടെ പിന്തുണ ദേശീയ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന് ലഭിക്കുന്നുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.
ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസെന്ന് ജമാഅത്തെ ഇസ്ലാമി ദേശീയാടിസ്ഥാനത്തില്‍ സ്വീകരിച്ച നയത്തിന്റെ തുടര്‍ച്ചയാണ് പിന്തുണ. ഈ നയത്തിന്റെ ഭാഗമായി തന്നെയാണ് കോണ്‍ഗ്രസ് മുന്നണിയിലുള്ള സിപിഎമ്മിന് തമിഴ്നാട്ടില്‍ ജമാഅത്തെ ഇസ്ലാമി പിന്തുണ നല്‍കിയത്. സാമുദായിക നേതാക്കളെ വിമര്‍ശിക്കുന്നവരല്ല കോണ്‍ഗ്രസുകാരെന്നും സമുദായ നേതാക്കള്‍ വിളിക്കുമ്പോള്‍ എല്ലാവരും പോകാറുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം, മുരളീധരന്റെ തുറന്നുപറച്ചിനെ പൂര്‍ണമായും തള്ളാതെയുള്ള പ്രതികരണമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടത്തിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി പിന്തുണ എല്‍.ഡി.എഫിണ് നല്‍കിയതെങ്കിലും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലോ അഞ്ചോ സ്ഥാനാര്‍ഥികള്‍ക്ക് ജമാ അത്തെ ഇസ്ലാമി പിന്തുണ കിട്ടിക്കാണുമെന്ന ഒഴുക്കന്‍ മറുപടിയാണ് സതീശന്‍ നല്‍കിയത്.
ജമാഅത്തെ ഇസ്ലാമി കോണ്‍ഗ്രസ് ബന്ധം ആരോപിച്ച് സിപിഐഎം പ്രചാരണം ശക്തമാക്കുന്നതിനിടെയുണ്ടായ മുരളീധരന്റെ പ്രതികരണം കോണ്‍ഗ്രസില്‍ വരും ദിവസങ്ങളില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് ഇടയാക്കിയേക്കാം. മുസ്ലീം ലീഗാണ് മുരളീധരനെ കൊണ്ട് ഇത് പറയിപ്പിച്ചതെന്ന സൂചനയുമുണ്ട്. കഴിഞ്ഞതിന്റെ മുന്നിലെ ലോകസഭാ തിരഞ്ഞെടുപ്പു മുതല്‍ ജമാഅത്തയും ലീംഗും തമ്മില്‍ അകല്‍ച്ച കുറഞ്ഞിരുന്നു. ഭൂരിപക്ഷ വര്‍ഗീയതയോടുള്ള സി.പി.എം നിലപാടിലുണ്ടായ സംശയമാണ് ജമാ അത്തയെ ലീഗിലേക്കും അതുവഴി കോണ്‍ഗ്രസിലേക്കും അടിപ്പിക്കാന്‍ കാരണമാക്കിയതെന്നും സംശയിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സി.പി.എം നേതാക്കള്‍ എല്ലാവരും കഴിഞ്ഞ ദിവസങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുടെ പേരില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം മുതല്‍ രാഹുല്‍ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വയനാട്ടിലെ വിജയം വരെ ജമാഅത്തെ ഇസ്ലാമി പിന്തുണ കൊണ്ട് എന്നതായിരുന്നു സി.പി.എം പ്രചരണം.
സി.പി.എമ്മിന് നഷ്ടപ്പെട്ട ഹിന്ദു വോട്ടുകള്‍ തിരികെ എത്തിക്കാനുള്ള ശ്രമം എന്നായിരുന്നു കോണ്‍ഗ്രസ് ഇതിനെ വ്യാഖ്യാനിച്ചത്. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കെ.മുരളീധരന്റെ പരാമര്‍ശം പുതിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവയ്ക്കും.