by webdesk1 on | 25-12-2024 10:25:50 Last Updated by webdesk1
കോഴിക്കോട്: അക്ഷരനക്ഷത്രങ്ങളുടെ ഭാവതീവ്രത, മലയാളത്തെ ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച എഴുത്തിന്റെ പുണ്യം... സാഹിത്യവും സിനിമയും പത്രപ്രവര്‍ത്തനവുമടക്കം കൈവെച്ചതെല്ലാം പൊന്നാക്കിയ സര്‍ഗതീവ്രത... കാലത്തിനപ്പുറം പ്രതിഷ്ഠിച്ച എംടി എന്ന രണ്ടക്ഷരത്തിന് ഇനി അനശ്വരത എന്നര്‍ഥം.
മലയാള സാഹിത്യ, സിനിമാ ലോകത്തിന്റെ അഭിമാന സ്തംഭമാക്കിയ പ്രതിഭയായ മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി. വാസുദേവന്‍ നായരുടെ ജനനം 1933 ജൂലൈയില്‍ പാലക്കാട് കൂടല്ലൂരിലാണ്. പുന്നയൂര്‍ക്കുളം ടി.നാരായണന്‍ നായരുടെയും കൂടല്ലൂര്‍ അമ്മാളുവമ്മയുടെയും ഇളയ മകന്‍. സ്‌കൂള്‍ വിദ്യാഭ്യാസം കോപ്പന്‍ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലും മലമക്കാവ് എലിമെന്ററി സ്‌കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌കൂളിലും.
പാലക്കാട് വിക്ടോറിയ കോളേജില്‍ രസതന്ത്രത്തില്‍ ഉപരിപഠനത്തിന് ശേഷം സ്‌കൂളുകളില്‍ കണക്ക് അധ്യാപകനായി. ഇടയ്ക്ക് കിട്ടിയ ഗ്രാമസേവകന്റെ ജോലി ദിവസങ്ങള്‍ക്കകം രാജിവക്കുകയും അധ്യാപന രംഗത്ത് മടങ്ങിവരികയും ചെയ്തു. തുടര്‍ന്ന് മാതൃഭൂമിയില്‍ ചേര്‍ന്നതോടെ തട്ടകം കോഴിക്കോടേക്ക് മാറ്റി.
ബിരുദത്തിനു പഠിക്കുമ്പോള്‍ രക്തം പുരണ്ട മണ്‍തരികള്‍ എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങി. 1954 ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോക ചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ നടത്തിയ കഥാമത്സരത്തില്‍ എംടിയുടെ വളര്‍ത്തുമൃഗങ്ങള്‍ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തില്‍ ശ്രദ്ധേയനാകുന്നത്.
പാതിരാവും പകല്‍വെളിച്ചവും എന്ന ആദ്യനോവല്‍ ഈ സമയത്താണ് പുറത്തുവന്നത്. ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ നാലുകെട്ടിന് കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരം കിട്ടി. പില്‍ക്കാലത്ത് സ്വര്‍ഗം തുറക്കുന്ന സമയം, ഗോപുരനടയില്‍ എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
1970-ല്‍ കാലത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1984ല്‍ രണ്ടാമൂഴത്തിന് വയലാര്‍ അവാര്‍ഡും ലഭിച്ചു. 1995ല്‍ രണ്ടാമൂഴത്തിലൂടെ രാഷ്ട്രം ജ്ഞാനപീഠം നല്‍കി ആദരിച്ചു. 2005-ല്‍ പത്മഭൂഷണ്‍ ബഹുമതിയും 2011 ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും നേടി. ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം, പ്രഥമ കേരളജ്യോതി തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
സാഹിത്യജീവിതത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു എംടിക്ക് സിനിമാജീവിതവും. 1964-65 കാലഘട്ടത്തില്‍ സ്വന്തം കഥയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എംടി മലയാളസിനിമയിലെത്തുന്നത്. തുടര്‍ന്ന് തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ മലയാളചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ 70 ചലച്ചിത്രങ്ങളാണ് അദ്ദേഹം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. നാലു തവണ മികച്ച തിരക്കഥയ്്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.
1973ല്‍ അദ്ദേഹം സംവിധാനം ചെയ്ത നിര്‍മാല്യം രാഷ്ട്രപതിയുടെ സ്വര്‍ണ്ണപതക്കം നേടി. നിര്‍മാല്യത്തിന് ശേഷം ബന്ധനം (1978), മഞ്ഞ് (1982), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നിങ്ങനെ അഞ്ച് ചിത്രങ്ങള്‍ക്ക് കൂടി അദ്ദേഹം സംവിധായകനായി. എം.ടി-ഹരിഹരന്‍ ക്ലാസിക് കൂട്ടുകെട്ട് മലയാളസിനിമക്ക് ഒട്ടേറെ മനോഹരവിജയചിത്രങ്ങള്‍ സമ്മാനിച്ചു. ഏറ്റവുമൊടുവില്‍ തിരഞ്ഞെടുത്ത ഒമ്പത് കഥകള്‍ കോര്‍ത്തിണക്കി മനോരഥങ്ങള്‍.
1968ലാണ് എംടി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി ചുമതലയേല്‍ക്കുന്നത്. 1981ല്‍ ആ സ്ഥാനം രാജി വെച്ച അദ്ദേഹം 1989 ല്‍ പീരിയോഡിക്കല്‍സ് എഡിറ്ററായി മാതൃഭൂമിയില്‍ തിരികെ എത്തി. മാതൃഭൂമിയില്‍ നിന്നു 1999 ല്‍ വിരമിച്ച ശേഷം കേരളസാഹിത്യ അക്കാദമിയുടെ അധ്യക്ഷനായും പിന്നീട് തുഞ്ചന്‍ സ്മാരകസമിതിയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചു. മലയാളസാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് കോഴിക്കോട് സര്‍വകലാശാലയും മഹാത്മഗാന്ധി സര്‍വകലാശാലയും അദ്ദേഹത്തിന് ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചു.
1965ല്‍ എഴുത്തുകാരിയും വിവര്‍ത്തകയുമായ പ്രമീളയെയാണ് എംടി ആദ്യം വിവാഹം ചെയ്തത്. 1977ല്‍ പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സരസ്വതിയെ ജീവിതസഖിയാക്കി. കോഴിക്കോട് നടക്കാവില്‍ രാരിച്ചന്‍ റോഡിലെ സിതാരയിലാണ് താമസം. മൂത്തമകള്‍ സിതാര ഭര്‍ത്താവിനൊപ്പം അമേരിക്കയിലാണ്. രണ്ടാമത്തെ മകള്‍ അശ്വതി നര്‍ത്തകിയും സിനിമാ സംവിധായികയുമാണ്.