by webdesk1 on | 25-12-2024 07:46:57 Last Updated by webdesk1
അസ്താന: ക്രിസ്മസ് ദിനത്തില്‍ ലോകത്തെ ഞെട്ടിപ്പിച്ച വാര്‍ത്തയായിരുന്നു കസാഖ്സ്ഥാനിലുണ്ടായ യാത്രാ വിമാന അപകടം. 67 യാത്രക്കാരുമായി അസര്‍ബൈജാനിലെ ബകുവില്‍നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പറന്നുയര്‍ന്ന വിമാനം ഏതാനം മണിക്കൂറുകള്‍ക്കുള്ളില്‍ കസാഖ്സ്ഥാനിലെ തന്നെ അക്തൗ വിമാനത്താവളത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു.
അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനമാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ ഇതുവരെ 35 ഓളം യാത്രക്കാര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. 32 പേരെ രക്ഷപെടുത്തിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. അഞ്ച് ജീവനക്കാര്‍ അടക്കം 72 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.
ബാകുവില്‍ നിന്ന് റഷ്യയിലെ ചെച്‌നിയയിലെ ഗ്രോസ്നിയിലേക്ക് പുറപ്പെട്ട വിമാനം ഗ്രോസ്നിയിലെ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വഴിതിരിച്ചുവിടുകയായിരുന്നു. അപകടത്തിനു മുന്‍പ് വിമാനം ലാന്‍ഡ് ചെയ്യാന്‍ പലതവണ ശ്രമിച്ചിരുന്നു. എന്നാല്‍ വിമാനം ശക്തമായ ജിപിഎസ് ജാമിംഗിന് വിധേയമായതിനാല്‍ സിഗ്‌നല്‍ ബന്ധം നഷ്ടമായകുന്ന സാഹചര്യം ഉണ്ടായി.
വിമാനത്തില്‍ പക്ഷിക്കൂട്ടം ഇടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സോഷ്യല്‍ മീഡിയയിലെ വീഡിയോകളില്‍ വിമാനം താഴ്ന്ന ഉയരത്തില്‍ പറക്കുന്നതും പിന്നീട് നിലത്ത് ഇടിച്ചിറങ്ങുന്നതും ഒരു തീഗോളമായി പൊട്ടിത്തെറിക്കുന്നതും കാണാം. വിമാനം തകര്‍ന്നതിനു പിന്നാലെ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അഗ്‌നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.