by webdesk1 on | 25-12-2024 06:30:54 Last Updated by webdesk1
ന്യൂഡല്‍ഹി: ക്രിസ്മസ് തലേന്ന് ഡല്‍ഹിയിലെ കത്തോലിക്കാ ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) ആസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ വാചകങ്ങള്‍ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. സമൂഹത്തില്‍ അക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ തനിക്ക് വേദനയുണ്ടെന്നും സ്നേഹവും ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്താന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തേയാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ ആയുധമാക്കിയിരിക്കുന്നത്.
ജര്‍മനിയിലെ മാഗ്ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ നടന്ന ആക്രമണത്തെ അപലപിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. ആക്രമണത്തില്‍ ഒരു കുട്ടിയടക്കം അഞ്ച് പേരാണ് കൊല്ലപ്പെട്ടതായും പരിക്കേറ്റ 205 പേരില്‍ ഏഴ് ഇന്ത്യന്‍ പൗരന്‍മാരും ഉള്‍പ്പെട്ടതായും മോദി പറഞ്ഞു. എന്നാല്‍, ജര്‍മനിയിലെ ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി എന്തുകൊണ്ടാണ് മണിപ്പൂരില്‍ നടക്കുന്ന ക്രൂര വംശഹത്യയെ പരാമര്‍ശിക്കാത്തതെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ചോദിക്കുന്നത്.
ഇതാദ്യമായാണ് സിബിസിഐ ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത്. സമൂഹത്തില്‍ അക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ തനിക്ക് വേദനയുണ്ടെന്ന് ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ദയയുടെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും വഴികാട്ടിയാണ് യേശുക്രിസ്തു. സ്നേഹവും ഐക്യവും സാഹോദര്യവുമാണ് ക്രിസ്തുവിന്റെ സന്ദേശം. അത് ശക്തിപ്പെടുത്താന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.
ജനങ്ങളുടെ താല്‍പ്പര്യത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും മോദി പറഞ്ഞു. ജനങ്ങളുടെ താല്‍പ്പര്യവും രാജ്യത്തിന്റെ താല്‍പര്യവും പരിഗണിക്കുന്ന വിദേശനയമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. കോവിഡ് മഹാമാരികാലത്ത് ദരിദ്ര രാജ്യങ്ങളെ പിന്തുണയ്ക്കാന്‍ ഇന്ത്യ മുന്നോട്ട് വന്നു. 150ലധികം രാജ്യങ്ങള്‍ മരുന്നുകളെത്തിക്കുകയും ചെയ്തു.
യുദ്ധം കലുഷിതമായ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ പൗരന്‍മാരെ സുരക്ഷിതമായി രാജ്യത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടന്ന ഇന്ത്യയിലെ നഴ്സുമാരെ തിരികെയെത്തിച്ചു. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടന്ന ഫാദര്‍ അലക്സിസ് പ്രേം കുമാറിനെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സാധിച്ചു. എട്ട് മാസത്തോളമാണ് അദ്ദേഹം അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞത്.
സി.ബി.സി.ഐ സ്ഥാപിച്ചതിന്റെ 80-ാം വാര്‍ഷികത്തിലെ ക്രിസ്മസ് ആഘോഷത്തില്‍ തനിക്ക് പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയിലെ ജി-7 ഉച്ചകോടിക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണാനുള്ള അവസരം ലഭിച്ചെന്നും അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. കര്‍ദിനാള്‍ പദവിയിലെത്തിയ മാര്‍ ജോര്‍ജ് കൂവക്കാടിനെയും മോദി അഭിനന്ദിച്ചു.
ആഘോഷങ്ങള്‍ക്കിടെ നിരവധി ക്രൈസ്തവ നേതാക്കളുമായും അദ്ദേഹം സംവദിച്ചു. കഴിഞ്ഞ ആഴ്ച കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ ഡല്‍ഹിയിലെ വസതിയില്‍ വെച്ച് നടത്തിയ ക്രിസ്മസ് ആഘോഷത്തിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. അന്ന് നിരവധി ക്രൈസ്തവ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.