by webdesk1 on | 24-12-2024 09:29:32 Last Updated by webdesk1
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായും ഭരണകക്ഷിയുമായും നിരന്തരം കലഹിച്ചും ഇടയ്ക്കിടെ സൗഹൃദത്തിലായും അഞ്ചു വര്‍ഷക്കാലം കേരളത്തിന്റെ പ്രഥമ പൗരനായി സേവനം ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍ നിന്ന് വിടവാങ്ങുന്നു. ബിഹാര്‍ ഗവര്‍ണറായാണ് സ്ഥാനമാറ്റം. പകരം ഗോവന്‍ ബി.ജെ.പി രാഷ്ട്രീയത്തിലെ പ്രബല നേതാവും നിലവില്‍ ബിഹാര്‍ ഗവര്‍ണറുമായ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരള ഗവര്‍ണറാകും.
അടുത്ത വര്‍ഷം ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം. കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് ആരിഫ് മുഹമ്മദ് ഖാന്‍ കേരളാ ഗവര്‍ണര്‍ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെ ഒട്ടേറെ തവണ സംസ്ഥാന സര്‍ക്കാരുമായി കലഹിച്ചിരുന്നു. ഗവര്‍ണറെ പിന്‍വലിക്കണമെന്നടക്കം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയയ്ക്കുന്ന സാഹചര്യവും ഉണ്ടായി. ഇതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ സ്ഥാനമാറ്റം.
പകരം ആര്‍.എസ്.എസ് പശ്ചാത്തലമുളള രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ഗവര്‍ണറായി എത്തുന്നതോടെ സംസ്ഥാനത്തെ ഭരണാനിര്‍വഹണ അന്തരീക്ഷം കുറേക്കൂടി കലുഷിതമായേക്കും. ആര്‍.എസ്.എസ് നേതൃത്വവുമായും ബി.ജെ.പി ദേശീയ നേതൃത്വവുമായും അടുത്ത അടുപ്പമുള്ള അര്‍ലേക്കറുമായി സൗഹൃദാന്തരീക്ഷത്തില്‍ പോകാനായില്ലെങ്കില്‍ മുന്നോട്ടുള്ള ഭരണം പിണറായി വിജയനും കൂടുതല്‍ ദുഷ്‌കരമാകും. കാരണം ആരിഫ് മുഹമ്മദ് ഖാനേക്കാളും പ്രധാനമന്ത്രി നേരേന്ദ്ര മോദിയുമായി അടുപ്പമുള്ള ആളാണ് അര്‍ലേകര്‍.
ഗോവയുടെ തലസ്ഥാനമായ പനാജിയില്‍ ജനിച്ച അര്‍ലേകര്‍ ആര്‍.എസ്.എസിലൂടെയാണ് ബി.ജെ.പി രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. 1989 ല്‍ അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നു. 1980 മുതല്‍ ഗോവന്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ്. പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി, ഗോവ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ഗോവ സംസ്ഥാന പട്ടികജാതി ചെയര്‍മാന്‍, ബി.ജെ.പി ദക്ഷിണ ഗോവ പ്രസിഡന്റ് തുടങ്ങിയ സംഘടനാ തല ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
2012 ല്‍ നിയമസഭാംഗമായി. ആദ്യ അവസരത്തില്‍ തന്നെ നിയമസഭാ സ്പീക്കറായി. 2014 ല്‍ മനോഹര്‍ പരീക്കര്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായപ്പോള്‍ അര്‍ലേക്കറെ അടുത്ത മുഖ്യമന്ത്രിയായി പരിഗണിച്ചിരുന്നുവെങ്കിലും പകരം ലക്ഷ്മികാന്ത് പര്‍സേക്കറിനെ മുഖ്യമന്ത്രിയായി പാര്‍ട്ടി തിരഞ്ഞെടുത്തു. 2015 ല്‍ മന്ത്രിസഭാ പുനഃസംഘടനയെ തുടര്‍ന്ന് അര്‍ലേകറെ വനം-പരിസ്ഥിതി മന്ത്രിയാക്കി.
2021 ജൂലൈ 6 ന് ഹിമാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന ബന്ദാരു ദത്താത്രേയയെ ഹരിയാന ഗവര്‍ണറായി നിയമിച്ചപ്പോള്‍ അര്‍ലേക്കറെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു. തുടര്‍ന്ന് 2023 ഫെബ്രുവരിയില്‍ ഫാഗു ചൗഹാന്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് അര്‍ലേകര്‍ ബീഹാര്‍ ഗവര്‍ണറായി. ഈ പദവിയില്‍ രണ്ട് വര്‍ഷം തികയും മുന്‍പാണ് ഇപ്പോള്‍ കേരളാ ഗവര്‍ണറായി സ്ഥാനമാറ്റം കിട്ടിയിരിക്കുന്നത്.