News Kerala

ക്ഷേമപെന്‍ഷന്‍ തട്ടിപ്പ്: കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; 18 ശതമാനം പലിശയോടെ തുക തിരിച്ചുപിടിക്കും; സസ്‌പെന്‍ഷനും നേരിടേണ്ടിവരും

Axenews | ക്ഷേമപെന്‍ഷന്‍ തട്ടിപ്പ്: കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; 18 ശതമാനം പലിശയോടെ തുക തിരിച്ചുപിടിക്കും; സസ്‌പെന്‍ഷനും നേരിടേണ്ടിവരും

by webdesk1 on | 24-12-2024 08:09:54 Last Updated by webdesk1

Share: Share on WhatsApp Visits: 55


ക്ഷേമപെന്‍ഷന്‍ തട്ടിപ്പ്: കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; 18 ശതമാനം പലിശയോടെ തുക തിരിച്ചുപിടിക്കും; സസ്‌പെന്‍ഷനും നേരിടേണ്ടിവരും



തിരുവനന്തപുരം: പ്രായമായ പാവപ്പെട്ടവരുടെ ആശ്രയവും ആശ്വാസവുമായ ക്ഷേമപെന്‍ഷന്‍ അനര്‍ഹമായി പോക്കറ്റിലാക്കിയ 373 ജീവനക്കാര്‍ക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചു പിടിക്കുന്നതിനു പുറമേ ജീവനക്കാര്‍ക്കെതിരെ വകുപ്പ് തല നടപടിക്കും ഒരുങ്ങുകയാണ്. അറ്റന്‍ഡര്‍മാരും ക്ലര്‍ക്കിനും പുറമേ നഴ്‌സിങ് അസിസ്റ്റന്റുമാര്‍ വരെ നടപടി നേരിടുന്നവരുടെ പട്ടികയിലുണ്ട്.

നേരത്തെ തട്ടിപ്പില്‍ പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. 18 ശതമാനം പലിശ നിരക്കില്‍ അനധികൃതമായി കൈപ്പറ്റിയ പണം തിരികെ അടയ്ക്കണമെന്നായിരുന്നു നോട്ടീസില്‍. 22,600 രൂപ മുതല്‍ 86,000 രൂപ വരെയാണ് തിരികെ അടയ്‌ക്കേണ്ടത്. ജീവനക്കാരെ പിരിച്ചു വിടാന്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി ഉത്തരവിട്ടിരുന്നു. എന്നാല്‍ പണം തിരികെ അടച്ചതിനുശേഷം തുടര്‍ നടപടി മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം.

1400ല്‍ അധികം സര്‍ക്കാര്‍ ജീവനക്കാരാണ് അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയത് എന്ന വിവരം ധനവകുപ്പ് തന്നെ പുറത്തുവിട്ടിരുന്നു. ഇവരുടെ പട്ടിക അതാത് വകുപ്പുകള്‍ക്ക് കൈമാറി. വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാന്‍ ധനവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെ പണം തിരിച്ചു പിടിക്കാനുള്ള നീക്കങ്ങളും പല വകുപ്പുകളിലായി നടന്നിരുന്നു.

മറ്റ് വകുപ്പുകളിലെ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഉടന്‍ നടപടിയുണ്ടാകും. പലരും വ്യാജരേഖ സമര്‍പ്പിച്ചാണ് സാമൂഹിക സുരക്ഷ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായത്. സ്വീപ്പര്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരും അസി. പ്രഫസര്‍മാരും വരെയുള്ള 1450 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നണ്ടെന്ന് ധനവകുപ്പ് കണ്ടെത്തിയിരുന്നു. പിഴപ്പലിശ സഹിതം തുക തിരികെ പിടിക്കുന്നതിനൊപ്പം വകുപ്പുതല അച്ചടക്ക നടപടിക്കുമാണ് ധനവകുപ്പിന്റെ നിര്‍ദേശം.

62 ലക്ഷം ഗുണഭോക്താക്കളാണ് പെന്‍ഷന്‍ പദ്ധതിയിലുള്ളത്. ഇത്രയും പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് മാസം 900 കോടി രൂപ വേണം. ഈ തുക സമാഹരിക്കാന്‍ കഴിയാത്ത ഘട്ടങ്ങളില്‍ പെന്‍ഷന്‍ കമ്പനി വഴി വായ്പയെടുത്താണ് വിതരണം. ഈ സാഹചര്യത്തിലാണ് ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവരും മെച്ചപ്പെട്ട ജീവിതസൗകര്യമുള്ളവരും പദ്ധതിയില്‍ കടന്നുകൂടിയതിനെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നത്.

ആകെ 9201 സര്‍വീസ് പെന്‍ഷന്‍കാരും സര്‍ക്കാര്‍ ജീവനക്കാരും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതായാണ് സി.എ.ജി 2022ലെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ക്ഷേമപെന്‍ഷന്‍ പദ്ധതിയിലെ അനര്‍ഹരെ ഒഴിവാക്കുന്നതിന് വാര്‍ഡ് തലത്തിലുള്ള സൂക്ഷ്മപരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ, പദ്ധതിയിലെ ഗുണഭോക്താക്കളുടെ പട്ടിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇതുവഴി സോഷ്യല്‍ ഓഡിറ്റിങ്ങാണ് ഉദ്ദേശിക്കുന്നത്.




Share:

Search

Recent News
Popular News
Top Trending


Leave a Comment