by webdesk1 on | 23-12-2024 08:42:46
പാലക്കാട്: സ്വന്തം അണികള്‍ക്ക് പിന്നാലെ സി.പി.എമ്മിനും മുഖ്യമന്ത്രി ഉള്‍പ്പടെ പാര്‍ട്ടി നേതാക്കള്‍ക്കും സി.പി.ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ട്രോളി ബാഗും പാതിരാറെയ്ഡും നിശ്ശബ്ദപ്രചാരണദിവസം ചില പത്രങ്ങളില്‍വന്ന പരസ്യവുമുള്‍പ്പെടെ പാലാക്കാട് എല്‍.ഡി.എഫിന് തിരിച്ചടിക്ക് കാരണമായെന്ന് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
സി.പി.എം നേതാക്കളുടെ പരസ്പരവിരുദ്ധ നിലപാടുകളും അഭിപ്രായ അനൈക്യവുമാണ് പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ബാധിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതലുള്ള ആശയക്കുഴപ്പങ്ങള്‍ പ്രചരണത്തെ ദോഷമായി ബാധിച്ചു. തിരഞ്ഞെടുപ്പു സമയത്തെങ്കിലും നേതാക്കളുടെ വാക്കുകള്‍ നിയന്ത്രിക്കണമെന്നുള്‍പ്പെടെയുള്ള അഭിപ്രായങ്ങളുമുയര്‍ന്നു.
എല്‍.ഡി.എഫില്‍ ഘടക കക്ഷികളെ ഏകോപിപ്പിക്കുന്നതില്‍ പരാജയമുണ്ടായെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. മുകള്‍ത്തട്ടിലെ യോജിപ്പ് താഴെത്തട്ടിലെത്തിക്കാനായില്ല. ഇതിന് മണ്ഡലത്തിലെ സി.പി.എമ്മിന്റെ സംഘടനാദൗര്‍ബല്യവും കാരണമായി. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുശേഷം എല്‍.ഡി.എഫ്.യോഗം ഒരുതവണ മാത്രമാണ് ചേര്‍ന്നത്. പല കാര്യങ്ങളും ഘടകകക്ഷികള്‍ അറിഞ്ഞത് നടന്നുകഴിഞ്ഞ് മാത്രമായിരുന്നു.
പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം എല്‍.ഡി.എഫിന് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കി. മുഖ്യമന്ത്രി രണ്ടുദിവസം പാലക്കാട്ടെ യോഗങ്ങളില്‍ പങ്കെടുത്തെങ്കിലും കാര്യമായ ആവേശം ഉണ്ടാക്കാനായില്ല. ട്രോളി ബാഗ് വിവാദം യു.ഡി.എഫിന് ഒരുമിക്കാനുള്ള അവസരമുണ്ടാക്കിക്കൊടുത്തു. ഇ.പി. ജയരാജന്റെ ആത്മകഥയുടെ ഭാഗമെന്ന രീതിയില്‍വന്ന പ്രചാരണവും ദോഷം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.