by webdesk1 on | 22-12-2024 10:05:39 Last Updated by webdesk1
തിരുവനന്തപുരം: ഭരണ നേട്ടമായി മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി സെക്രട്ടറിയുമൊക്കെ ഉയര്‍ത്തിക്കാട്ടിയ കാര്യങ്ങള്‍ ഓരോന്നും തികഞ്ഞ പരാജയമാണെന്ന് തിരുത്തി പാര്‍ട്ടി സമ്മേളനങ്ങളിലെ ചര്‍ച്ചകളും റിപ്പോര്‍ട്ട് അവതരണങ്ങളും. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പടെ മുകളില്‍ നിന്ന് താഴേക്ക് എല്ലാവര്‍ക്കും കിട്ടുന്നുണ്ട് കണക്കിന് വിമര്‍ശനം. പാര്‍ട്ടി സംവിധാനങ്ങളിലും പോക്ഷക സംഘനകളിലും ഉണ്ടായ അപജയങ്ങളും നയമാറ്റങ്ങളും ഏറെ വിമര്‍ശനത്തിന് വിധേയമായി.
സംസ്ഥാനത്ത് ഉദ്യോഗസ്ഥ ഭരണമാണെന്നാണ് പ്രധാന ആക്ഷേപം. വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പിലുമൊക്കെ മന്ത്രിമാര്‍ക്ക് മുകളില്‍ ചിലര്‍ സൂപ്പര്‍ മന്ത്രിമാര്‍ ചമയുകയാണ്. ഇവരുടെ മേല്‍ മന്ത്രിമാര്‍ക്ക് ഒരു നിയന്ത്രണവും ഇല്ലെന്നും അക്ഷേപമുണ്ട്.
മന്ത്രിയെ മറികടന്ന് തദ്ദേശ ഭരണവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിന് സ്പീക്കര്‍ എ.എന്‍. ഷംസീറിന് എതിരെയും വിമര്‍ശനം ഉയര്‍ന്നു. വെഞ്ഞാറമ്മൂട് നിന്നുളള പ്രതിനിധിയാണ് സ്പീക്കര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാരില്‍ തോന്നുംപടി കാര്യങ്ങള്‍ നടക്കുന്നതിന്റെ തെളിവായാണ് മന്ത്രി അറിയാതെ സ്പീക്കര്‍ തദ്ദേശഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതെന്ന് ഇദ്ദേഹം ആരോപിച്ചു.
സര്‍ക്കാര്‍ പരിപാടിക്ക് ആളെ കൂട്ടുന്നവരായി മാത്രമാണ് തദ്ദേശസ്ഥാപനങ്ങളെ കണക്കാക്കുന്നത്. മന്ത്രിക്കും മുകളിലായാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം താഴേക്കാണെന്നും വകുപ്പില്‍ നടക്കുന്നതൊന്നും മന്ത്രിമാര്‍ അറിയുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
തിരുവനന്തപുരം നഗരസഭാ ഭരണത്തിനെതിരെയും വിമര്‍ശനമുണ്ട്. മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമെന്ന് പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശിച്ചു. ദേശീയ അന്തര്‍ദേശിയ പുരസ്‌കാരങ്ങള്‍ വാങ്ങിയിട്ട് കാര്യമില്ലെന്നും ജനങ്ങളുടെ അവാര്‍ഡാണ് വേണ്ടതെന്നും കുറ്റപ്പെടുത്തലുണ്ട്. അതില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ തികഞ്ഞ പരാജയമാണ്. ഈ നിലയ്ക്ക് പോയാല്‍ നഗരസഭ ഭരണം ബി.ജെ.പി കൊണ്ടു പോകുമെന്നാണ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടത്.
ലൈഫ്ഭവന പദ്ധതി ഇഴഞ്ഞ് നീങ്ങുകയാണ്. പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പലതും അശാസ്ത്രീയമാണെന്നും വിമര്‍ശനമുണ്ട്. ക്ഷേമനിധി ബോര്‍ഡുകളില്‍ അംശാദായം അടച്ചവര്‍ക്കുളള പെന്‍ഷന്‍ 18 മാസമായി കുടിശികയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്നും പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കി.