by webdesk1 on | 22-12-2024 12:00:35 Last Updated by webdesk1
തിരുവനന്തപുരം: ലോക്കൽ, ഏരിയ സമ്മേളനങ്ങൾക്ക് പിന്നാലെ സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലും സർക്കാരിനും പാർട്ടിക്കും എതിരെ വിമർശനം. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വെച്ചാണ് അതിരൂക്ഷ വിമർശനങ്ങൾ ഏറെയും ഉണ്ടായത്. പ്രത്യേകിച്ച് ആഭ്യന്തര വകുപ്പിനെതിരെ.
എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ ഡി.ജി.പി സ്ഥാനക്കയറ്റ ലിസ്റ്റിൽ ഉൾപ്പെടുത്തിയത് അടക്കം ആഭ്യന്തര വകുപ്പിലെ നടപടികളിലെ പാർട്ടി വിരുദ്ധത ചൂണ്ടിക്കട്ടിയായിരുന്നു വിമർശനം. പിണറായി വിജയന്റെ പ്രത്യേക താല്പര്യത്തിലാണ് അജിത്കുമാറിന് സ്ഥാനക്കയറ്റം നൽകിയത്. നടപടിയെ സി.പി.എം സംസ്ഥാന നേതൃത്വം ന്യായീകരിക്കുമ്പോഴാണ് ജില്ലാ നേതാക്കളുടെ ഇടയിൽ നിന്ന് തിരുത്തൽ ശബ്ദം ഉണ്ടാകുന്നത്. മുൻപ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം പ്രകടിപ്പിച്ചതും ജില്ലാ കമ്മറ്റിയുടെ അഭിപ്രായമായിരുന്നു.
വിവിധ സേവനങ്ങളുടെ ഫീസ് നിരക്കുകൾ കൂട്ടിയ സർക്കാർ നടപടിക്കെതിരെയും വലിയ വിമർശനം ഉയർന്നു. തുടർ ഭരണം സഖാക്കളിൽ മൂല്യച്യുതി ഉണ്ടാക്കി. സംഘടനാ ദൗർബല്യത്തിനും തുടർഭരണം കാരണമായി. സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാൻ നടപടി ഉണ്ടാകുന്നില്ല. മധു മുല്ലശ്ശേരി ബി.ജെ.പിയോട് അടുത്തതും ആറ്റിങ്ങൽ മണ്ഡലത്തിലെ ബി.ജെ.പി വളർച്ചയും ഒന്നും തിരിച്ചറിയാൻ കഴിയാതെ പോയി. പാർട്ടി സംഘടനാ നേതൃത്വം തിരുത്തലിന് തയ്യാറാകണമെന്നും സമ്മേളനത്തിൽ ആവശ്യമുയര്‍ന്നു.
ഡി.വൈ.എഫ്.ഐ ചാരിറ്റി സംഘടന മാത്രമായി മാറിയെന്നും എസ്.എഫ്.ഐയുടെ ഇപ്പഴത്തെ പോക്കേ് നിയന്ത്രിച്ചേ തീരുവെന്നും അഭിപ്രായം ഉയർന്നു. വർഗ്ഗീയതയ്ക്കും തൊഴിലില്ലായ്മക്കുമെതിരെ ഒന്നും ഡി.വൈ.എഫ്.ഐ ചെയ്യുന്നില്ല. നഗരസഭാ ഭരണത്തിലും പാളിച്ചകൾ ഉണ്ട്. സർക്കാരും നേതാക്കളും നിരന്തരം വിവാദങ്ങളിൽ പെടുന്നതിനാൽ ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.