by webdesk1 on | 21-12-2024 08:12:41
ആലപ്പുഴ: ഒരിക്കലും രാഷ്ട്രീയക്കാരൻ ആകാൻ ആഗ്രഹിച്ച ആളായിരുന്നിള്ള താണെന്ന് സുരേഷ് ഗോപി എം.പി. ഗുജറാത്തിൽ വച്ച് നരേന്ദ്ര മോദിയെ കാണുന്നതുവരെ തീരുമാനത്തിന് മാറ്റമുണ്ടായിരുന്നില്ല. താൻ രാഷ്ട്രിയത്തിലേക്ക് വന്നത് താൻ ഇഷ്ടപ്പെടുന്ന നേതാക്കൾക്ക് രാഷ്ട്രീയ പിൻബലം നൽകാനാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ജനസേവനം തനിക്ക് തൊഴിൽ അല്ല. പാർലമെന്‍റ് അംഗം എന്ന നിലയിൽ ഇതുവരെ കിട്ടിയ വരുമാനവും പെൻഷനും താൻ കൈകൊണ്ട് തൊട്ടിട്ടില്ല. രാജ്യസഭാ എം പി ആയിരുന്നപ്പോളും ഇപ്പോൾ തൃശൂർ എം പിയായിരിക്കുമ്പോഴും അങ്ങനെ തന്നെയാണ്. ഇക്കാര്യം ആർക്ക് വേണമെങ്കിലും പരിശോധിക്കാം.
ഒരിക്കലും രാഷ്ട്രീയം പറയേണ്ടി വരുമെന്ന് കരുതിയ ആളല്ല താൻ. എന്നാൽ എന്‍റെ അന്നം മുട്ടിക്കുന്ന ചില രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടായപ്പോളാണ് രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടി വന്നത്. അങ്ങനെയാണ് രാഷ്ട്രീയത്തിന്‍റെ താര നിരയിലേക്ക് ഇറങ്ങിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ജയസാധ്യതയുള്ളവരെ സ്ഥാനാർത്ഥികൾ ആക്കണം. ജയിക്കുമെന്ന് ഉറപ്പുള്ളവരെ നിർത്തണം. വിജയം മാത്രമേ എല്ലാവരും നോക്കൂ. ശതമാന കണക്കൊന്നും നോക്കില്ല. ജയിക്കുമെന്ന് ഉറപ്പുളവരെ നിർത്തിയാൽ 60 ശതമാനം ശതമാനം സീറ്റ് നേടാം. അല്ലെങ്കിൽ അധ്വാനം പാഴായി പോകും. ആ നിരാശ വളർച്ചയ്ക്കല്ല തളർച്ചക്കാണ് വളം വയ്ക്കുക.
പുതിയ തീരുമാനങ്ങൾ എടുക്കണം. നമ്മൾ അടുത്ത സാധ്യതയാണെന്ന് ജനം പറയുമ്പോൾ അതിന്റെ വാലുപിടിച്ച് പറയാനുള്ള ആർജ്ജവം നമുക്ക് ഉണ്ടാകണം. നമുക്ക് ജയിച്ചേ മതിയാകൂ. വിജയം മാത്രമേ ലോകം അംഗീകരിക്കൂ. ശതമാനം ഒന്നും ആരും അംഗീകരിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.