News Kerala

വിചാരണ വൈകുന്നതിൽ എസ്.എഫ്.ഐക്കും സി.പി.എമ്മിനും ആവലാതി ഇല്ല: നാൻ പെറ്റ മകന് വേണ്ടി പോരാടാൻ അമ്മ മാത്രം; സ്മാരകം പണിതവരും ബക്കറ്റ്‌ പിരിവ് നടത്തിയവരും എവിടെയെന്ന് സോഷ്യൽ മീഡിയ

Axenews | വിചാരണ വൈകുന്നതിൽ എസ്.എഫ്.ഐക്കും സി.പി.എമ്മിനും ആവലാതി ഇല്ല: നാൻ പെറ്റ മകന് വേണ്ടി പോരാടാൻ അമ്മ മാത്രം; സ്മാരകം പണിതവരും ബക്കറ്റ്‌ പിരിവ് നടത്തിയവരും എവിടെയെന്ന് സോഷ്യൽ മീഡിയ

by webdesk1 on | 20-12-2024 09:14:45 Last Updated by webdesk1

Share: Share on WhatsApp Visits: 65


വിചാരണ വൈകുന്നതിൽ എസ്.എഫ്.ഐക്കും സി.പി.എമ്മിനും ആവലാതി ഇല്ല: നാൻ പെറ്റ മകന് വേണ്ടി പോരാടാൻ അമ്മ മാത്രം; സ്മാരകം പണിതവരും ബക്കറ്റ്‌ പിരിവ് നടത്തിയവരും എവിടെയെന്ന് സോഷ്യൽ മീഡിയ


കൊച്ചി: വർഗീയതക്കെതിരെ ശബ്ദമുയർത്തിയതിനു ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ കുത്തേറ്റു മരിച്ച എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ കോടതി കയറി ഇറങ്ങാൻ ഇപ്പോൾ കുടുംബം മാത്രം. അഭിമന്യുവിനുവേണ്ടി സ്മാരകം പണിതവർക്കും വർഷാവർഷം രക്തസാക്ഷി ദിനം ആചരിക്കുന്നവർക്കും വിചാരണ വൈകുന്നതിൽ ഒരു ആവലാതിയും ഉള്ളതായി കാണുന്നില്ല. ഒടുവിൽ വട്ടവടയിൽ നിന്നും അഭിമന്യുവിന്റെ അമ്മ നേരിട്ട് വരേണ്ടി വന്നു, തന്റെ മകന്റെ ജീവനെടുത്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ. 


മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയിട്ടു ഇന്നേക്ക് ആറു വർഷവും ഏഴ് മാസവും പിന്നിടുന്നു. രണ്ടു മാസത്തിനുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞത് വലിയ അഭിമാനത്തോടെയാണ് അന്ന് സി.പി.എം പറഞ്ഞു നടന്നത്. 


എന്നാൽ പ്രധാന പ്രതികളെ അടക്കം പിടികൂടുന്നതിൽ പോലീസ് അലംഭാവം കാട്ടുകയായിരുന്നു. രണ്ടു വർഷത്തിന് ശേഷം കോവിഡ് കാലത്താണ് പ്രധാന പ്രതികളിലൊരാൾ കീഴടങ്ങാൻ എത്തിയത്. മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിയ പ്രതിയെ പോലീസ് കോടതി മുറിയിൽ നിന്ന് ഓടിച്ചിട്ട് പിടികൂടിയത് വലിയ ചർച്ച ആയിരുന്നു. വിചാരണ വൈകിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒത്താശയോടെയാണ് പ്രതികളെ പിടികൂടാൻ വൈകിയതെന്നായിരുന്നു അന്ന് ഉയർന്നു കേട്ട ആക്ഷേപം. 


ഇതിനിടെയും കേസ് അട്ടിമറിക്കുന്നതായ സംഭവങ്ങളും ഉണ്ടായി. വിചാരണ കഴിഞ്ഞവർഷം അവസാനം ആരംഭിക്കാനിരിക്കെ കുറ്റപത്രമടക്കമുള്ള പ്രധാന രേഖകൾ വിചാരണക്കോടതിയിൽനിന്ന്‌ നഷ്ടമായ സംഭവം ഉണ്ടായി. കേസിന്റെ മുന്നോട്ടുള്ള പോക്ക് അനിശ്ചിതത്വത്തിലാകുമെന്ന ഘട്ടം വന്നപ്പോൾ ഹൈക്കോടതി നിർദേശപ്രകാരം പ്രോസിക്യൂഷൻ രേഖകൾ പുനഃസൃഷ്ടിച്ച് കോടതിയിൽ സമർപ്പിച്ചു.


എന്നിട്ടും വിചാരണ വൈകുന്നതിനാലാണ് ഇപ്പോൾ അഭിമന്യുവിന്റെ അമ്മ നേരിട്ട് കോടതിയെ സമീപിച്ചത്. അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹർജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് റിപ്പോർട്ട്‌ ആവശ്യപ്പെട്ടിരിക്കുകയാണ് ഹൈക്കോടതി.  കേസിൽ വിചാരണ ആരംഭിക്കാൻ വൈകുന്നതിന്റെ കാരണമാണ് ഹൈക്കോടതി ആരായുന്നത്. കേസ് ജനുവരി 17ന് വീണ്ടും പരിഗണിക്കും. 


എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്ന അഭിമന്യു എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയായിരിക്കുമ്പോഴാണ് 2018 ജൂലൈ 2ന് കൊല്ലപ്പെട്ടത്. ചുമരെഴുത്തുമായി ബന്ധപ്പെട്ട് ക്യാംപസില്‍ നിലനിന്നിരുന്ന തർക്കത്തിനു പിന്നാലെ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. കോളജിലെ പ്രവേശനോത്സവത്തിന് തലേന്ന് അഭിമന്യുവിനെ കുത്തുകയായിരുന്നു. 16 പ്രതികളും 125 സാക്ഷികളുമാണ് കേസിലുള്ളത്. തുടർന്ന് 2018 സെപ്തംബർ 26ന് കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല എന്നു ചൂണ്ടിക്കാട്ടിയാണ് അഭിമന്യുവിന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. 


 കേസിലെ നിർണായക സാക്ഷികളായ 25 പേർ മഹാരാജാസ് കോളജ് വിദ്യാർഥികളാണ്. ഇവരിൽ പലരും മറ്റു ജില്ലകളിൽ നിന്നുള്ളവരാണ്. എല്ലാവരും തന്നെ പഠനം പൂർത്തിയാക്കി കോളജ് വിട്ടു. ഉപരിപഠനത്തിനും ജോലിക്കുമായി ചിലർ വിദേശത്തേക്കും പോയി. ഇവരെ കണ്ടെത്തി സമൻസ് നൽകാൻ പോലും ബുദ്ധിമുട്ടാണ്. സാക്ഷികളെ സ്വാധീനിക്കാൻ പ്രതിഭാഗം ശ്രമിക്കുന്നതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തെങ്കിലും പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.  

Share:

Search

Recent News
Popular News
Top Trending


Leave a Comment