Views Politics

പെരുന്നയില്‍ യഥാര്‍ത്ഥ നായര്‍ ആര്? എട്ടു വര്‍ഷത്തിന് ശേഷം ചെന്നിത്തല എന്‍.എസ്.എസ് ആസ്ഥാനത്തേക്ക്; സതീശന്‍ മാരമണ്ണില്‍; താക്കോല്‍ സ്ഥാനത്തേക്ക് ആരെത്തും...

Axenews | പെരുന്നയില്‍ യഥാര്‍ത്ഥ നായര്‍ ആര്? എട്ടു വര്‍ഷത്തിന് ശേഷം ചെന്നിത്തല എന്‍.എസ്.എസ് ആസ്ഥാനത്തേക്ക്; സതീശന്‍ മാരമണ്ണില്‍; താക്കോല്‍ സ്ഥാനത്തേക്ക് ആരെത്തും...

by webdesk1 on | 20-12-2024 10:22:45 Last Updated by webdesk1

Share: Share on WhatsApp Visits: 70


പെരുന്നയില്‍ യഥാര്‍ത്ഥ നായര്‍ ആര്? എട്ടു വര്‍ഷത്തിന് ശേഷം ചെന്നിത്തല എന്‍.എസ്.എസ് ആസ്ഥാനത്തേക്ക്; സതീശന്‍ മാരമണ്ണില്‍; താക്കോല്‍ സ്ഥാനത്തേക്ക് ആരെത്തും...



കോട്ടയം: ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രി ആരാകുമെന്നതാണ് കോണ്‍ഗ്രസ് ക്യാമ്പിലെ ഇപ്പോഴത്തെ ചര്‍ച്ച. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മികച്ച പ്രകടനവുമായി നിയമസഭയിലും ഉപതിരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ പാര്‍ട്ടിയിലും ശക്തനായി വളര്‍ന്നുകൊണ്ടിരിക്കുന്ന വി.ഡി. സതീശനെ മറികടക്കാന്‍ രമേശ് ചെന്നിത്തലയ്ക്കാകുമോയെന്ന അഭ്യൂഗങ്ങളും കണക്കുകൂട്ടലുകളും സജീവമായിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളുടെ പിന്തുണ രമേശിനുണ്ട്. എ,ഐ ഗ്രൂപ്പുകള്‍ക്കൊപ്പമായിരുന്ന ചെറിയൊരുവിഭാഗം യൂത്തിന്റെ പിന്തുണയും രമേശിനാണ്. എന്നാല്‍ പാര്‍ട്ടി ഏറെക്കുറെ കൈയ്യടിക്കിയിരിക്കുന്ന സതീശനെ മറികടക്കുകയെന്നത് അത്ര എളുപ്പമല്ലെന്ന് ചെന്നിത്തലയ്ക്കുവേണ്ടി നിലകൊള്ളുന്നവര്‍ക്ക് അറിയാം. 


ഇതു മുന്നില്‍ കണ്ട് പാര്‍ട്ടിയില്‍ ശക്തമാകാനുള്ള നീക്കങ്ങള്‍ രമേശ് ചെന്നിത്തല ആരംഭിച്ചിട്ടുണ്ട്. കെ.പി.സി.സി നേതൃത്വത്തിനെതിരെ ഒരു വിഭാഗം നേതാക്കളെ രംഗത്തിറക്കിയും സര്‍ക്കാരിനെതിരെ ആഴിമതി ആരോപണവുമൊക്കെയായും ലൈംലൈനില്‍ സജീവമാകാന്‍ ഒരു വശത്ത് ശ്രമം നടത്തുമ്പോള്‍ സ്വന്തം സമുദായത്തില്‍ നിന്നുണ്ടായ നീക്കം ചെന്നിത്തലയ്ക്ക് പ്രതീക്ഷിതമായ നേട്ടമുണ്ടാക്കിയിരിക്കുകയാണ്. വരുന്ന മന്നം ജയന്തി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്താനുള്ള ക്ഷണമാണ് ചെന്നിത്തലയ്ക്ക് ലഭിച്ചിരിക്കുന്നത്. 


കഴിഞ്ഞ എട്ട് വര്‍ഷമായി അകല്‍ച്ചയിലായിരുന്ന ചെന്നിത്തലയെ പെരുന്നയിലേക്ക് ക്ഷണിച്ചതിനു പിന്നില്‍ വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ താക്കോല്‍ സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ കൊണ്ടുവരണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്താവനയായിരുന്നു ഇരുവര്‍ക്കുമിടയില്‍ അകല്‍ച്ചയിലേക്ക് നയിച്ചത്. അപകടം മണത്ത ചെന്നിത്തല സുകുമാരന്‍ നായരുടെ പ്രസ്താവന തള്ളി. ഒരു സമുദായത്തിന്റെ ആളായി തന്നെ ബ്രാന്‍ഡ് ചെയ്യപ്പെടുന്നു എന്നതായിരുന്നു ചെന്നിത്തല ഉയര്‍ത്തിയ ആരോപണം. ഇതോടെ ഇരുവര്‍ക്കുമിടയില്‍ ദീര്‍ഘനാളത്തെ വിള്ളലുണ്ടായി. 


ഇപ്പോഴതില്‍ മറ്റം വരുന്നതിന്റെ സൂചനയാണ് പെരുന്നയിലേക്കുള്ള ചെന്നിത്തലയുടെ ക്ഷണം. മുഖ്യമന്ത്രി കസേരയിലേക്ക് സതീശന് കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നത് തിരിച്ചറിഞ്ഞാണ് കോണ്‍ഗ്രസിലെ പ്രബല സാമുദായിക സംഘടനയായ എന്‍.എസ്.എസിന്റെ നീക്കം. ഇരുവരും നായര്‍ സമുദായത്തില്‍ നിന്നുള്ളവരാണെങ്കിലും എന്‍.എസ്.എസിന് താല്‍പര്യം കൂടുതല്‍ ചെന്നിത്തലയോടാണ്. ജനുവരി രണ്ടിന് മന്നംജയന്തി സമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായാണ് ചെന്നിത്തല എത്തുന്നത്.


എന്‍.എസ്.എസ് നേതൃത്വത്തിനും രമേശ് ചെന്നിത്തലയ്ക്കും ഇടയിലുള്ള മഞ്ഞുരുകുന്നതോടെ കേരളത്തിലെ പ്രബല സമുദായമായ എന്‍.എസ്.എസിന്റെ പിന്തുണ ചെന്നിത്തലയ്ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സതീശന്‍ വിരുദ്ധപക്ഷക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍. അതേസമയം മുസ്ലീം ലീഗിന് താല്‍പ്പര്യം വി.ഡി. സതീശന് നേട്ടമുണ്ടാക്കും. സതീശന്‍ മുന്നില്‍ നിന്ന് നയിച്ച ലോകസഭാ, ഉപതിരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എഫിന്റെ പ്രത്യേകിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് പിന്നില്‍ മുസ്ലീം ലീഗിന്റെ ശക്തമായ പ്രവര്‍ത്തനം ഉണ്ടായിരുന്നു. ഇത് സതീശനും ലീഗും തമ്മിലുള്ള ബന്ധം കൂറേക്കൂടി ദൃഢമാക്കിയിട്ടുണ്ട്. മാത്രമല്ല ക്രിസ്ത്യന്‍ വിഭാഗത്തിനും സതീശന്‍ സ്വീകാര്യനായി മാറുന്നതിന്റെ സൂചനകളും കാണുന്നുണ്ട്. 


ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കണ്‍വന്‍ഷനായ മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കാന്‍ വി.ഡി. സതീശനെ മാര്‍ത്തോമ്മാ സഭ ക്ഷണിച്ചതിന് പിന്നില്‍ ഇതിന്റെ സൂചനയാണ്. ഫെബ്രുവരി 15ാം തീയതി നടക്കുന്ന യുവജന സമ്മേളനത്തില്‍ സംസാരിക്കാനാണ് സതീശനെ ക്ഷണിച്ചിരിക്കുന്നത്. 130 വര്‍ഷത്തെ ചരിത്രമുള്ള മാരാമണ്‍ കണ്‍വെന്‍ഷനില്‍ രാഷ്ട്രീയക്കാര്‍ പങ്കെടുക്കാറുണ്ടെങ്കിലും പ്രസംഗിക്കാന്‍ വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രമേ അവസരം ലഭിച്ചിട്ടുള്ളു. സി.വി. കുഞ്ഞിരാമന്‍, അച്യുതമേനോന്‍, ശശി തരൂര്‍ എന്നിവരാണ് മുന്‍പ് പ്രസംഗിച്ചിട്ടുള്ള രാഷ്ട്രീയ നേതാക്കള്‍. 


അടുത്തിടെ ക്രൈസ്തവ സഭകളുടെ മിക്ക വേദികളിലും മുഖ്യ അതിഥിയായി വി.ഡി. സതീശന്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ മുനമ്പം വിഷയം സതീശന് ചെറിയ തോതില്‍ ക്രൈസ്തവര്‍ക്കിടയില്‍ അപ്രീതി വരുത്തിയിട്ടുണ്ട്. അതു മറികടക്കാനുള്ള ഇടപെടലുകള്‍ സതീശന്റെ ഭാഗത്ത് ഉണ്ടായിട്ടുണ്ടെങ്കിലും പഴയ വിശ്വാസീയതയിലേക്ക് മടങ്ങിവരാനായിട്ടില്ല. അതിനാല്‍ തന്നെ ക്രൈസ്തവ സഭകളുമായിട്ടുള്ള ബന്ധം ഭാവിയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പിന്തുണയായി കാണേണ്ടതില്ല എന്ന കാഴ്ച്ചപാടിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.


Share:

Search

Recent News
Popular News
Top Trending


Leave a Comment