by webdesk1 on | 20-12-2024 08:13:31 Last Updated by webdesk1
തിരുവനന്തപുരം: പാർട്ടിക്ക് ലഭിച്ച മന്ത്രിസ്ഥാനം സംബന്ധിച്ചു പുറത്തുനിന്നു തീരുമാനങ്ങൾ ഉണ്ടാകുന്നതിൽ കടുത്ത അമർഷത്തിലാണ് എൻ.സി.പി സംസ്ഥാന നേതൃത്വവും ഒരു വിഭാഗം നേതാക്കളും. എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയും സി.പി.എമ്മും തള്ളിയതോടെ ശശീന്ദ്രനെ മന്ത്രിസഭയിൽനിന്ന് പിൻവലിക്കുന്നതുൾപ്പെടെ തിരക്കിട്ട നീക്കങ്ങൾ എൻ.സി.പി സംസ്ഥാന നേതൃത്വം ആരംഭിച്ചിരിക്കുകയാണ്. എന്നാൽ തോമസ് കേ. തോമസിനെ മന്ത്രി ആക്കാനായില്ലെങ്കിൽ രാജിവെക്കാൻ തയാറല്ലെന്ന നിലപാടിലാണ് ശശീന്ദ്രനും.
തോമസ് കെ. തോമസ് മന്ത്രിയാകുമെങ്കിൽ ഒഴിയാൻ തയാറാണ്. എന്നാൽ, അതിന് തയാറല്ലെന്ന് മുഖ്യമന്ത്രി മൂന്നുതവണ എൻ.സി.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ ഘട്ടത്തിൽ രാജിവെക്കുന്നത് മുഖ്യമന്ത്രിയോടും ഇടതുമുന്നണിയോടും ഏറ്റുമുട്ടുന്നതിന് സമമാണ്. അതിന് താൽപര്യമില്ല. മുഖ്യമന്ത്രിയുമായും ഇടതുപക്ഷവുമായും ചേർന്നുപോകാനാണ് ആഗ്രഹമെന്നും ശശീന്ദ്രൻ വ്യക്തമാക്കി.
മന്ത്രിയെ നിർദേശിക്കുന്നത് അതത് പാർട്ടികളാണ്. എന്നാൽ, അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതാകും. മുഖ്യമന്ത്രിക്ക് അതൃപ്തനായ ഒരാളെ മന്ത്രിയാക്കാനാവില്ലല്ലോ. ഇതിന്റെപേരിൽ പാർട്ടിയിൽ അനൈക്യമുണ്ടാവുന്നതോ അരാജകത്വം സൃഷ്ടിക്കുന്നതോ ശരിയല്ല. തോമസിനെ മന്ത്രിയാക്കണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടെന്നാണ് പി.സി. ചാക്കോ പറയുന്നത്. അങ്ങനെയെങ്കിൽ അക്കാര്യം പ്രസിഡന്റ് എന്നെയായിരുന്നു അറിയിക്കേണ്ടത്. മന്ത്രിസ്ഥാനം പങ്കുവെക്കേണ്ട കാര്യമേയില്ലെന്ന് ചാക്കോ മുൻപ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇപ്പോൾ നിലപാടു മാറ്റിയതിന്റെ കാരണം വ്യക്തമല്ലെന്നും ശശീനന്ദ്രൻ പറഞ്ഞു.
മന്ത്രിയെ മാറ്റാനുള്ള പാർട്ടി തീരുമാനം അംഗീകരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടിൽ എൻ.സി.പി പ്രസിഡന്റ് പി.സി. ചാക്കോ അമർഷത്തിലാണ്. മുഖ്യമന്ത്രിയുടെ പിന്തുണ ഉറപ്പുള്ളതിനാലാണ് ശശീന്ദ്രൻ, പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ പരസ്യമായി ചോദ്യംചെയ്യുന്നതെന്ന് ചാക്കോ കരുതുന്നു. ഈ സാഹചര്യത്തിലാണ് തോമസിനെ മന്ത്രിയാക്കിയില്ലെങ്കിലും ശശീന്ദ്രനെ രാജിവെപ്പിക്കാൻ പി.സി. ചാക്കോ വിഭാഗം കരുനീക്കുന്നത്. എന്നാൽ, എൻ.സി.പിയിൽ നിന്ന് അതിന് പൂർണ പിന്തുണയില്ല.
മുഖ്യമന്ത്രിയും സി.പി.എമ്മും ശശീന്ദ്രനൊപ്പമാണെന്ന് വ്യക്തമായതോടെ നേരത്തേ തോമസ് കെ. തോമസിനായി വാദിച്ച പലരും ഇപ്പോൾ നിലപാട് മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പിന്തുണ ഉറപ്പായ സാഹചര്യത്തിൽ പാർട്ടി തീരുമാനിച്ചാലും രാജിവെക്കാൻ ശശീന്ദ്രൻ തയാറായേക്കില്ലെന്നാണ് സൂചന. ഇത് പാർട്ടിയിൽ അനൈക്യത്തിനും ചിലപ്പോൾ പിളർപ്പിലേക്കും വരെ എത്തിച്ചേക്കാമെന്നും രാഷ്ട്രിയ നിരീക്ഷകർ കരുതുന്നു.