by webdesk1 on | 20-12-2024 07:32:25 Last Updated by webdesk1
കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയം രമ്യതയിൽ അവസാനിക്കാനുള്ള സാധ്യതകൾ മങ്ങുന്നു. മുസ്‌ലിം സംഘടനകൾക്കിടെയിൽ വൈകാരിക വിഷയമായി വിഷയം മാറിയിരിക്കുകയാണ്. എരിതീയിൽ എണ്ണ ഒഴിക്കുംപോലെ വഖഫ് ബോർഡും തന്നാൽ കഴിയുന്നത് ചെയ്യുന്നുണ്ട്. ഇതിനിടെയാണ് ഫാറൂഖ് കോളേജിന്റെ വാദം തള്ളി തീവ്ര മുസ്‌ലിം മതവാദികൾ രംഗത്ത് എത്തിയിരിക്കുന്നത്.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും ഇഷ്ടദാനം കിട്ടിയതാണെന്നും ഭൂമി വിൽക്കാൻ അവകശമുണ്ടെന്നും ഫാറൂഖ് കോളേജ് ജുഡീഷ്യൽ കമ്മീഷന് മുൻപാകെ വ്യക്തമാക്കിയതാണ് പുതിയ തർക്കങ്ങളിലേക്ക് കടക്കാൻ ഇടയാക്കിയത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ല. ഫാറൂഖ് കോളേജിന് ഇഷ്ടദാനമായി കിട്ടിയതാണ്. അതുകൊണ്ടുതന്നെ അത് ക്രയവിക്രയം നടത്തുന്നതിനുള്ള പൂർണ അധികാരം തങ്ങൾക്കുണ്ടെന്നും ഫാറൂഖ് കോളേജ് വ്യക്തമാക്കി.
എന്നാൽ, മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നാണ് വഖഫ് ബോർഡിന്റെ നിലപാട്. മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിയമിച്ച ജുഡീഷ്യൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർക്ക് മുമ്പാകെ ഇക്കാര്യം ധരിപ്പിക്കുമെന്നും ബോർഡ് വ്യക്തമാക്കുന്നു.
അതേസമയം ഫാറൂഖ് കോളേജിന്റെ വാദം രാഷ്ട്രീയ ആയുധമാക്കാനാണ് പി.ഡി.പി പോലുള്ള തീവ്ര മതരാഷ്ട്രീയ സഘടനകളുടെ നീക്കം. ഇവർ രാഷ്ട്രീയമായി ഉന്നം വക്കുന്നത് മുസ്‌ലിം ലീഗിനെയാണ്. ലീഗിന്റെ മാനേജ്മെന്റ് ഭരിക്കുന്ന കോളേജ് ആണ് ഫാറൂഖ്. അതുകൊണ്ട് തന്നെ ലീഗിനെതിരെ രാഷ്ട്രീയ യുദ്ധം നടത്തുക വഴി യു.ഡി.എഫിനെ തളർത്താനാകുമെന്ന് പിണറായി വിജയനുമായി അടുത്തു നിൽക്കുന്ന ഇത്തരം സംഘടനാ നേതാക്കൾ കരുതുന്നു. ഇവർക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം ഒരുക്കാൻ തന്നാൽ കഴിയുന്നത് സർക്കാരും ചെയ്യുന്നുണ്ട്.