by webdesk1 on | 19-12-2024 07:41:20
ന്യൂഡൽഹി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടു ദേവസ്വം ബോർഡുകൾക്കും പൂരപ്രേമികൾക്കും ആശ്വാസ വിധി. എഴുന്നള്ളിപ്പിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
ഹൈക്കോടതി ഉത്തരവ് പ്രായോഗികമല്ലെന്നും 2012ലെ ചട്ടങ്ങൾ പാലിച്ച് ആനകളുടെ എഴുന്നള്ളിപ്പ് നടത്താമെന്നും ഉത്തരവിട്ടാണ് സുപ്രിം കോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്. 2012ലെ ചട്ടങ്ങൾ പ്രകാരം ആന എഴുന്നള്ളിപ്പിന് കൃത്യമായ മാർഗ്ഗരേഖ ഉണ്ടെന്നും അതിന് അപ്പുറത്തേക്കുള്ള നിർദ്ദേശങ്ങൾ ഹൈക്കോടതിക്ക് നൽകാൻ സാധിക്കില്ലെന്നും സുപ്രിം കോടതി പറഞ്ഞു.
ഹൈക്കോടതി മാർഗരേഖയിൽ പറയുന്നതു പോലെ ആനകൾക്ക് എങ്ങനെയാണ് മൂന്നു മീറ്റർ അകലം പാലിക്കാൻ സാധിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. പകൽ ഒമ്പതു മണി മുതൽ 5 മണി വരെ എഴുന്നള്ളിപ്പ് പാടില്ല എന്നുള്ള ഹൈക്കോടതി ഉത്തരവ് പ്രായോഗികമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ഹൈക്കോടതി വിധിക്കെതിരെ ദേവസ്വം ബോർഡുകൾ സമർപ്പിച്ച അപ്പീലിൽ സുദീർഘമായ വാദപ്രതിവാദങ്ങൾക്ക് ഒടുവിലാണ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തത്. മൃഗസംരക്ഷണം ആചാരങ്ങളെ ബാധിക്കരുതെന്നും സുപ്രീംകോടതി പരാമർശിച്ചു.