by webdesk1 on | 18-12-2024 09:16:20 Last Updated by webdesk1
മുംബൈ: ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർക്ക് ദാരുണാന്ത്യം. 101 പേരെ രക്ഷപ്പെടുത്തി. ഇവരിൽ പലരുടെയും നില അതീവഗുരുതരമാണ്. മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപമായിരുന്നു അപകടം. സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് നടുക്കവും ദു:ഖവും രേഖപ്പെടുത്തി.
ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ നീല്‍കമല്‍ എന്ന യാത്ര ബോട്ടാണ് മുങ്ങിയത്. ബോട്ടിൽ ജീവനക്കാർ ഉൾപ്പെടെ 120 ഓളം പേരുണ്ടായിരുന്നു. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ ആറുപേര്‍ സഞ്ചരിച്ചിരുന്ന നാവികസേനയുടെ സ്പീഡ് ബോട്ട് യാത്ര ബോട്ടിൽ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരിൽ ഒരാൾ നാവിക സേന ഉദ്യോഗസ്ഥനാണ്.
സ്പീഡ് ബോട്ട് നിയന്ത്രണം വിട്ടാണ് യാത്ര ബോട്ടിലേക്ക് ഇടിച്ചുകയറിയതെന്ന് നാവികസേന അറിയിച്ചു. നാവികസേനാ ബോട്ടിന്റെ എഞ്ചിന്‍ അടുത്തിടെ മാറ്റുകയും പുതിയ എഞ്ചിന്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമ്പോഴാണ് അപകടം. നാവികസേനയുടെ ബോട്ടില്‍ 2 നാവികസേനാംഗങ്ങളും എന്‍ജിന്‍ വിതരണം ചെയ്ത സ്ഥാപനത്തിലെ 4 അംഗങ്ങളും ഉള്‍പ്പെടെ 6 പേര്‍ ഉണ്ടായിരുന്നു.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്ത്യന്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. 11 നാവികസേനാ ബോട്ടുകളും മറൈന്‍ പോലീസിന്റെ മൂന്ന് ബോട്ടുകളും കോസ്റ്റ് ഗാര്‍ഡിന്റെ ഒരു ബോട്ടും പ്രദേശത്ത് വിന്യസിച്ചതായി നാവികസേനാ അറിയിച്ചു. നാലു ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.