by webdesk1 on | 18-12-2024 08:52:12
കൊച്ചി: കൈക്കൂലിയായി കാശു വാങ്ങുന്നത് നിയമ വിരുദ്ധമാണെങ്കിൽ പോലും സർവസാധാരണമായി കേൾക്കുന്നതാണ്. എന്നാൽ ചെയ്യുന്ന ജോലിക്ക് കൈക്കൂലിയായി മദ്യം വാങ്ങുന്നത് അത്ര കേട്ടുകേൾവി ഇല്ലാത്ത കാര്യമാണ്. അതും എക്സൈസ് ഉദ്യോഗസ്ഥർ. കൊച്ചിയിലെ ബിവറേജസ് കോർപറേഷന്റെ ഗോഡൗനിലാണ് സംഭവം.
ഇവിടെ നിന്നും ബിവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റുകളിലേക്ക് മദ്യകുപ്പികൾ കൊണ്ട് പോകുന്നതിനു ഉദ്യോഗസ്ഥർ കൈകൂലി വാങ്ങുന്നതായി പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഇവിടെ പരിശോധനക്ക് എത്തിയത്. പരിശോധനക്ക് എത്തുമ്പോൾ രണ്ടു എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തു ഉണ്ടായിരുന്നു.
ഓർഡർ അനുസരിച്ചു ബിവറേജിലേക്ക് മദ്യം കയറ്റി വിടുന്നതിനു ഇവരുടെ ജോലി. കൂടുതൽ കമ്മീഷൻ നൽകുന്ന മദ്യക്കമ്പനികളുടെ മദ്യമാകും ഇവർ ഇടപെട്ടു ലോഡിൽ കയറ്റിവിടുന്നത്. ഇതിനു പ്രതിഫലമായി മദ്യം കൈകൂലിയായി വാങ്ങുന്നു എന്നതാണ് പരാതി. വിജിലൻസ് നടത്തിയ പരിശോധനയിൽ തൃപ്പൂണിത്തുറ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദ്, പ്രിവന്‍റീവ് ഓഫിസര്‍ സാബു എന്നിവരിൽ നിന്ന് നാലു ലിറ്റർ മദ്യം പിടിച്ചെടുത്തു. ഇരുവരുടെയും ബാഗിൽ നിന്നാണ് മദ്യം പിടിച്ചെടുത്തത്.
തൃപ്പൂണിത്തുറ പേട്ടയിൽ ഉള്ള എക്സൈസ് ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർ കൈക്കൂലി ആയി മദ്യം പതിവായി വാങ്ങുന്ന വിവരം വിജിലൻസിന് കിട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ബുധനാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് ഏകദേശം 2000 രൂപ വിലവരുന്ന നാല് മദ്യകുപ്പികൾ പിടിച്ചെടുത്തത്. പേട്ടയിലെ ബിവറേജസ് വെയർഹൗസിൽനിന്ന് വിവിധ ഔട്ട്‍ലെറ്റുകളിലേക്കും ബാറുകളുലേക്കും മദ്യം എത്തിക്കാനുള്ള അനുമതിക്കായിരുന്നു കൈക്കൂലി വാങ്ങിയത്. ഓരോ ദിവസവും എട്ടോ പത്തോ ലോഡുകൾ പുറത്തേക്ക് പോകുമ്പോൾ, ഓരോ ലോഡിനും രണ്ട് കുപ്പി വീതമാണ് ഇവർ വാങ്ങിയത്.