by webdesk1 on | 18-12-2024 07:53:46 Last Updated by webdesk1
തിരുവനന്തപുരം: മന്ത്രിസ്ഥാനത്തെ ചൊല്ലി എൻ.സി.പിയിലെ തർക്കം മുഖ്യമന്ത്രിക്ക് എതിരെയുള്ള പോരാട്ടമായി മാറുകയാണ്. എ.കെ. ശശീന്ദ്രനെ മന്ത്രി സ്ഥനത്ത് നിന്ന് മാറ്റാൻ പാർട്ടിയിൽ ഭൂരിപക്ഷാഭിപ്രായം ഉണ്ടായിട്ടും തടസം മുഖ്യമന്ത്രി പിണറായി വിജയനാണ്. ഈ നിലപാടാണ് മുഖ്യമന്ത്രി തുടരുന്നതെങ്കിൽ മന്ത്രിയെ തന്നെ പിൻവലിച്ചു പ്രതിഷേധം അറിയിക്കണമെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവിലെ പൊതു അഭിപ്രായം.
150 അംഗ എക്സിക്യൂട്ടീവിൽ പങ്കെടുത്ത 126 പേരിൽ 123 പേരും മന്ത്രിമാറ്റം വേണമെന്ന ആവശ്യമാണുയർത്തിയതിനാൽ രാജി വക്കുക എന്നല്ലാതെ മറ്റൊരു മാർഗം ശശീന്ദ്രന്റെ മുന്നിൽ ഇനിയില്ല.
മന്ത്രി മാറ്റം സംബന്ധിച്ച ഇന്ന് ഒരു ശുഭവാർത്ത ഉണ്ടാകുമെന്ന് ഇന്നലെ ദേശീയനേതാക്കളെ കണ്ടശേഷം തോമസ്.കെ.തോമസ് പ്രതികരിച്ചിരുന്നു. അത് ശശീന്ദ്രന്റെ രാജി ആയിരിക്കുമെന്നാണ് പറയാതെ സൂചിപ്പിച്ചത്. ശശീന്ദ്രൻ രാജി വച്ചാൽ പിന്നെ മന്ത്രി സ്ഥലത്തിന് തോമസ് ആണ് അവകാശി. എന്നാൽ തീരുമാനം പാർട്ടി നേതൃത്വത്തിൽ നിന്ന് വരേണ്ടത്.
മന്ത്രി സ്ഥാനം സ്വയം രാജിവെച്ച് ഒഴിയണമെന്ന് ശശീന്ദ്രന് സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയുടെ നേത്യത്വത്തിൽ ചേർന്ന എൻ.സി.പിയുടെ നേതൃയോഗം അന്ത്യശാസനം നൽകിയിരിക്കുകയാണ്. യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും എ.കെ. ശശീന്ദ്രൻ സ്വയം രാജിവെച്ച് ഒഴിയണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പുറത്താകേണ്ട സാഹചര്യം ഉണ്ടാകുമെന്നും യോഗത്തിൽ വ്യക്തമാക്കിയിരുന്നു.
പകരം മന്ത്രി സ്ഥാനം കിട്ടിയാലും ഇല്ലെങ്കിലും ശശീന്ദ്രൻ രാജിവെക്കുന്ന കാര്യത്തിൽ ഒരു മാറ്റവും ഇല്ലെന്നാണ് എൻ.സി.പി നേതൃ യോഗത്തിൽ പി.സി. ചാക്കോ പ്രഖ്യാപിച്ചത്. മന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് എ.കെ. ശശീന്ദ്രനും യോഗത്തെ അറിയിച്ചു. പകരം സംസ്ഥാന അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യം ശശീന്ദ്രൻ മുന്നോട്ടു വച്ചു. പി.സി. ചാക്കോ അതിന് വ്യക്തമായ മറുപടി നൽകിയിരുന്നില്ല.