by webdesk1 on | 12-12-2024 06:57:17 Last Updated by webdesk1
തിരുവനന്തപുരം: കൊല്ലം ജില്ലാ സമ്മേളനത്തില്‍ സി.പി.എം നേതാക്കള്‍ക്കെതിരെയും പാര്‍ട്ടിയിലെ പുതിയ ശൈലിക്കെതിരെയും ഉയര്‍ന്ന് ആരോപണങ്ങള്‍ വരും ജില്ലാ സമ്മേളനങ്ങളിലും ആവര്‍ത്തിക്കപ്പെട്ടേക്കും. ഏറെക്കാലമായി പിണറായി വിജയന്റെ അപ്രമാധിത്വത്തില്‍ വാ മൂടിക്കെട്ടി ഇരിക്കേണ്ടിവന്ന താഴേത്തട്ടിലുള്ള പാര്‍ട്ടിക്കാര്‍ക്ക് അടക്കിവച്ചിരിക്കുന്നതെല്ലാം തുറന്നുപറയാനുള്ള ആര്‍ജവവും ധൈര്യവുമാണ് കൊല്ലം ജില്ലാ സമ്മേളനം നല്‍കുന്നത്.
പാര്‍ട്ടിയുടെ ഇപ്പോഴുള്ള പോക്കില്‍ വിയോജിപ്പുമാത്രമല്ല ദുഖവും ആശങ്കയുമാണ് ഓരോ അണികളുടേയും വിമര്‍ശനങ്ങളില്‍ മുഴച്ച് നില്‍ക്കുന്നത്. നേതാക്കള്‍ക്ക് ഈ വികാരം ഇല്ലാതെ പോയതില്‍ ഇവര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. പാര്‍ട്ടി നശിച്ചുപോകുന്നത് കണ്ടു നില്‍ക്കാന്‍ ഇവര്‍ക്കാകില്ല. അതുകൊണ്ട് ഒക്കെയാകാം ഇത്ര രൂക്ഷമായ ഭാഷയില്‍ തുറന്ന വിമര്‍ശനത്തിന് അണികള്‍ക്ക് ഇറങ്ങേണ്ടിവന്നത്. ഇന്ന് ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി മറുപടി പറയാനിരിക്കെ പാര്‍ട്ടിയില്‍ ഉയര്‍ന്ന എതിരഭിപ്രായങ്ങളെ അമര്‍ച്ചു ചെയ്യുമോയെന്നും കണ്ടറിയേണ്ടതുണ്ട്.
നേതാക്കള്‍ പോലും പറയാന്‍ മടക്കുന്ന കാര്യങ്ങളായിരുന്നു കൊല്ലം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തില്‍ ഉയര്‍ന്നത്. പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹത്തിന്റെ ഭരണ ശൈലിക്കെതിരെയും. രണ്ടാം പിണറായി സര്‍ക്കാര്‍ തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് മാത്രമല്ല അഭ്യന്തരവകുപ്പ് തികഞ്ഞ പരാജയമാണെന്നുവരെ കടുപ്പിച്ച് പറയാന്‍ അണികള്‍ക്കായി. എന്നാല്‍ പിണറായി വിജയനുമായി ഒട്ടി നില്‍ക്കുന്ന ഒരു നേതാവിന് പോലും ഇങ്ങനെയാരു വിമര്‍ശനം ഉന്നയിക്കാന്‍ ഇക്കാലമത്രയും ആര്‍ജവമുണ്ടായില്ല.
അവിടേയും തീര്‍ന്നില്ല, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കിട്ടി കണക്കിന് വിമര്‍ശനം. ഗോവിന്ദന്റെ ദാര്‍ഷ്ട്യവും അന്തമായ ന്യായീകരണവുമെല്ലാം ഒരു ഇടതുപക്ഷ പാര്‍ട്ടി നേതാവിന് ചേര്‍ന്നതല്ലെ എന്നായിരുന്നു വിമര്‍ശനം. അടുത്തകാലത്തായി പാര്‍ട്ടിയെടുത്ത തീരുമാനങ്ങളൊക്കെ പാളിപ്പോകുന്ന കാഴ്ച്ചയാണ്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ അജണ്ട നിശ്ചയിക്കല്‍ വരെ തികഞ്ഞ പരാജയമായിരുന്നു. സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും തിരുത്തുന്നതിലും സംസ്ഥാന സെക്രട്ടറിക്ക് വീഴച്ചയുണ്ടായി എന്നതടക്കവും ശക്തമായ വിമര്‍ശനമാണ് ഗോവിന്ദനെതിരെ അണികള്‍ ഉന്നയിച്ചത്.
ഒന്നാം പിണറായി സര്‍ക്കാരില്‍ മികച്ച പ്രതിച്ഛായ ഉണ്ടായിരുന്ന കെ.കെ. ശൈലജ ഉള്‍പ്പടെയുള്ള നേതാക്കളെ രണ്ടാം പിണറായി മന്ത്രിസഭയില്‍ ഒഴിവാക്കിയത് അണികള്‍ക്ക് ഇന്നും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ശൈലജയെ ഒഴിവാക്കാനുള്ള തീരുമാനം തെറ്റായിരുന്നു. പകരം വന്ന മന്ത്രിമാര്‍ പ്രതീക്ഷയ്‌ക്കൊത്ത നിലയിലേക്ക് ഉയരാനായില്ല എന്നും അണികള്‍ അഭിപ്രായപ്പെട്ടു.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചകളും അവര്‍ ചൂണ്ടിക്കാട്ടി. ലോകസഭയിലേക്ക് എം.മുകേഷ് എംഎല്‍എയെ സ്ഥാനാര്‍ഥി ആക്കിയത് ആരുടെ അഭിപ്രായ പ്രകാരമായിരുന്നുവെന്നാണ് പ്രതിനിധി സമ്മേളനം ചോദിച്ചത്. കൊല്ലം ജില്ലാ കമ്മിറ്റി മുകേഷിന്റെ പേര് നിര്‍ദേശിച്ചിരുന്നില്ല. പിന്നെ എങ്ങനെ മുകേഷ് സ്ഥാനാര്‍ഥിയായി എന്നും പ്രതിനിധികള്‍ ചോദിച്ചു.
ഡി.വൈ.എഫ്.ഐ നേതാവ് എ.എ.റഹീമിനെ എം.പിയാക്കിയതുകൊണ്ടും പാര്‍ട്ടിക്ക് ഗുണമുണ്ടായില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. റഹീമിന്റെ രാജ്യസഭയിലെ പ്രവര്‍ത്തനം പരിതാപകരമാണെന്ന് ഒരു പ്രതിനിധി വിമര്‍ശിച്ചു. ജോണ്‍ ബ്രിട്ടാസിനെ രാജ്യസഭയിലേക്ക് അയച്ചത് നേട്ടമായെന്ന് അഭിപ്രായമുയര്‍ന്നു.
ദേശീയതലത്തില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായി മത്സരിച്ചിട്ടും പാര്‍ട്ടിക്ക് വോട്ടും സീറ്റും കുറഞ്ഞെന്ന് വിമര്‍ശനമുണ്ടായി. മുന്നണിയിലെ ഘടകകക്ഷികളുടെ ബാലിശമായ നിലപാടുകളാണ് ദേശീയതലത്തിലെ തിരിച്ചടിക്കു കാരണമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി മറുപടി നല്‍കി.
കൊല്ലം ജില്ലാ കമ്മിറ്റിയിലെ വിമര്‍ശനങ്ങള്‍ മറ്റു ജില്ലകളിലെ പ്രവര്‍ത്തകരേയും ഉണര്‍ത്തിയിട്ടുണ്ട്. വരും ജില്ലാ സമ്മേളനങ്ങളിലും ഇത്തരം വിമര്‍ശനങ്ങള്‍ ഉണ്ടായേക്കാം. ഇക്കാലമത്രയും അടക്കിവച്ചിരുന്ന വിയോജിപ്പുകളും അഭിപ്രായങ്ങളും തുറന്നുപറയാനുള്ള ആര്‍ജവും കൊല്ലം ജില്ലാകമ്മിറ്റിയിലെ സംഭവവികാസങ്ങള്‍ മറ്റ് ജില്ലകളിലെ അണികള്‍ക്കും നല്‍കിയിട്ടുണ്ട്.
എന്നാല്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും പാര്‍ട്ടി നേതൃത്വത്തെയും പരസ്യമായി വിമര്‍ശിക്കുന്നത് പൊതുമധ്യത്തില്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കും എന്ന നിരീക്ഷണമാണ് നേതൃത്വത്തിനുള്ളത്. അതിനാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ കൊല്ലം ജില്ലാ സമ്മേളനത്തില്‍ വച്ചു തന്നെ മുളയിലെ നൂള്ളിക്കളയാനാകും സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും ശ്രമിക്കുക.