Views Politics

സതീശനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം: ചാണ്ടി ഉമ്മനെ മുന്നില്‍ നിര്‍ത്തി കളിക്കുന്നവര്‍ക്കും ലക്ഷ്യം മുഖ്യമന്ത്രി കസേര; പോരടിച്ച് കോണ്‍ഗ്രസ്

Axenews | സതീശനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം: ചാണ്ടി ഉമ്മനെ മുന്നില്‍ നിര്‍ത്തി കളിക്കുന്നവര്‍ക്കും ലക്ഷ്യം മുഖ്യമന്ത്രി കസേര; പോരടിച്ച് കോണ്‍ഗ്രസ്

by webdesk1 on | 10-12-2024 09:08:07 Last Updated by webdesk1

Share: Share on WhatsApp Visits: 60


സതീശനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം: ചാണ്ടി ഉമ്മനെ മുന്നില്‍ നിര്‍ത്തി കളിക്കുന്നവര്‍ക്കും ലക്ഷ്യം മുഖ്യമന്ത്രി കസേര; പോരടിച്ച് കോണ്‍ഗ്രസ്


കൊച്ചി: പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ നടത്തിയ പ്രതികരണം ദൂരവ്യാപകമായി വലിയ രാഷ്ട്രീയ പൊട്ടിത്തെറിയിലേക്ക് കോണ്‍ഗ്രസിനെ കൊണ്ടെത്തിക്കാന്‍ പോകുന്നതാണ്. പ്രതികരണം ലക്ഷ്യവയ്ക്കുന്നത് ആരെയാണെന്നും പിന്നിലെ ഉദ്ദേശമെന്താണെന്നും എല്ലാവര്‍ക്കുമറിയാം. ചാണ്ടിയെ പിന്തുണയ്ച്ചു രംഗത്ത് വന്ന നേതാക്കളുടെ മനസിലിരിപ്പും ഏറെക്കുറെ ബോധ്യമായിട്ടുമുണ്ട്. എന്നാല്‍ തനിക്ക് കുഴിച്ച കുഴിയില്‍ വീഴില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. 


ചാണ്ടി ഉമ്മന്‍ ഉന്നയിച്ച ഓരോ ആരോപണങ്ങളും നിലവിലെ കെ.പി.സി.സി നേതൃത്വത്തിനെതിരെ ലക്ഷ്യവച്ചുള്ളതാണ്. കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ വി.ഡി. സതീശനെ ലക്ഷ്യം വച്ചുതന്നെ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്നെ നിയോഗിച്ചില്ലെന്നും സ്വമേധയാ പ്രചാരണങ്ങളില്‍ പങ്കെടുക്കുകയാണുണ്ടായതെന്നും പറയുകവഴി തന്നെ പാര്‍ട്ടിയില്‍ മാറ്റി നിര്‍ത്തുന്നതായ കുറ്റപ്പെടുത്തലും ചാണ്ടിയുടെ പ്രതികരണത്തിലുണ്ടായിരുന്നു. അത് ഒരുഘട്ടത്തിലും സുധാകരനിലേക്ക് തിരിയരുതെന്ന് മനപൂര്‍വം ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു ചാണ്ടി. 


പാര്‍ട്ടിയില്‍ വി.ഡി. സതീശന്റെ അപ്രമാധിത്വമാണെന്നും കെ.പി.സി.സി പ്രസിഡന്റിനേപ്പോലും സൈഡ് ലൈന്‍ ചെയ്തു നിര്‍ത്തുകയാണെന്നുമുള്ള സൂചനകളായിരുന്നു ചാണ്ടിയുടെ ഓരോ ആരോപണങ്ങളിലും മുഴച്ച് നിന്നത്. സുധാകരന്‍ മാറേണ്ട സാഹചര്യം ഇല്ലെന്ന് ചാണ്ടി പറയുക വഴി അദ്ദേഹത്തെ സംരക്ഷിക്കാനും ശ്രമിക്കുന്നുണ്ട്. അത് ചര്‍ച്ച ചെയ്യാന്‍ പോലും പാടില്ലെന്ന് കുറേക്കൂടി കര്‍ക്കശമായി പറയുമ്പോള്‍ സതീശന്റെ നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങളോടുള്ള താക്കീത് കൂടിയാണ്. ഇതൊക്കെ എന്തിനു വേണ്ടി, ആര്‍ക്കുവേണ്ടി എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ പിന്നാലെ വന്ന നേതാക്കളുടെ പ്രതികരണങ്ങളില്‍ ഉണ്ടായിരുന്നു.


ചാണ്ടി ഉമ്മനെ പിന്തുണയ്ച്ച് മുന്‍ ആഭ്യന്തരമന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ രംഗത്തെത്തി. ചാണ്ടിക്ക് അത്രയേറെ മനോവേദന ഉണ്ടാക്കിയതുകൊണ്ടാകാം ഇപ്പോള്‍ തുറന്നുപറച്ചില്‍ നടത്തിയതെന്നാണ് തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടത്. ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും പരിഹരിക്കപ്പെടേണ്ടതാണെന്നും രമേശ് ചെന്നിത്തലയും പറഞ്ഞു. ശശി തരുര്‍ എംപിയും കെ.മുരളീധരനും ഈ നിലപാടില്‍ നിന്നുകൊണ്ടുള്ള പ്രതികരണമാണ് നടത്തിയത്. എന്നാല്‍ ഇത് സംബന്ധിച്ച ചോദ്യങ്ങളോട് ഒരു നിലയിലും പ്രതികരിക്കാന്‍ വി.ഡി. സതീശന്‍ കൂട്ടാക്കിയില്ല. 


അടുത്തിടെ നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് വലിയ വിജയം നേടിക്കൊടുത്തതില്‍ മുഖ്യ പങ്കുവഹിച്ചയാളാണ് വി.ഡി. സതീശന്‍. സതീശന്റെ ശൈലിയോട് ചേര്‍ന്നു പോകുന്നവരല്ല മുതിര്‍ന്ന നേതാക്കള്‍. കെ.പി.സി.സി പ്രസിഡന്റിനു പോലും പാര്‍ട്ടിയിലെ സതീശന്റെ കൈയ്യടക്കല്‍ ഇഷ്ടപ്പെടുന്നില്ല. മാത്രമല്ല തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെല്ലാം സതീശന്റെ തീരുമാനത്തിലും നിയന്ത്രണത്തിലുമാണ് മുന്നോട്ട് പോകുന്നതാനും. 


16 മാസങ്ങള്‍ക്ക് ശേഷം സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ്. പത്ത് വര്‍ഷമായി അധികാരത്തിന്റെ പുറത്ത് നില്‍ക്കുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ പ്രതീക്ഷയാണ് വരുന്ന തിരഞ്ഞെടുപ്പില്‍. ഉപതിരഞ്ഞെടുപ്പുകളിലേയും ലോകസഭാ തിരഞ്ഞെടുപ്പിലേയും വിജയങ്ങള്‍ അവരുടെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നത്. ഈ വിജയങ്ങള്‍ക്കൊക്കെ ചൂക്കാന്‍ പിടിച്ച വി.ഡി. സതീശന്‍ ശക്തനായി നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി കസേരയിലേക്കുള്ള മറ്റ് നേതാക്കളുടെ സാധ്യതക്കുറവാണ് ഇപ്പോഴുണ്ടായിട്ടുള്ള ഭിന്നസ്വരങ്ങളുടേയും രാഷ്ട്രീയ പൊട്ടിത്തെറികളുടേയുമൊക്കെ കാരണം. 


ഉമ്മന്‍ചാണ്ടിക്ക് ശേഷം മുഖ്യമന്ത്രി കസേര സ്വപ്‌നം കണ്ട രമേശ് ചെന്നിത്തല ഇപ്പോള്‍ പാര്‍ട്ടിയില്‍ ഒന്നുമല്ലാതെയായി മാറി. മുരളീധരനും ശശി തരൂരുമെല്ലാം ഇതേ മോഹമായി നടക്കുന്നവരാണ്. ഇവരെയെല്ലാം മറികടന്ന് കെ.സി. വേണുഗോപാല്‍ ഹൈക്കമാന്റിന്റെ നോമിനിയായി എത്താനുള്ള സാധ്യതയും കുറവല്ല. ഒരുപക്ഷെ പാര്‍ട്ടിക്കുള്ളിലുണ്ടായ ആഭ്യന്തര സ്‌ഫോടനത്തിന്റെയും ബുദ്ധികേന്ദ്രം ചിലപ്പോള്‍ വേണുഗോപാലുമായേക്കാം. 


സതീശന്‍ ഇത്ര ശക്തനായി തുടര്‍ന്നാല്‍ ഇവരുടെ മോഹം നടക്കില്ല. അതുകൊണ്ട് സതീശനെ ദുര്‍ബലനാക്കുകയെന്ന ആവശ്യം ഈ നേതാക്കളുടേതാണ്. അത് ചാണ്ടി ഉമ്മനിലൂടെ ബോംബായി വര്‍ഷിക്കുകയാണ് നേതാക്കള്‍ ചെയ്തിരിക്കുന്നത് എന്ന വിശകലനമാണ് രാഷ്ട്രീയ നിരീക്ഷകര്‍ മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ എത്രനാള്‍ ഈ ഇന്നിംഗ്‌സ് ചാണ്ടിക്ക് തുടര്‍ന്നുകൊണ്ടുപോകാനാകുമെന്നാണ് കാത്തിരുന്നു കാണേണ്ടത്. 


Share:

Search

Recent News
Popular News
Top Trending


Leave a Comment