by webdesk1 on | 10-12-2024 07:11:01 Last Updated by webdesk1
കൊച്ചി: വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ശക്തമായ പ്രകടനം കാഴ്ചവയക്കാന്‍ വമ്പന്‍ പ്ലാനുമായി ബി.ജെ.പി. ഇത്തവണയെങ്കിലും നിയമസഭയില്‍ ഒന്നിലേറെ സീറ്റുകള്‍ ഉറപ്പിക്കുകയാണ് ലക്ഷ്യം. അതിനായി ഗ്രൂപ്പ് തര്‍ക്കങ്ങളൊക്കെ അവസാനിപ്പിച്ച് ശക്തമായ പ്രവര്‍ത്തനം നടത്താന്‍ കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം തീരുമാനമെടുത്തിരിക്കുകയാണ്.
സംസ്ഥാനത്തെ 31 ജില്ലകളാക്കി തിരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതിയാണ് ഇതില്‍ പ്രധാനം. 10 ലക്ഷം ജനസംഖ്യയുള്ള മേഖലകളെ ഒരു ജില്ലയായി പരിഗണിച്ചാണ് പ്രവര്‍ത്തനം. ഓരോ ജില്ലയ്ക്കും മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കും. ഇവരുടെ മേല്‍നോട്ടത്തിലും നിരീക്ഷണത്തിലുമാകും പ്രവര്‍ത്തനങ്ങള്‍. സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതിലും ഈ നേതാക്കള്‍ക്ക് നിര്‍ണായകമായ സ്വാധീനം ഉണ്ടാകും.
ബി.ജെ.പിയില്‍ വിശ്വാസം അര്‍പ്പിക്കുന്ന സാമുദായിക വിഭാഗങ്ങളെ കുറേക്കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകാനും തീരുമാനം ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് ഈഴവ, ക്രൈസത വിഭാഗങ്ങള്‍. മുന്‍ വര്‍ഷങ്ങളേ അപേക്ഷിച്ച് ഈഴവ വിഭാഗങ്ങള്‍ ബി.ജെ.പിയുമായി കൂറേക്കൂടി അടുത്തിട്ടുണ്ടെന്ന് നേതൃയോഗം വിലയിരുത്തി. ക്രൈസ്തവ വിഭാഗങ്ങളിലും ബി.ജെ.പിയോടു ഒരു വിശ്വാസം വന്നിട്ടുണ്ട്. അത് കൂറെക്കൂടി ആര്‍ജിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. പ്രീണിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശം ഉണ്ടായി.
പാര്‍ട്ടിയെ ക്ഷയിപ്പിക്കുന്ന ഗ്രൂപ്പ് പ്രവര്‍ത്തനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും യോഗത്തില്‍ പങ്കെടുത്ത കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കക്കറും സഹപ്രഭാരി അപരാജിത സാരംഗി എംപിയും വ്യക്തമാക്കി. ഗ്രൂപ്പ് തമ്മിലടിയാണ് സംസ്ഥാനത്തെ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് തരിച്ചടി ഉണ്ടാക്കിയതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നിര്‍ദേശത്തിലേക്ക് കേന്ദ്ര നേതൃത്വം കടന്നിരിക്കുന്നത്. അതേസമയം പാലക്കാട്, വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പു ഫലങ്ങളെക്കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ യോഗത്തിലുണ്ടായില്ല.
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാര്‍ക്ക് പുറമെ വൈസ് പ്രസിഡന്റുമാരായ എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, ഡോ.കെ.എസ്. രാധാകൃഷ്ണന്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍ എന്നിവരും പങ്കെടുത്തു.