by webdesk1 on | 09-12-2024 10:04:44
തിരുവനന്തപുരം: വിമര്‍ശിക്കുമ്പോള്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഓര്‍ത്തുകാണില്ല, കുറ്റപ്പെടുത്തുന്നയാള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും സര്‍ക്കാരുമായും വളരെ അടുപ്പമുള്ള ആളാണെന്ന്. മന്ത്രിയുടെ പ്രസ്താവന മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഏറ്റുപിടിച്ചതോടെ സംഭവം വിവാദമായി. മണിക്കൂറുകള്‍ക്കുള്ളില്‍ പറഞ്ഞ വാക്ക് പിന്‍വലിച്ച് ശിവന്‍കുട്ടി തടിയൂരി.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം പരിശീലിപ്പിക്കാന്‍ അഞ്ച് ലക്ഷം രൂപ പ്രശസ്ത നിര്‍ത്തകയായ നടി ആവശ്യപ്പെട്ടുവെന്ന വിവാദ പ്രസ്താവനയാണ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മന്ത്രി ശിവന്‍കുട്ടിക്ക് പിന്‍വലിക്കേണ്ടി വന്നത്. സംഭവത്തില്‍ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന താന്‍ പിന്‍വലിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പല കാരണങ്ങള്‍ കൊണ്ട് കലോത്സവത്തിന് ഫണ്ടിന് കുറവുണ്ട്. ഏഴ് മിനിറ്റുള്ള നൃത്താവിഷ്‌കാരം പരിശീലിപ്പിക്കാന്‍ കലോത്സവത്തിലൂടെ പ്രശസ്ത നടിയായി മാറിയ വ്യക്തിയോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ 5 ലക്ഷം രൂപയാണ് എന്റെ പേര്‍സണല്‍ സെക്രട്ടറി രാജീവിനോട് ആവശ്യപ്പെട്ടത്. ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല. ഈ വിവാദങ്ങള്‍ ഒന്നും വേണ്ട. പ്രസ്താവന താന്‍ പിന്‍വലിക്കുകയാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
കലോത്സവത്തിലേയ്ക്ക് കൂടുതല്‍ ജനശ്രദ്ധ കൊണ്ടുവരാന്‍ സെലിബ്രിറ്റികളെ കൊണ്ടുവരുന്ന രീതി അടുത്ത കാലത്തായി വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിരുന്നു. കൊല്ലം കലോത്സവത്തില്‍ മമ്മൂട്ടി, ആശ ശരത്ത് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. കോഴിക്കോട് കെ.എസ്. ചിത്ര പങ്കെടുത്തു. വെഞ്ഞാറമൂട് നാടകോത്സവത്തിന്റെ സമാപന ചടങ്ങില്‍ സുധീര്‍ കരമന, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ കലാകാരന്മാര്‍ ഉണ്ടായിരുന്നു.
അതേസമയം മന്ത്രിയുടെ വിവാദ പ്രസ്താവന ചര്‍ച്ചയാവുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ച് നടിയും നര്‍ത്തകിയുമായ ആശ ശരത് രംഗത്ത് വന്നു. കഴിഞ്ഞവര്‍ഷം കലോത്സവത്തിന് ഒരു രൂപ പോലും കൈപ്പറ്റാതെയാണ് താന്‍ നൃത്തരൂപം ചിട്ടപ്പെടുത്തി നല്‍കിയത്. ദുബായില്‍ നിന്ന് ഇതിനായി വന്നത് പോലും സ്വന്തം കൈയ്യിലെ കാശെടുത്താണ്. കുട്ടികള്‍ക്കൊപ്പം വേദി പങ്കിടുന്നത് തന്നെ അഭിമാനകരവും സന്തോഷവുമുള്ള കാര്യമായതിനാലാണത്.
പ്രതിഫലം വാങ്ങാണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ ആണെന്നും നടി പ്രതികരിച്ചു. വിവാദത്തില്‍ ഉള്‍പ്പെട്ട നടി ആരാണെന്നോ എന്താണ് സംഭവിച്ചതെന്നു തനിക്ക് അറിയില്ല. പ്രതിഫലം വാങ്ങണോ എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. ഞാന്‍ വാങ്ങിയില്ല എന്നതുകൊണ്ട് മാത്രം മറ്റൊരാള്‍ വാങ്ങരുതെന്ന് പറയാനാകില്ലെന്നും ആശ ശരത് നിലപാട് വ്യക്തമാക്കി.