Views Politics

വഖഫില്‍ ലീഗിനും കോണ്‍ഗ്രസിനും ഭിന്നസ്വരം: ആയുധമാക്കി സി.പി.എമ്മും ബി.ജെ.പിയും; ലീഗില്‍ പരസ്യ പ്രസ്താവനകള്‍ക്ക് വിലക്ക്

Axenews | വഖഫില്‍ ലീഗിനും കോണ്‍ഗ്രസിനും ഭിന്നസ്വരം: ആയുധമാക്കി സി.പി.എമ്മും ബി.ജെ.പിയും; ലീഗില്‍ പരസ്യ പ്രസ്താവനകള്‍ക്ക് വിലക്ക്

by webdesk1 on | 09-12-2024 08:54:01 Last Updated by webdesk1

Share: Share on WhatsApp Visits: 59


വഖഫില്‍ ലീഗിനും കോണ്‍ഗ്രസിനും ഭിന്നസ്വരം: ആയുധമാക്കി സി.പി.എമ്മും ബി.ജെ.പിയും; ലീഗില്‍ പരസ്യ പ്രസ്താവനകള്‍ക്ക് വിലക്ക്


കൊച്ചി: ഇരു മെയ്യും ഒരു മനസുമായി നടന്ന കോണ്‍ഗ്രസും മുസ്ലിം ലീഗും  മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തില്‍ വ്യത്യസ്ത ദ്രുവങ്ങളിലാണെന്നാണ് അടുത്തിടെ ഇരു പാര്‍ട്ടിയിലേയും നേതാക്കളുടെ ഭിന്നസ്വരങ്ങള്‍ സൂചിപ്പിക്കുന്നത്. മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന് ഉറപ്പിച്ചുപറയാതെ സമവായ ശ്രമങ്ങളുമായി മുന്നോട്ടുപോകുന്ന നിലപാടായിരുന്നു മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും സ്വീകരിച്ചത്. എന്നാല്‍ കെ.എം. ഷാജിയും ഇ.ടി. മുഹമ്മദ് ബഷീറും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ഉറപ്പിച്ചുപറഞ്ഞതോടെ വെട്ടിലായത് കോണ്‍ഗ്രസാണ്.

യു.ഡി.എഫിനുള്ളിലെ ഭിന്നസ്വരം രാഷ്ട്രീയ ശത്രുക്കള്‍ ആയുധമാക്കി പ്രയോഗിച്ച് തുടങ്ങിയതോടെ മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പിന്നാലെ കോണ്‍ഗ്രസ് നേതാക്കളും ആവര്‍ത്തിച്ചു. മുനമ്പം വിഷയത്തില്‍ രാഷ്ട്രീയമായി പരിക്കേല്‍ക്കാതിരിക്കാന്‍ തന്ത്രപരമായി മുന്നോട്ടുപോകുമ്പോള്‍ ലീഗിനുള്ളില്‍ ഉയര്‍ന്ന ഭിന്നസ്വരം കോണ്‍ഗ്രസിനെയും പ്രത്യേകിച്ച യു.ഡി.എഫിനെയും വെട്ടിലാക്കിയിരിക്കുകയാണ്.

മുനമ്പത്ത് നടത്തിവരുന്ന സമവായ ശ്രമങ്ങള്‍ക്കും മതസൗഹാര്‍ദ അന്തരീക്ഷത്തിനും തുരങ്കംവക്കുന്നതാണ് ലീഗിലെ ഒരു വിഭാഗം നേതാക്കളുടെ പ്രതികരണമെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിന്. ഇക്കാര്യത്തിലുള്ള അതൃപ്തി കോണ്‍ഗ്രസ് നേതാക്കള്‍ ലിഗിനെ അറിയിച്ചു. എന്തായാലും മുനമ്പം വിഷയത്തില്‍ പരസ്യ പ്രസ്താവന വേണ്ട എന്നാണ് അണികള്‍ക്കും നേതാക്കള്‍ക്കും ലീഗ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം.

പ്രതികരണങ്ങള്‍ വര്‍ഗീയ ചേരിതിരിവിലേക്ക് പോയേക്കുമെന്ന ഘട്ടത്തിലാണ് ലീഗ് നേതൃത്വത്തിന്റെ ഇടപെടല്‍. സമുദായ സൗഹൃദമാണ് ലീഗിന്റെ ലക്ഷ്യമെന്നും മറ്റുള്ള പ്രസ്താവനകള്‍ അവഗണിക്കുകയാണെന്നും പാണക്കാട് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.  മുനമ്പം വിഷയം രമ്യമായി പരിഹരിക്കണമെന്നാണ് മുസ്ലീം ലീഗിന്റെ നിലപാട്. വിഷയം സര്‍ക്കാര്‍ വേഗത്തില്‍ പരിഹരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

എന്നാല്‍ യു.ഡി.എഫിലെ ഭിന്നസ്വരം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് ബി.ജെ.പിയും സി.പി.എമ്മും. ലിഗ് മതസ്പര്‍ദ്ധ വളര്‍ത്താനാണ് ശ്രമിക്കുന്നതെന്നും മുമ്പം വിഷയം രമ്യമായി പരിഹരിക്കണമെന്ന നിര്‍ബന്ധം യു.ഡി.എഫിനില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. ഇരയ്‌ക്കൊപ്പം ഓടുകയും വോട്ടക്കാരനൊപ്പം ആക്രമിക്കുകയും ചെയ്യുന്ന തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നതെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി.മുരളീധരനും ആരോപിച്ചു. ആരൊക്കെ എതിര്‍ത്താലും വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനാണ് യു.ഡി.എഫും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം.


Share:

Search

Recent News
Popular News
Top Trending


Leave a Comment