by webdesk1 on | 09-12-2024 08:52:53
കൊച്ചി: വഖഫ് വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ബി.ജെ.പി ദേശീയ നേതാവും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവ്‌ദേക്കര്‍. മുനമ്പത്ത് കമ്മീഷനെ നിയോഗിച്ചത് പ്രാദേശികമായി വിഷയം ഒത്ത് തീര്‍ക്കാനാണെന്നും ശാശ്വത പരിഹാരം നിയമഭേദഗതിയിലൂടെ മാത്രമാണെന്നും മുനമ്പത്ത് സമര പന്തല്‍ സന്ദര്‍ശിച്ച ശേഷം അദേഹം പ്രതികരിച്ചു.
കമ്മീഷനെ നിയോഗിച്ചത് വഴി മുനമ്പം വിഷയത്തെ പ്രാദേശിക വിഷയമാക്കി ഒത്തുതീര്‍പ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയുള്ള തന്ത്രം മാത്രമാണ്. വഖഫ് നിയമ ഭേദഗതിയിലൂടെ മാത്രമേ മുനമ്പം വിഷയത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ കഴിയൂ.
ഭരണഘടനയ്ക്ക് മുകളിലുള്ള വഖഫിന്റെ അവകാശങ്ങള്‍ നിയമനിര്‍മാണത്തിലൂടെ പരിഹരിക്കുമെന്നും. വരാന്‍ പോകുന്ന പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സെക്ഷനില്‍ തന്നെ വഖഫ് ഭേദഗതി നിയമം പാസാക്കുമെന്നും പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. മുനമ്പം സമരത്തിന്റെ 57-ാം ദിവസമായ ഞായറാഴ്ച്ച മുനമ്പം സമര പന്തല്‍ അദ്ദേഹം സന്ദര്‍ശിച്ചു.
ബി.ജെ.പി സംസ്ഥാന സഹപ്രഭാരിയും എംപിയുമായ അപരാജിത സാരംഗി, ബി.ജെ.പി സംസ്ഥാന സമിതി അംഗം അഡ്വ.ഷോണ്‍ ജോര്‍ജ്, സംസ്ഥാന വക്താവ് അഡ്വ. ശങ്കു ടി. ദാസ്, മൈനോറിറ്റി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി തോമസും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
മുനമ്പം വഖഫ് ഭൂമി സംബന്ധിച്ച പ്രശ്‌നത്തെക്കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ജുഡീഷ്യല്‍ കമ്മിഷനായി നിയോഗിച്ച് നവംബര്‍ 28നാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. രാജഭരണമുണ്ടായിരുന്ന കാലത്ത് ഭൂമിയിലെ അവസ്ഥ കണ്ടെത്തണം. താമസക്കാരുടെ അവകാശങ്ങള്‍ എങ്ങനെ സംരക്ഷിക്കാം, സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവ ശുപാര്‍ശ ചെയ്യണം എന്നിങ്ങനെയാണ് കമ്മീഷന്റെ ചുമതല. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.