by webdesk1 on | 09-12-2024 07:58:38 Last Updated by webdesk1
ദമസ്‌കസ്: അസദ് കുടുംബത്തിന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട ഭരണത്തിന് വിരാമമിട്ടുകൊണ്ട് സിറിയന്‍ വിമത ഗ്രൂപ്പായ ഹയാത്ത് തഹ്രീര്‍ അല്‍-ഷാം (എച്ച്.ടി.എസ്) രാജ്യം പിടിച്ചടക്കിയതിന് പിന്നാലെ സിറിയയെ ലക്ഷ്യമാക്കി വിവിധ രാജ്യങ്ങളുടെ സൈനീകാക്രമണം ആരംഭിച്ചതായാണ് വാര്‍ത്തകള്‍. സിറിയയിലെ ആയുധ ഗവേഷണ കേന്ദ്രം ലക്ഷ്യമാക്കി ഇസ്രയേലാണ് പുതിയ സംഭവികാസങ്ങള്‍ക്ക് ശേഷം ആദ്യം ആക്രമണം നടത്തിയത്. പിന്നാലെ റഷ്യയും അക്രമണത്തിന് പദ്ധതിയിടുന്നതായാണ് സുചനകള്‍.
സിറിയന്‍ തലസ്ഥാന നഗരമായ ദമാസ്‌കസിലെ മിസൈലുകള്‍ ഗവേഷണ കേന്ദ്രത്തിനു നേരെയാണ് ഇസ്രയേല്‍ ബോംബിട്ടത്. ആയുധ ഗവേഷണകേന്ദ്രത്തിന് കാര്യമായ നാശനഷ്ടമുണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പതിറ്റാണ്ടുകളായി സിറിയ സൂക്ഷിച്ചിരുന്ന രാസായുധങ്ങളും മറ്റ് നിരോധിത യുദ്ധസാമഗ്രികളും മിസൈലുകളും ഞായറാഴ്ച ഡമാസ്‌കസിലെ വിമതരുടെ കൈകളില്‍ എത്തുന്നത് തടയാനാണ് ഇസ്രയേല്‍ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
പിന്നാലെ റഷ്യയും ആക്രമണത്തിനുള്ള നീക്കം ആരംഭിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് പതിറ്റാണ്ട് നീണ്ട ഭരണത്തിനൊടുവില്‍ വിമത നീക്കത്തെ തുടര്‍ന്ന് രാജ്യം വിടേണ്ടിവന്ന സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദും കുടുംബവും അഭയം തേടിയിരിക്കുന്നത് ദീര്‍ഘകാലമായി ആത്മബന്ധമുള്ള റഷ്യയിലാണ്. മാത്രമല്ല, റഷ്യന്‍ സൈനികര്‍ അസദിന്റെ സിറിയന്‍ സൈന്യവുമായി ചേര്‍ന്ന് വിമതര്‍ക്കെതിരെ സിറിയയില്‍ പോരാടി വരികയായിരുന്നു.
നവംബര്‍ 27നാണ് സര്‍ക്കാര്‍ സേനക്കെതിരെ വിമതര്‍ അപ്രതീക്ഷിത പോരാട്ടത്തിന് തുടക്കം കുറിച്ചത്. 2011ലെ സമാനമായ പ്രക്ഷോഭത്തെ അതിജീവിച്ച അസദിന് പൊടുന്നനെയുണ്ടായ എച്ച്.ടി.എസ് മുന്നേറ്റത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. മൂന്നു ദിവസത്തിനകം രാജ്യത്തെ രണ്ടാമത്തെ നഗരമായ അലപ്പോ കീഴടക്കി. കഴിഞ്ഞദിവസം രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഹിംസ് കീഴടക്കിയ ശേഷമാണ് വിമതര്‍ ഡമസ്‌കസ് ലക്ഷ്യമാക്കി നീങ്ങിയത്.
അസദ് കുടുംബത്തിന്റെ 50 വര്‍ഷത്തെ ഭരണത്തിന് വിരാമം ഇട്ടതോടെ തെരുവിലിറങ്ങി പതാകകള്‍ വീശിയും വെടിയൊച്ചകള്‍ മുഴക്കിയുമാണ് വിമതര്‍ ആഘോഷിച്ചത്. ദമസ്‌കസിലെ സെന്‍ട്രല്‍ സ്‌ക്വയറില്‍ ആഹ്ലാദഭരിതരായ വിമതര്‍ സിറിയന്‍ വിപ്ലവ പതാക വീശി. ശേഷം പ്രസിഡന്റിന്റെ കൊട്ടാരവും വസതിയും കൊള്ളയടിച്ചു. ജയില്‍വാസം അനുഭവിക്കുന്നവരെ പ്രതിപക്ഷസേന മോചിപ്പിച്ചു.
വിമതര്‍ സിറിയ പിടിച്ചടക്കിയതിന് പിന്നാലെ വിമാനത്തില്‍ രാജ്യവിട്ട അസദ് കൊല്ലപ്പെട്ടതായുള്ള അഭ്യുഗങ്ങളും പരന്നിരുന്നു. സിറിയന്‍ എയര്‍ 9218 ഇല്യൂഷിന്‍-76 വിമാനമാണ് ദമസ്‌കസില്‍ നിന്ന് അവസാനമായി പറന്നുയര്‍ന്നത്. ഈ ഫ്ളൈറ്റില്‍ അസാദ് ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രതിപക്ഷ വിമതര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം പിടിച്ചടക്കുന്നതിന് മുന്‍പാണ് ഈ വിമാനം പറന്നുയര്‍ന്നത്.
ആദ്യം കിഴക്കോട്ട് പറന്ന വിമാനം പിന്നീട് വടക്കോട്ട് തിരിഞ്ഞു. പിന്നാലെ പാശ്ചാത്യ സിറിയന്‍ നഗരമായ ഹോംസിന് മുകളില്‍ വട്ടമിട്ട് പറന്ന വിമാനത്തിന്റെ സിഗ്നലുകള്‍ നഷ്ടമായി. അപ്രത്യക്ഷമാകുന്നതിന് തൊട്ടുമുമ്പ് മിനിറ്റുകള്‍ക്കുള്ളില്‍ ജെറ്റ് 3,650 മീറ്ററില്‍ നിന്ന് 1,070 മീറ്ററിലേക്ക് കുത്തനെ താഴ്ന്നുവെന്ന് ഫ്ളൈറ്റ് റഡാര്‍ ഡാറ്റ സൂചിപ്പിക്കുന്നു. വിമാനം തകര്‍ന്നുവീഴുകയോ വെടിവച്ചിടുകയോ ചെയ്തതാകാം എന്നാണ് ഊഹാപോഹങ്ങള്‍. ഇതിനിടെയാണ് അസാദ് റഷ്യയില്‍ പറന്നിറങ്ങിയതായി സ്ഥിരീകരണം വന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിയന്ത്രണം പുതിയ ഭരണകൂടത്തിന് കൈമാറുന്നതുവരെ നിലവിലെ പ്രധാനമന്ത്രി മുഹമ്മദ് ഖാസി അല്‍ ജലാലി മേല്‍നോട്ടം വഹിക്കുമെന്ന് എച്ച്.ടി.എസ് കമാന്‍ഡര്‍ അബൂ മുഹമ്മദ് അല്‍ ജൗലാനി പറഞ്ഞു. വിമതര്‍ക്ക് ഭരണം കൈമാറാന്‍ തയാറാണെന്ന് ജലാലിയും വ്യക്തമാക്കി. 74 ശതമാനം സുന്നി മുസ്ലിംങളും 13 ശതമാനം ഷിയാകളും പത്തു ശതമാനം ക്രൈസ്തവരുമുള്ള ഒരു രാജ്യത്തിന്റെ ഭരണമാണ് ഇപ്പോള്‍ വിമതരുടെ കൈയില്‍ എത്തിയിരിക്കുന്നത്.