by webdesk1 on | 08-12-2024 12:39:03
തിരുവനന്തപുരം: പക്ഷികള്‍ കാരണം വിമാന സര്‍വീസുകള്‍ വൈകുന്നത് പതിവാണെങ്കിലും ഒരു പട്ടം വിമാന സര്‍വീസുകളെ ആകെ തളം തെറ്റിച്ച സംഭവം ഇതാദ്യമായിരിക്കും. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ആറോളം വിമാനങ്ങളുടെ പറക്കല്‍ തടസപ്പെടുത്തി ഒരു പട്ടം റണ്‍വേക്ക് മുകളിലൂടെ പറന്നത്. നിരോധിത മേഖലയില്‍ എങ്ങനെ പട്ടം വന്നുവെന്നും ആരാണ് പറത്തിവിട്ടത് എന്നതു സംബന്ധിച്ചും ആര്‍ക്കും ഒരു തിട്ടവുമില്ല.
ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ വിമാനത്താവളത്തിലെ മുട്ടത്തറ പൊന്നറ പാലത്തിനടുത്തുള്ള റണ്‍വേ 32ന്റെയും വള്ളക്കടവ് സുലൈമാന്‍ തെരുവിനും ഇടയ്ക്കുള്ള ഭാഗത്താണ് 200 അടി ഉയരത്തിലായി പട്ടം പറന്നത്. റണ്‍വേയ്ക്ക് മുകളില്‍ പട്ടം പറന്നത് കാരണം രണ്ടുമണിക്കൂറോളം വ്യോമഗതാഗതം തടസപ്പെട്ടു.
ഇതേ തുടര്‍ന്ന് ഇവിടെ ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന നാല് വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും രണ്ട് വിമാനങ്ങളുടെ യാത്ര താത്കാലികമായി നിറുത്തി വച്ച് ബേയില്‍ തുടരാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. വൈകിട്ട് 4.20ന് തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന മസ്‌കറ്റില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, അതിനുശേഷമുള്ള ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ, ഡല്‍ഹിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ, ബാംഗ്ലൂരില്‍ നിന്നെത്തിയ ഇന്‍ഡിഗോ എന്നീ വിമാനങ്ങളാണ് ഇറങ്ങാനിരുന്നത്.
റണ്‍വേയ്ക്ക് മുകളില്‍ പട്ടം കണ്ടതോടെ ഈ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാതെ ആകാശത്ത് തങ്ങുന്നതിനുള്ള ഗോ എറൗണ്ട് നിര്‍ദ്ദേശം പൈലറ്റുമാര്‍ക്ക് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് നല്‍കുകയായിരുന്നു. രാജീവ് ഗാന്ധി അക്കാഡമിയുടെ വിമാനത്തിന്റെ പരിശീലന പറക്കലും ഇതു കാരണം തടസപ്പെട്ടു. നാലരയ്ക്ക് ഹൈദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ബെംഗളൂരുവിലേയ്ക്ക് പോകാനിരുന്ന ഇന്‍ഡിഗോ എന്നീ വിമാനങ്ങളുടെ യാത്ര താത്കാലികമായി നിറുത്തിവച്ച് ബേയില്‍ നിറുത്തിയിടാനും നിര്‍ദ്ദേശം നല്‍കി.
അപകടകരമായ രീതിയില്‍ പട്ടം പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. വിമാനത്താവളത്തിലെ അഗ്‌നി രക്ഷാ സേനയും ഏപ്രണലിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് പട്ടത്തെ താഴെ ഇറക്കാനുള്ള ശ്രമം നടത്തി. പട്ടം നില്‍ക്കുന്ന ഭാഗത്തേക്ക് അഗ്‌നിരക്ഷാ വാഹനത്തില്‍ നിന്നും ഉയരത്തില്‍ വെള്ളം ചീറ്റിക്കുകയും പക്ഷികളെ തുരത്തിയോടിക്കുന്ന ബേര്‍ഡ്‌സ് സ്‌കെയേഴ്‌സ് ജീവനക്കാര്‍ പട്ടം ലക്ഷ്യമാക്കി റോക്കറ്റുകള്‍ അയച്ചുവെങ്കിലും ലക്ഷ്യം കണ്ടില്ല.
റണ്‍വേയുടെ പരിസരത്ത് പോലീസ് പരിശോധന നടത്തിയെങ്കിലും പട്ടം പറത്തിയവരെ കണ്ടെത്താനായില്ല. വിമാനത്താവളത്തിലെ ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നാണ് റണ്‍വേയ്ക്ക് മുകളില്‍ പറക്കുന്ന പട്ടത്തിന്റെ വിവരം അറിയിച്ചത്. റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങള്‍ക്ക് പട്ടവും അതിന്റെ നൂലും അപകട ഭീഷണി ആവുന്നതിനെത്തുടര്‍ന്ന് അടിയന്തര സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. വൈകിട്ട് 6.20ഓടെ പട്ടം തനിയെ റണ്‍വേയിലേക്ക് പതിച്ച തുടര്‍ന്ന് സുരക്ഷ ഉറപ്പാക്കിയതിന് ശേഷമാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്.
വിമാനത്താവളത്തിന് 5 കിലോമീറ്റര്‍ ചുറ്റളവില്‍ ബലൂണുകളും പട്ടങ്ങളും പറത്തുന്നതും ലേസര്‍ ലൈറ്റുകള്‍ വിമാനം ഇറങ്ങുന്ന ദിശയില്‍ അടിക്കുന്നതിനും വിലക്കുളളതാണ്. ഉയരത്തില്‍ കരിമരുന്നു പ്രയോഗം നടത്തുന്നതിനും നിരോധനമുണ്ട്. ഈ നിര്‍ദേശങ്ങള്‍ മറികടന്നാണ് കഴിഞ്ഞ ദിവസം റണ്‍വേയ്ക്ക് മുകളിലായി പട്ടം കണ്ടത്. എന്നാല്‍ പട്ടം പറത്തിയ ആളെ കണ്ടെത്താനായിട്ടില്ല.