by webdesk1 on | 08-12-2024 09:21:17
തൃശൂര്‍: രണ്ട് വര്‍ഷക്കാലത്തെ പ്രണയത്തിനൊടുവില്‍ നടനും താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂരില്‍വെച്ചാണ് കാളിദാസ് സുഹൃത്തും മോഡലുമായ താരിണി കലിംഗരായര്‍ക്ക് താലി ചാര്‍ത്തിയത്. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും കുടുംബവും ചടങ്ങിനെത്തിയിരുന്നു.
വിവാഹത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചെന്നൈയില്‍ പ്രീ വെഡ്ഡിങ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. കാളിദാസിന്റെ വിവാഹം എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്‌നമാണെന്ന് ചടങ്ങില്‍വച്ച് ജയറാം പറഞ്ഞു. ഷൂട്ടിങ്ങിനൊക്കെ പോകുമ്പോള്‍ കലിംഗരായര്‍ ഫാമിലിയെ കുറിച്ച് നിരവധി കേട്ടിട്ടുണ്ട്. ആ വലിയ കുടുംബത്തില്‍ നിന്നും എന്റെ വീട്ടിലേക്ക് മരുമകളായി താരിണി വന്നതില്‍ ദൈവത്തിന്റെ പുണ്യമാണെന്നും ജയറാം പറഞ്ഞു.
ജയറാമിന്റെ ഇഴയ മകള്‍ മാളവികയുടെ വിവാഹവും ഈ വര്‍ഷം നടന്നിരുന്നു. ലണ്ടനില്‍ ജോലി ചെയ്യുന്ന നവനീത് ഗിരീഷ് ആയിരുന്നു വരന്‍. കഴിഞ്ഞ വര്‍ഷമാണ് തരിണിയുമായുള്ള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് ജയറാം വെളിപ്പെടുത്തിയത്. 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി നീലഗിരി സ്വദേശിയാണ്. വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്.