by webdesk1 on | 08-12-2024 08:51:53
പത്തനംതിട്ട: ദൈവത്തിന് മുന്നില്‍ വലിയവനെന്നോ ചെറിയവനെന്നോ ഉണ്ടോ. പ്രശസ്തനായാലും അല്ലെങ്കിലും അയ്യപ്പന് എല്ലാവരും തുല്യരല്ലേ. ഹൈക്കോടതിക്ക് പോലും ഇക്കാര്യത്തില്‍ ബോധ്യമുണ്ട്. എന്നാല്‍ ശബരിമലയിലെ ചിലപ്രമാണിമാര്‍ക്ക് ഇതറിയില്ലെന്ന് തോന്നിക്കുന്നതാണ് അവരുടെ ചില പ്രവര്‍ത്തികള്‍.
കഴിഞ്ഞ ദിവസം നടന്‍ ദിലീപിന് വി.ഐ.പി പരിഗണനയോടെ ദര്‍ശനത്തിന് അവസരം ഒരുക്കിയതാണ് ഹൈക്കോടതിയുടെ വരെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങാന്‍ ഇടയായ സംഭവം. ഹരിവരാസം പാടി നട അടയ്ക്കുന്ന അത്രയും സമയം മറ്റ് ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരം നല്‍കാതെ ദിലീപിനും സംഘത്തിനും തൊഴാന്‍ അവസരം നല്‍കി. ഇതിനെതിരെയാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം വടിയെടുത്തത്. ശബരിമലയില്‍ എല്ലാ ഭക്തരും തുല്യരാണെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുത് എന്നും ഹൈക്കോടതി താക്കീതും ചെയ്തു.
ഇതോടെ ദേവസ്വം ബോര്‍ഡിനും കണ്ണുതുറന്നു. ദിലീപിന്റെ വി.ഐ.പി ദര്‍ശനവുമായി ബന്ധപ്പെട്ട് നാല് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ഉത്തരവിട്ടിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, രണ്ട് ഗാര്‍ഡുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നകുന്നത്. നാലുപേരോട് വിശദീകരണം തേടിയ ശേഷം വിഷയത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
പോലീസ് അകമ്പടിയോടെയാണ് ദിലീപ് സന്നിധാനത്ത് വന്നത്. ഇത് എങ്ങനെ സാധ്യമായി എന്ന് കോടതി ചോദിച്ചിരുന്നു. ഇത് സംബന്ധിച്ച് ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് ഇന്നലെ ദേവസ്വം ബോര്‍ഡ് മറുപടി നല്‍കിയിരുന്നു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വിശദമായ റിപ്പോര്‍ട്ട് ബോര്‍ഡിന് കൈമാറിയിട്ടുണ്ട്. വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം നല്‍കാനും കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പത്ത് മിനിറ്റിലേറെ ശ്രീകോവിലിന് മുന്‍പില്‍ നിന്ന് ദര്‍ശനം നടത്തിയ ദിലീപ് മറ്റ് ഭക്തരുടെ ദര്‍ശനത്തിനും ക്യൂ നീങ്ങുന്നതിനും തടസമുണ്ടാക്കിയെന്നായിരുന്നു കോടതി നിരീക്ഷണം. നട അടയ്ക്കുന്നതിന് തൊട്ടുമുന്‍പ് പരമാവധി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനാണ് ശ്രമിക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഹരിവരാസനം സമയത്ത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ദര്‍ശനത്തിന് മതിയായ സൗകര്യം ലഭിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന് കോടതി നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്.